ഫൈനല്‍ ഉറപ്പിക്കാന്‍ ചിലി, എതിരാളി കൊളംബിയ

Tuesday 21 June 2016 9:20 pm IST

ചിക്കാഗോ: തുടരെ രണ്ടാം കിരീടമെന്ന നേട്ടത്തിന് നിലവിലെ ജേതാക്കള്‍ ചിലിക്ക് കൊളംബിയ വിലങ്ങുതടിയാകുമോ? ചിലിയുടെ മുന്നേറ്റത്തിനു വിത്തുപാകുന്ന സൂപ്പര്‍ താരം അര്‍ടൂറോ വിദാലിന്റെ അഭാവത്തില്‍ ജയിംസ് റോഡ്രിഗസിന്റെ കൊളംബിയ ചാമ്പ്യന്മാരുടെ കണ്ണീര്‍ വീഴ്ത്തുമോ? കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് ഇരു ടീമുകളും മുഖാമുഖമെത്തുമ്പോള്‍ കാത്തിരിക്കുന്നു ചരിത്രത്തിന്റെ പിറവിക്കായി. പതുങ്ങിയ തുടക്കത്തിനൊടുവില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മിന്നും ഫോമിലെത്തി ചിലി. മെക്‌സിക്കോയെ ഏഴു ഗോളുകള്‍ക്കു മുക്കിയതിന്റെ ആവേശമുണ്ടെങ്കിലും രണ്ട് മഞ്ഞക്കാര്‍ഡുകള്‍ വിദാലിന്റെ വഴിമുടക്കിയതോടെ ചെറിയൊരു ആശങ്കയുണ്ട് ചാമ്പ്യന്മാര്‍ക്ക്. മെക്‌സിക്കോയ്‌ക്കെതിരെ നാല് ഗോളുകള്‍ നേടിയ എഡ്വേര്‍ഡോ വര്‍ഗാസിന്റെ തകര്‍പ്പന്‍ ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു ചാമ്പ്യന്മാര്‍. ആറ് ഗോളുകളുമായി ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററാണ് വര്‍ഗാസ്. താരത്തിനു തുണയായി മുന്നേറ്റത്തില്‍ അലക്‌സി സാഞ്ചസും എഡ്‌സണ്‍ പുച്ചുമുണ്ട്. മധ്യനിരയ്ക്കും ആശങ്കകള്‍ക്കടിസ്ഥാനമില്ല. വിദാലിന്റെ അഭാവത്തില്‍ മൈതാനമധ്യത്തില്‍ മേയാന്‍ പാബ്ലോ ഹെര്‍ണാണ്ടസ്, ചാള്‍സ് അരാന്‍ഗ്വിസ്, മാഴ്‌സലോ ഡയസ് എന്നിവരുണ്ട്. വിദാലിനു പകരമായി ഫ്രാന്‍സിസ്‌കോ സില്‍വയുമെത്തും. വൈസ് ക്യാപ്റ്റന്‍ ഗാരി മെഡല്‍, ഗൊണ്‍സാലോ യാറ, മൗറീഷ്യോ ഇസ്‌ല, ജീന്‍ ബ്യുസേജര്‍ എന്നിവര്‍ പ്രതിരോധക്കോട്ട കെട്ടും. ഗോള്‍വലക്ക് മുന്നില്‍ ചോരാത്ത കൈകളുമായി ക്ലോഡിയോ ബ്രാവോയും അണിനിരക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയോട് തോറ്റെങ്കിലും, പനാമയെയും ബൊളീവിയയെയും തകര്‍ത്താണ് ചിലി ക്വാര്‍ട്ടറിലെത്തിയത്. ചിലിയന്‍ ഫുട്‌ബോളിന്റെ യഥാര്‍ത്ഥ കരുത്ത് പ്രകടമായത് മെക്‌സിക്കോക്കെതിരായ ക്വാര്‍ട്ടറില്‍. ഉറുഗ്വെയെ പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മെക്‌സിക്കോ ക്വാര്‍ട്ടറിലെത്തിയത്. കരുത്തുറ്റ മധ്യ-മുന്നേറ്റ നിരകളുള്ള ചിലിയെ തടഞ്ഞുനിര്‍ത്തുകയെന്നതു തന്നെ കൊളംബിയന്‍ പ്രതിരോധത്തിനു മുന്നിലെ കനത്ത വെല്ലുവിളി. എന്നാല്‍, അവര്‍ക്കും മികച്ച താരങ്ങളുണ്ട്. ടൂര്‍ണമെന്റില്‍ രണ്ട് ഗോള്‍ നേടിയ സൂപ്പര്‍താരം ജയിംസ് റോഡ്രിഗസിന്റെ കാലുകളില്‍ അവരുടെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയെയും പരാഗെ്വയും കീഴടക്കിയെങ്കിലും അവസാന മത്സരത്തില്‍ കോസ്റ്ററിക്കയോട് അപ്രതീക്ഷിത തോല്‍വി. മുന്‍നിരക്കാരെ പുറത്തിയിരുത്തിയുള്ള പരീക്ഷണം പാളി. ഇതോടെ അമേരിക്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായയി ക്വാര്‍ട്ടറില്‍. അവിടെ പെറുവിന്റെ വെല്ലുവിളി മറികടക്കാന്‍ ഷൂട്ടൗട്ടിന്റെ സഹായം വേണ്ടിവന്നു. ഗോളി ഡേവിഡ് ഓസ്പിനയുടെ മികച്ച പ്രകടനമാണ് കൊളംബിയയെ അവസാന നാലിലൊരു ടീമാക്കിയത്. കാര്‍ലോസ് ബക്കയാണ് ടീമിലെ മുഖ്യ സ്‌ട്രൈക്കറെങ്കിലും ഒരു ഗോള്‍ നേടാനേ താരത്തിനായുള്ളു. ബക്കയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലി കൊളംബിയ നാളെയും പരീക്ഷിക്കും. ബക്കയ്ക്ക് തൊട്ടുപിന്നില്‍ ക്വാഡ്രാഡോ, റോഡ്രിഗസ്, കാര്‍ഡോണ എന്നിവരുണ്ടാകും. ഡാനിയേല്‍ ടോറസും കാര്‍ലോസ് സാഞ്ചസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരാകും. ക്രിസ്റ്റ്യന്‍ സപാട്ട, സാന്റിയാഗോ അരിയാസ്, ജെയ്‌സണ്‍ മുറില്ലോ, ഫാരിദ് ഡയസ് എന്നിവര്‍ പ്രതിരോധത്തില്‍. 2001-ല്‍ ജേതാക്കളായ കൊളംബിയ ഇക്കുറി ലക്ഷ്യംവെക്കുന്നത് 15 വര്‍ഷത്തിനുശേഷം കിരീടം തിരിച്ചെടുക്കാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.