ബെംഗളുരു: മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലി കര്‍ണ്ണാടക സര്‍ക്കാരിലും കോണ്‍ഗ്രസിലും വന്‍ പൊട്ടിത്തെറി. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന പുനഃസംഘടനയില്‍ പ്രമുഖ നേതാവും മുന്‍ചലച്ചിത്ര താരവുമായ അംബരീഷ് അടക്കം 14 പേര്‍ക്കാണ് മന്ത്രി സ്ഥാനം പോയത്.
അംബരീഷ് എംഎല്‍എ സ്ഥാനം തന്നെ രാജിവച്ചുകഴിഞ്ഞു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ രാജി സ്വീകരിച്ചിട്ടില്ല. സമാധാനിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍.
തോന്നുമ്പോള്‍ വലിച്ചെറിയാന്‍ താന്‍ ചെരുപ്പല്ലെന്നാണ് കന്നഡ സൂപ്പര്‍ താരവും പാര്‍പ്പിട മന്ത്രിയുമായിരുന്ന അംബരീഷിന്റെ പ്രതികരണം.
കാര്യക്ഷമതയില്ലെന്ന പേരിലാണ് അംബരീഷ് ഉള്‍പ്പെടെ 14 മന്ത്രിമാരെ കോണ്‍ഗ്രസ് നേതാവുകൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ സഭയില്‍ നിന്ന് മാറ്റിയത്. ഇക്കാര്യം മുഖ്യമന്ത്രി മുമ്പേ അറിയിച്ചില്ലെന്നും തനിക്ക് തന്റേതായ ജനപ്രീതിയുണ്ടെന്നുമാണ് അംബരീഷിന്റെ പ്രതികരണം. അംബരീഷിനെക്കൂടാതെ വി. ശ്രീനിവാസ് പ്രസാദ്, ശിവരാജ് തന്ഗാഡാഗി തുടങ്ങിയവരാണ് മന്ത്രിസഭയില്‍ സ്ഥാനം നഷ്ടപ്പെട്ട മറ്റു പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: