ക്വാറി: പാരിസ്ഥിതികാനുമതി നിഷ്‌കര്‍ഷിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമില്ല-ഹൈക്കോടതി

Tuesday 21 June 2016 9:52 pm IST

കൊച്ചി: ക്വാറി ലൈസന്‍സിന് പാരിസ്ഥിതികാനുമതി നിഷ്‌കര്‍ഷിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പാരിസ്ഥിതികാനുമതിയടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ജിയോളജി വകുപ്പിനാണ് അധികാരമെന്നും ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍. ബി രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു. കൊല്ലം നഗരൂര്‍ പഞ്ചായത്ത് ക്വാറികളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പാരിസ്ഥിതികാനുമതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെതിരെ വിജയകുമാര്‍, സലിം, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഇവരുടെ അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കാന്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നഗരൂര്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് പഞ്ചായത്തുകള്‍ക്ക് ഇത്തരത്തില്‍ അധികാരമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ക്വാറി പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കുമ്പോള്‍ പഞ്ചായത്തിരാജ് നിയമപ്രകാരമുള്ള നടപടികളേ പഞ്ചായത്തിന് സ്വീകരിക്കാനാവൂ. ക്വാറി ലൈസന്‍സിനുള്ള അപേക്ഷകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്. ക്വാറികളുടെ ലൈസന്‍സ് പുതുക്കുന്ന അപേക്ഷകളില്‍ പാരിസ്ഥിതികാനുമതി വേണമെന്ന് പഞ്ചായത്തിനോ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ നിഷ്‌കര്‍ഷിക്കാനാവില്ലെന്നും ക്വാറി പെര്‍മിറ്റ് അനുവദിക്കുന്ന ഘട്ടത്തില്‍ ജിയോളജിസ്റ്റാണ് ഇതു നോക്കേണ്ടതെന്നും ക്വാറിയുടമകളുടെ അഭിഭാഷകര്‍ വാദിച്ചു. ഇതു ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. പഞ്ചായത്തിരാജ് നിയമപ്രകാരം പ്രവര്‍ത്തിക്കാനാണ് പഞ്ചായത്തുകള്‍ക്ക് അധികാരമള്ളതെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയതാണ്. ലൈസന്‍സിനുള്ള ഡി ആന്‍ഡ് എല്‍ ഒ അപേക്ഷയില്‍ പാരിസ്ഥിതികാനുമതി പഞ്ചായത്തിന് നിഷ്‌കര്‍ഷിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. സിംഗിള്‍ബെഞ്ചിന്റെ ഈ ഉത്തരവ് നിയമവിരുദ്ധമായി തോന്നുന്നില്ല. പഞ്ചായത്തിരാജ് നിയമത്തിലെ 233, 234,235 സെക്ഷനുകളും ഡി. ആന്‍ഡ് എല്‍.ഒ റൂളിലെ വ്യവസ്ഥകളും സ്വതന്ത്രമായി നിലനില്‍ക്കുന്നതാണ്. ഏതെങ്കിലും കോടതി നിര്‍ദ്ദേശങ്ങള്‍ക്കോ വ്യവസ്ഥകള്‍ക്കോ ഇതു വിധേയമല്ലെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.