അഞ്ചുലക്ഷം ഏക്കര്‍ അനധികൃത തോട്ടഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ ശുപാര്‍ശ

Tuesday 21 June 2016 10:12 pm IST

തിരുവനന്തപുരം: കേരളത്തിലെ അഞ്ചുലക്ഷം ഏക്കര്‍ അനധികൃത തോട്ടഭൂമി എറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കി. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ പുതിയ ഭൂനയം രൂപീകരിക്കണം, ഏറ്റെടുക്കുന്ന തോട്ടഭൂമികള്‍ ഭൂരഹിതര്‍ക്ക് ലഭ്യമാക്കണം സ്‌പെഷ്യല്‍ ഓഫീസറും എറണാകുളം ജില്ലാ കളക്ടറുമായ എം.ജി.രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നൂറ്റി ഒന്‍പത് പേജുള്ള റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച തോട്ടങ്ങള്‍ എങ്ങനെയൊക്കെ നിയമം മറികടന്ന് സ്വകാര്യ വ്യക്തികളും കമ്പനികളും സ്വന്തമാക്കിയെന്ന് അക്കമിട്ടുനിരത്തുന്നു. ഇന്‍ഡിപെന്‍ഡക്‌സ്ആക്ട് 1947, ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട്‌സ് 1947, 1973, ഇന്ത്യന്‍ കമ്പനീസ് ആക്ട് 1956, കേരള ഭൂപരിഷ്‌കരണ നിയമം 1963 എന്നിവ ലംഘിച്ച് അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയാണ് അനധികൃതമായി സ്വകാര്യ ഭൂമാഫിയ കൈവശം വച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷുകാരുടെ, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ രജിസ്‌ട്രേഷന്‍ തദ്ദേശീയരുടെ പേരില്‍ കൃത്രിമമായി മാറ്റിയാണ് പല കൈയേറ്റങ്ങളും. ഇവയില്‍ സിംഹഭാഗവും 200 ഓളം വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ മാത്രമാണ്. കണ്ണന്‍ ദേവന്‍ ഹില്‍സ് ഭൂമി ഏറ്റെടുക്കല്‍ നിയമം 1971 ന്റെ മാതൃകയില്‍ നിയമമുണ്ടാക്കി അനധികൃത തോട്ടഭൂമികള്‍ മുഴുവന്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. റിപ്പോര്‍ട്ടില്‍ പറയുന്നു. തോട്ടങ്ങളിലെ വാസയോഗ്യമായ സ്ഥലം ഭൂരഹിതര്‍ക്കും ബാക്കി വിവിധ പദ്ധതികള്‍ക്കും വിനിയോഗിക്കണം. അവശേഷിക്കുന്നവ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാം. തോട്ടം തൊഴിലാളികളുടെ വേതനം, ജോലി സമയം, വിദ്യാഭ്യാസം, ആരോഗ്യം, താമസം, യാത്രാസൗകര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരം നല്‍കണം. 2013 ല്‍ മലയാളം പ്ലാന്റേഷന്റെ അനധികൃത കൈയേറ്റങ്ങള്‍ പരിശോധിച്ച് ഭൂമി ഏറ്റെടുക്കാനാണ് സ്‌പെഷ്യല്‍ ഓഫീസറായി എം.ജി.രാജമാണിക്യത്തെ നിയോഗിച്ചത്. ഹാരിസണ്‍ കൈവശം വച്ചിരുന്ന 40,000 ഏക്കര്‍ ഭൂമി സ്‌പെഷ്യല്‍ ഓഫീസര്‍ ഏറ്റെടുക്കുകയും ചെയ്തു. ഏറ്റെടുക്കല്‍ ശരിവച്ച ഹൈക്കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരിക്കുകയായിരുന്നു. ട്രാവന്‍കൂര്‍ റബര്‍ ടീ എസ്റ്റേറ്റ് വഴിയടച്ചതുമായി ബന്ധപ്പെട്ട് പരാതിയില്‍ ഐജി എസ്.ശ്രീജിത്തിനോട് അന്വേഷിച്ചിരുന്നു.അന്വേഷണത്തില്‍ ഭൂമി തട്ടിപ്പും കണ്ടെത്തി. തുടര്‍ന്നാണ് തോട്ടഭൂമികളെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്.ഐജി നല്‍കിയ റിപ്പോര്‍ട്ടിലാണ് അഞ്ച് ലക്ഷത്തോളം ഏക്കര്‍ അനധികൃത ഭൂമിയുണ്ടെന്ന് കണ്ടെത്തിയത്. ടാറ്റ, ഹാരിസണ്‍, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി, ബോയ്‌സ്, ഹാരിസണ്‍, പീരുമേട്, വുഡ്‌ലാന്റ്, ഹോപ്പ് പ്ലാന്റേഷന്‍, കേരള എസ്റ്റേറ്റ്, നെല്ലിയാമ്പതി, കരുണ, കേരള എസ്റ്റേറ്റ്, കൊച്ചി മലബാര്‍ ടീ എസ്റ്റേറ്റ്, ഹെയ്‌ലി ബ്യൂറിയ, ബ്രൈമൂര്‍, ജൂണ്‍ഡ് കൊല്ലി എന്നിങ്ങനെ 700 ലധികം അനധികൃത തോട്ടം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വന്‍കിട ഭൂമാഫിയയോട് ഏറ്റുമുട്ടലിന് സര്‍ക്കാര്‍ തയ്യാറാവുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.