അംഗണവാടി ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവില്‍ മാത്രം

Tuesday 21 June 2016 10:24 pm IST

കോഴിക്കോട്: വര്‍ദ്ധിപ്പിച്ച ഓണറേറിയം ലഭിക്കാതെ അംഗണവാടി ജീവനക്കാര്‍. ഓണറേറിയം ആരു നല്‍കണമെന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കമാണ് കാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് അംഗണവാടി വര്‍ക്കറുടെ ഓണറേറിയം 6600 രൂപയില്‍ നിന്ന് 10,000 രൂപയായും ഹെല്‍പ്പറുടേത് 4100 രൂപയില്‍ നിന്ന് 7000 രൂപയായും വര്‍ദ്ധിപ്പിച്ച് സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 2016 ഫെബ്രുവരി 25 നായിരുന്നു ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിട്ടത്. വര്‍ദ്ധിപ്പിച്ച ഓണറേറിയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണമെന്ന നിബന്ധനയാണ് അംഗണവാടി ജീവനക്കാര്‍ക്ക് വിനയായത്. ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വര്‍ദ്ധിപ്പിച്ച വേതനം നല്‍കാനാവില്ലെന്ന നിലപാടിലാണ്. ചില സ്ഥാപനങ്ങള്‍ നിലപാട് രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. തനത് ഫണ്ടില്‍ നിന്നോ അല്ലെങ്കില്‍ അംഗീകാരത്തോടെ പ്ലാന്‍ഫണ്ടില്‍ നിന്നോ കൂട്ടിയ വേതനം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ തനത് ഫണ്ടില്‍ തന്നെ മതിയായ തുകയില്ലാത്ത സാഹചര്യത്തില്‍ ഈ അധിക ബാദ്ധ്യത കൂടി ഏറ്റെടുക്കാനാവില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള തുക ശമ്പളം നല്‍കാനായി മാറ്റിവെച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കണമെങ്കില്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പദ്ധതി തയ്യാറാക്കി അംഗീകാരം വാങ്ങിയതിനു ശേഷം ഡിപിസി യുടെ അംഗീകാരം കൂടി വാങ്ങിയതിനു ശേഷം മാത്രമേ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക മാറ്റാനാവൂ. സംസ്ഥാനത്ത് 33000 ത്തോളം അംഗണവാടികളാണുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രം 543 അംഗണവാടികളുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക ഓണറേറിയം നല്‍കണമെങ്കില്‍ കോര്‍പ്പറേഷനിലേക്ക് 2016-17 വര്‍ഷത്തിലേക്ക് മാത്രം 4,75,66,800 രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നല്‍കാനാവില്ലെന്നും ഈ പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. പാലക്കാട് നഗരസഭയില്‍ 72 അംഗണവാടികളാണ് പ്രവര്‍ത്തിക്കുന്നതെന്നും തനത് ഫണ്ടും പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് വേതനം നല്‍കാനാവില്ലെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. വര്‍ഷത്തില്‍ കാല്‍ കോടിയോളം രൂപ ഇതിന് മാറ്റിവെക്കേണ്ടി വരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ദ്ധിപ്പിച്ച ഓണറേറിയം എന്ന് ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനായി ധൃതി പിടിച്ച് പുറത്തിറക്കിയ പ്രഖ്യാപനത്തിലൂടെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അംഗനവാടി ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു. എന്നാല്‍ അധികാരമേറ്റെടുത്ത് ഏതാണ്ട് ഒരു മാസമായിട്ടും ഈ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ഇടതു സര്‍ക്കാരിനുമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.