തലശ്ശേരി: വനിതാ ജില്ലാ സെഷന്‍സ് ജഡ്ജിയെ അപമാനിച്ച് ഓട്ടോറിക്ഷയില്‍ നിന്നും പാതിവഴിയില്‍ ഇറക്കിവിട്ട ഓട്ടോ ഡ്രൈവറെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടും കുഴിയുമുള്ള റോഡിലൂടെ അമിത വേഗതയില്‍ ഓട്ടോ ഓടിച്ചു പോവുന്നതിനെ ചോദ്യം ചെയ്തതിനാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് (ഒന്ന്) ശ്രീകലാ സുരേഷിനെയും ഭര്‍ത്താവിനെയും ഓട്ടോയില്‍ നിന്നും പാതിവഴിയില്‍ ഇറക്കിവിട്ടത്. പൊന്ന്യം നായനാര്‍ റോഡിലെ റിയാസ് മന്‍സിലില്‍ വി.അശ്രഫിനെ (26)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 11മണിയോടെ താമസസ്ഥലമായ കുയ്യാലിയിലെ എം.സി.എന്ക്ലൈവിലേക്ക് യാത്രചെയ്യവേയാണ് കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ ശ്രദ്ധിച്ച് ഓടിക്കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത്. ഇത് ഉള്‍ക്കൊള്ളുന്നതിന് പകരം യാത്രക്കാരായ ജഡ്ജിയെയും ഭര്‍ത്താവിനെയും ഡ്രൈവര്‍ ഓട്ടോയില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് കെഎല്‍ 58 എ 663 ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഐപിസി 279, 341, 506 (1) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: