യോഗയില്‍ സമര്‍പ്പിതരായി പതിനായിരങ്ങള്‍

Wednesday 22 June 2016 11:21 am IST

കൊല്ലം: മനസും ശരീരവും യോഗയില്‍ സമര്‍പ്പിച്ച് ജില്ലയില്‍ ആരോഗ്യനിര്‍വൃതി നേടിയത് പതിനായിരങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇച്ഛാശക്തിയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ലോകമൊട്ടാകെ യോഗാദിനം ആചരിച്ചപ്പോള്‍ കടുത്ത എതിരാളികള്‍ പോലും ആ വഴിക്ക് വരാന്‍ നിര്‍ബന്ധിതരായി. അഭിമാനബോധത്തോടെ അനേകായിരങ്ങള്‍ ഋഷിപ്രോക്തമായ യോഗാസനത്തില്‍ മുഴുകിയപ്പോള്‍ കൊല്ലം ബീച്ചില്‍ സിപിഎം മതേതര യോഗ എന്ന അപഹാസ്യതക്കാണ് ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. യോഗയുടെ നന്മകള്‍ക്ക് അപ്പുറം എപ്പോഴത്തെയും പോലെ മതവും ജാതിയും വിളമ്പുന്നതിലായിരുന്നു പ്രസംഗത്തിലുടനീളം അദ്ദേഹത്തിന്റെ ശ്രദ്ധ. വിപുലമായ ക്രമീകരണങ്ങളാണ് ഓരോ സ്ഥലത്തും യോഗാദിനഭാഗമായി ജില്ലയില്‍ ഒരുക്കിയത്. മാമൂട്ടില്‍ കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് ആര്‍.രാധാകൃഷ്ണപൈ യോഗദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും യോഗ പ്രദര്‍ശനം നടന്നു. പേരൂര്‍ അമൃതവിദ്യാലയത്തില്‍ നടന്ന യോഗാദിനാഘോഷം കൊല്ലം ക്രൈംബ്രാഞ്ച് എസിപി ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികളോട് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ബ്രഹ്മചാരി മുരളി കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി. മാതാ അമൃതാനന്ദമയീമഠം കൊല്ലം ശാഖ സെക്രട്ടറി അഷ്ടമുടി ബിജുവും പങ്കെടുത്തു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കൊല്ലം എക്‌സൈസ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗ ക്ലാസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ വി. ആര്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.പി.ആന്‍ഡ്രൂസിന്റെ അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യ നാഷണല്‍ ട്രെയിനറും റിസര്‍ച്ച് അക്കാദമി ഫോര്‍ ക്രിയേറ്റീവ് എക്‌സലന്‍സ് ചെയര്‍മാനുമായ എം.സി. രാജിലന്‍ ക്ലാസെടുത്തു. പരിപാടിയില്‍ കൊല്ലം എക്‌സൈസ് കോംപ്ലക്‌സിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.വിനോജ് നന്ദി പറഞ്ഞു പുനലൂര്‍: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുനലൂരിലും യോഗ പ്രദര്‍ശനം നടന്നു. പുനലൂര്‍ തൂക്കുപാലത്തില്‍ നടന്ന യോഗപ്രദര്‍ശനവും പരിശീലനവും നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്‍ നഗരസഭ പ്രകൃതിചികിത്സാകേന്ദ്രം സീനിയര്‍മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹരികുമാര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ കിഴക്കന്‍മേഖലയില്‍ വിവിധ സംഘടനകളുടെ യോഗാപ്രദര്‍ശനവും ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. രാവിലെ 7ന് ആരംഭിച്ച യോഗപരിശീലനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സ്‌കൂളുകളിലും യോഗപരീശിലന പരിപാടികള്‍ നടന്നു. പുനലൂര്‍: ബിജെപി പുനലൂര്‍ വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗദിനമാചരിച്ചു. രാവിലെ എട്ടിന് പരവട്ടത്ത് ആരംഭിച്ച യോഗാപരിശീലന പരിപാടി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തുളസീധരന്‍പിള്ള, വെസ്റ്റ് ഏരിയാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പരവട്ടം, അനീഷ് അഷ്ടമംഗലം, രാജേന്ദ്രബാബു, സുജിത് എന്നിവര്‍ നേതൃത്വം നല്‍കി. കരുനാഗപ്പള്ളി: പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന സൂപ്പര്‍ബ്രെയിന്‍ യോഗ പരിശീലിച്ച് കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യോഗാ ദിനം ആചരിച്ചു. ബുദ്ധിവികാസത്തിനും ഊര്‍ജസ്വലതക്കും ഈ യോഗ ഏറെ പ്രയോജനപ്രദമെന്ന കണ്ടെത്തലാണ് വിദേശരാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും ഈ യോഗ പരിശീലിപ്പിച്ചു വരുന്നത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും പരിപാടിയില്‍ പങ്കെടുത്തു. കൊട്ടാരക്കര: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധി ച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ യോഗപരിശീലനവും പ്രദര്‍ശനവും ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ദിവകരാന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യഭാരതിയുടെയും രാഷ്ട്രീയസ്വയംസേവസംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ആരോഗ്യഭാരതി പ്രാന്തീയസംഘടന കാര്യദര്‍ശി സജീവ് യോഗാശിക്ഷണം നല്‍കി. കൊട്ടാരക്കര താലൂക്കിന്റെ എല്ലാ മണ്ഡലങ്ങളിലും, കോളേജുകളിലും സ്‌കൂളുകളിലും യോഗ പരിശീലനവും പ്രദര്‍ശനവും നടന്നു കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യോഗപരിശീലനവും ക്ലാസും സംഘടിപ്പിച്ചു. എസ്.കെ.വി യു.പി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ സഹകരണത്തോടെ നടന്ന ബോധവല്‍ക്കരണ പരിപാടി കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത്മിഷ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.വത്സല, ജെ.ആര്‍.സി കണ്‍വീനര്‍ മുഹമ്മദ് സലീംഖാന്‍, സ്മിജിന്‍ദത്ത് എന്നിവര്‍ സംസാരിച്ചു. ജോണ്‍ എഫ്.കെന്നഡി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന യോഗപരിശീലന പരിപാടി യോഗാചാര്യന്‍ വിജയകൃഷ്ണന്‍ പട്ടാഴി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ മായാ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുമന്‍ജിത്ത്മിഷ മുഖ്യപ്രഭാഷണം നടത്തി. എം.പി.ഫിലിപ്പ്, സ്മിജിന്‍ദത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗപരിശീലനം നടന്നു. സ്‌കൂളിലെ ഇരുന്നൂറ് വിദ്യാര്‍ത്ഥികള്‍ യോഗപരിശീലനത്തില്‍ പങ്കെടുത്തു. കുന്നത്തൂര്‍: ലോക യോഗാദിനത്തിന്റെ ഭാഗമായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും ശാസ്താംകോട്ട, കിഴക്കേകല്ലട, പടിഞ്ഞാറെ കല്ലട, പോരുവഴി, പവിത്രേശ്വരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയൂര്‍വേദ ഹോമിയോ ആശുപത്രികളുടെയും ഭരണിക്കാവ് വൈദ്യധര്‍മ്മാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗാദിനാചരണം നടന്നു. ഭരണിക്കാവ് വൈദ്യധര്‍മ്മ യോഗ ഹാളില്‍ നടന്ന ചടങ്ങ് അഡ്വ.സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യ അതിഥിയായിരുന്നു. ഭാസുരേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന, എം.വി.താരാഭായി, ഡോ.മിനി, ഡോ.സബിത, തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. എന്‍. അജിത് സ്വാഗതവും ഡോ.ജി.പ്രീതിനാഥ് നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി: ബിജെപി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം നിയോജകമണ്ഡലം പ്രസിഡന്റ് എ.വിജയന്‍ നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാലുമേല്‍ സുരേഷ്, ജില്ലാ സെക്രട്ടറി ലതാമോഹന്‍, ജില്ലാ ട്രഷറര്‍ അനില്‍വാഴപ്പള്ളി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി.രാജു, ജനറല്‍ സെക്രട്ടറി അനൂപ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഞ്ജലി ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി രാജി രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.