ജെഎന്‍യു ലൈബ്രറിക്ക് അംബേദ്ക്കറിന്റെ പേര്

Wednesday 22 June 2016 12:47 pm IST

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ലൈബ്രറിക്ക് ഇനി ബി ആര്‍ അംബേദ്ക്കറിന്റെ പേര്. ഭരണഘടനയുടെ പിതാവിന്റെ പേര് ലൈബ്രറിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ലൈബ്രറി കമ്മിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഏകകണ്‌ഠേന തീരുമാനമെടുക്കുകയുമായിരുന്നു. ലൈബ്രറിക്ക് അംബേദ്ക്കറുടെ നാമദേയം നല്‍കുന്നതിന് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും ശുപാര്‍ശ ചെയ്തിരുന്നു. വിഷയം സൂചിപ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും മാനവശേഷി മന്ത്രാലയത്തിനും എബിവിപി കത്ത് എഴുതുകയും ചെയ്തിരുന്നു. ക്യാമ്പസിലെ ഇടത് സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് എബിവിപി നടത്തിയ പ്രതിഷേധവും വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിന് വേഗത കൂട്ടി. ലൈബ്രറിക്ക് അംബേദ്ക്കറുടെ പേരിടുന്നതിനെതിരെ ഇടത് സംഘടനകള്‍ നേരത്തെ തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. നേരത്തെ ജെഎന്‍യുവിലെ സമ്മേളന വേദിക്ക് അബ്ദുള്‍ കലാമിന്റേയും സ്റ്റേഡിയത്തിന് സ്വാതന്ത്ര്യസമര സേനാനി ബിര്‍സ മുണ്ടയുടെയും പേര് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.