ക്രിമിനല്‍ കേസില്‍ പ്രതിയായ സിപിഎമ്മുകാരനെ സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി

Wednesday 22 June 2016 5:54 pm IST

പേരാമ്പ്ര: ക്രിമിനല്‍ കേസ് പ്രതിയായ സിപിഎമ്മുകാരനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി. ആശുപത്രിയില്‍ ചികിത്സിക്കാനെന്ന പേരുംപറഞ്ഞാണ് സിപിഎമ്മുകാര്‍ നിയമം കയ്യിലെടുത്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്ലോട് പാവട്ട്‌പൊയില്‍ സിദ്ധാര്‍ത്ഥനെയാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ഇന്നലെ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലമാണ് ഈ നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ കല്ലോട് നാഗത്ത് അനൂപിനെ ഗുരുതരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് സിദ്ധാര്‍ത്ഥന്‍. നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം പേരാമ്പ്ര മേഖലയില്‍ പലയിടത്തും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ക്രിമിനലുകളുടെ ആക്രമണമുണ്ടായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയായിരുന്നു പലയിടത്തെയും ആക്രമണം. കല്ലോട് ഭാഗത്തും സിപിഎം ആക്രമണം രൂക്ഷമായിരുന്നു. ഈ ആക്രമണങ്ങള്‍ക്കൊക്കെ നേതൃത്വം കൊടുത്തതില്‍ പ്രധാനിയാണ് ഇന്നലെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ സിദ്ധാര്‍ത്ഥന്‍. ആര്‍എസ്എസ് കൈപ്രം ശാഖാ മുഖ്യ ശിക്ഷക് ഗണപതികണ്ടി പ്രസൂണിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയുമാണ് സിദ്ധാര്‍ത്ഥന്‍. ഇയാളെയാണ് സിപിഎം നേതാക്കളുടെ ഒത്താശയോടെ നിയമം കാറ്റില്‍ പറത്തി പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. പോലീസുകാര്‍ക്കെതിരെയും മറ്റുമായി ആക്രോശിച്ചുകൊണ്ട് സിപിഎമ്മുകാര്‍ ഇന്നലെ പേരാമ്പ്ര ടൗണില്‍ പ്രകടനവും നടത്തിയിരുന്നു. ആഭ്യന്തര വകുപ്പിനെ കൈപ്പിടിയിലൊതുക്കുന്ന സിപിഎം നടപടിയില്‍ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. ബിജെപി പ്രവര്‍ത്തകനായ നാഗത്ത് അനൂപിനെ അക്രമിച്ച കേസിലെ പ്രതിയായ സിദ്ധാര്‍ത്ഥനെ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ നടപടിയില്‍ ബിജെപി പേരാമ്പ്ര പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു. തറമ്മല്‍ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജു കൃഷ്ണന്‍ ഷാജു കല്ലോട്, എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.