ദുരിതയാത്രക്ക് അന്ത്യമില്ല എടത്വാ - നീരേറ്റുപുറം റോഡ് തകര്‍ച്ചയില്‍

Wednesday 22 June 2016 9:07 pm IST

എടത്വാ: ദുരിതയാത്രയ്ക്ക് അന്ത്യമില്ല. എടത്വാ-നീരേറ്റുപുറം റോഡ് പൂര്‍ണ തകര്‍ച്ചയില്‍. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലോടെ തകര്‍ന്ന റോഡാണ് മഴ ശക്തിപ്രാപിച്ചതോടെ പൂര്‍ണ തകര്‍ച്ചല്‍ എത്തിയത്. ദേശിയ പാതയും എംസി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാക്കാര്‍ ജീവഭയത്തോടുവേണം നാലു കിലോമീറ്റര്‍ ദൂരം കടക്കാന്‍. ഒരുവര്‍ഷം മുമ്പ് ഒന്നേകാല്‍ മീറ്റര്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് പത്തടി താഴ്ചയില്‍ വെട്ടിപൊളിച്ചതോടെ റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നിരുന്നു. മഴശക്തി പ്രാപിച്ചതോടെ റോഡിലെ കുഴിയില്‍ വെള്ളം കെട്ടിക്കിടന്നാണ് റോഡ് പൂര്‍ണ തകര്‍ച്ചയില്‍ എത്തിയത്. കുഴിയെടുത്ത സ്ഥലത്ത് ഗ്രാവലിന് പകരം ചെളി ഇറക്കി നികത്തിയത് കാരണം അമിതലോഡ് കയറ്റി വരുന്ന വാഹനങ്ങളും, നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും ചെളിയില്‍ താഴ്ന്നാണ് കുഴി രൂപപ്പെട്ടത്. പൈപ്പ് ലൈന്‍ ബന്ധിപ്പിക്കാത്ത സ്ഥലങ്ങളില്‍ കുഴി മൂടാത്ത അവസ്ഥയിലുമാണ് കിടക്കുന്നത്. വെട്ടുതോട് പാലം മുതല്‍ ചക്കുളത്ത്കാവ് ജംഗ്ഷന്‍ വരയാണ് കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത രീതിയില്‍ റോഡില്‍ വഹന അപകടവും നിത്യസംഭവമായി തീര്‍ന്നു. യാത്രാദുരിതം കാരണം കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പലതവണ നിര്‍ത്തിവെച്ച റൂട്ടില്‍ റോഡ് പുനര്‍ നിര്‍മിക്കാനുള്ള നടപടി പി.ഡബ്ല്യു.ഡി സ്വീകരിച്ചില്ല. ജല വിഭവ വകുപ്പും, പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിപറഞ്ഞ് പരാതിക്കാരുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ചക്കുളത്ത്കാവ് പൊങ്കാലയ്ക്കും, എടത്വാ സെന്റ് ജോര്‍ജ് ഫെറോന പള്ളി തിരുനാളിനും എത്തിയ തീര്‍ത്ഥാടകര്‍ ഏറെ വലഞ്ഞിരുന്നു. ദേശിയ ശ്രദ്ധയാകര്‍ഷിച്ച തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയാണ് സര്‍ക്കാര്‍ അവഗണനയില്‍ കിടക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിമാര്‍ക്കും, ജില്ല കളക്ടറിനും പലതവണ നിവേദനം നല്‍കിയിരുന്നു. നിവേദനവും പരാതിയും സര്‍ക്കാര്‍ ചെവിക്കൊള്ളാതായതോടെ പൊതുപ്രവര്‍ത്തകരും റോഡ് നിര്‍മാണം കൈയ്യൊഴിഞ്ഞ മട്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.