മക്കളെ കൊന്ന കേസില്‍ യുവതിയെ വെറുതെ വിട്ടു

Wednesday 22 June 2016 9:35 pm IST

തൊടുപുഴ:  ഭര്‍ത്താവിന്റെ മദ്യപാനത്തിന്റെ പേരില്‍ മക്കളെ വിഷംകൊടുത്ത് കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവതിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് തൊടുപുഴ രണ്ടാം അഡീഷണല്‍ ജഡ്ജ് എസ്. ഷാജഹാന്‍ വെറുതെവിട്ടു.  അണക്കര ചെല്ലാര്‍ കോവില്‍ ഒന്നാംമൈല്‍ ഭാഗത്ത് കടുംതോടില്‍ റോഷി ജോസഫിന്റെ ഭാര്യ സിനിയെയാണ് വെറുതെ വിട്ടത്. 2012 മേയ് ആറിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.  സിനിയുടെ ഏഴും അഞ്ചും വയസുള്ള ആദിത്ത്, അജയ് എന്നീകുട്ടികളെ വിഷം ചേര്‍ത്ത ചോറ് നല്‍കി കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് അനുകൂലമായി മൊഴി ലഭിക്കാതിരുന്നതിനാലാണ് കേസില്‍ പ്രതിക്ക് ശിക്ഷ കിട്ടാതിരുന്നത്. സിനിയുടെ ബന്ധുക്കളെല്ലാം പ്രോസിക്യൂഷന് എതിരായ മൊഴിയിലാണ് നല്‍കിയത്. സാഹചര്യതെളിവുകളുടെ പിന്‍ബലത്തിലാണ് പ്രോസിക്യൂഷന്‍ കേസ് മുന്നോട്ട് നീക്കിയത്. സിനിയുടെ ഭര്‍ത്താവ് റോഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കുമെന്ന് കരുതിയെങ്കിലും ഇയാളും മൊഴി മാറ്റി. കട്ടപ്പന പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് ഹാജരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.