റെയില്‍പ്പാളത്തില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കോട്ടയം: റെയില്‍വേ ട്രാക്കില്‍ മരംവീണതിനേത്തുടര്ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിലേക്കാണ് മരം വീണത്. ഇതേത്തുടര്‍ന്നു കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ചിങ്ങവനത്തും, ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് കോട്ടയത്തും പിടിച്ചിട്ടു. കന്യാകുമാരി ബംഗളൂരു ഐലന്റ് എക്സ്പ്രസ് ചങ്ങനാശേരിയിലും തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് തിരുവല്ലയിലും തിരുവനന്തപുരം ചെന്നൈ ചെന്നൈ മെയില്‍ ചെങ്ങന്നൂരിലും പിടിച്ചിട്ടു. ഒന്നരമണിക്കൂറിനുശേഷം വൈകിട്ട് 5.50 നാണു ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ചങ്ങനാശേരിയില്‍നിന്ന് അഗ്നിശമന സേനയെത്തിയാണ് മരം വെട്ടിമാറ്റിയത്. മരം വീണ സമയത്തു ട്രെയിനുകളൊന്നും കടന്നു പോയിരുന്നില്ല. എങ്കിലും അപകട ഭീഷണി കണക്കിലെടുത്ത് ഇലക്ട്രിക് ലൈന്‍ ഓഫ് ചെയ്തു. അപകടമില്ലെന്ന് ഉറപ്പുവരുത്തുവാന്‍ റെയില്‍വേയുടെ ട്രാഫിക് ലൈന്‍ ക്ലിയറിങ് വെഹിക്കിള്‍ ഓടിച്ചുനോക്കിയശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്.