ഭാരതത്തിൽ തൈറോയിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

Friday 19 May 2017 2:03 pm IST

രാജ്യത്ത് 44 ലക്ഷം ജനങ്ങൾ തൈറോയിഡ് രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്തിടെ ഭാരതത്തിലെ പ്രമുഖ ഡയയോഗ്‌നസ്റ്റിക് കമ്പനിയായ എസ്ആർഎൽ ഗ്രൂപ്പ്  ഭാരതത്തിലുടനീളം മൂന്ന് വർഷം നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. എസ്ആർഎൽ ഗ്രൂപ്പ് നടത്തിയ പഠനത്തിൽ 20 ലക്ഷം പേർക്ക് തൈറോയിഡ് രോഗങ്ങൾ പൂർണമായും ബാധിച്ചിട്ടുണ്ട്. ഇതിൽ 25.3 ശതമാനം പേർക്ക് തൈറോയിഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ ക്രമാതീതമായിട്ടാണ് ശരീരത്തിലുള്ളത്. ഭാരതത്തിൽ സ്ത്രീകൾക്കാണ് തൈറോയിഡ് സംബന്ധിച്ച് രോഗങ്ങൾ കൂടുതലായും കാണപ്പെടുന്നത്. 26 ശതമാനം സ്ത്രീകൾക്ക് രോഗമുള്ളപ്പോൾ 24 ശതമാനം പുരുഷന്മാർക്കും തൈറോയിഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത് രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വസിക്കുന്നവരിലാണ്(27%), ഇവർക്ക് തൊട്ടു പിന്നിലായി വടക്കേന്ത്യയും (26%). രാജ്യത്തിന്റെ തെക്ക് ,പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉൾപ്പെടുന്നവർക്ക് താരതമ്യേന തൈറോയിഡ് പ്രശ്നങ്ങൾ കുറവാണ് (22%).    തൈറോയിഡ് പ്രശ്നങ്ങൾ കൊണ്ട് ഒരു മനുഷ്യനിൽ നിരവധി രോഗാവസ്ഥകൾ കടന്നു വരാം. അതിൽ പ്രധാനം ഹൈപ്പർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവുമാണ്. അമിത കോപം, അകാരണമായി തൂക്കം കുറയൽ, വർധിച്ച ഹൃദയമിടിപ്പ്, വയറിളക്കം, ആർത്തവ ക്രമക്കേടുകൾ, ഈർഷ്യ, ഉത്‌കണ്‌ഠ, വികാര വൈകല്യങ്ങൾ, കണ്ണ് പുറത്തേക്കു തള്ളിവരൽ, പേശികളുടെ ബലക്കുറവ്‌, ഉറക്കമില്ലായ്‌മ, മെലിച്ചിൽ, വരണ്ട മുടി എന്നിവയാണ് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷങ്ങൾ.

ശാരീരികവും മാനസികവുമായ മന്ദത, അകാരണമായി വണ്ണംവെക്കൽ, മുടികൊഴിച്ചിൽ, മലബന്ധം, തണുപ്പ് സഹിക്കാൻ പറ്റാതെ വരൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, സ്വരമാറ്റം (നേർത്തതോ പരുപരുത്തതോ ആയ സ്വരം), ഓർമക്കുറവ്‌, ക്ഷീണം തുടങ്ങിയവ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാണ്.

തൈറോയിഡ് രോഗങ്ങളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് സാധാരണക്കാർക്ക് കൃത്യമായ അവബോധമില്ലാത്തതാണ് രോഗങ്ങളുടെ അളവ് കൂടാൻ കാരണമെന്ന് ഫോർട്ടിസ് ആശുപത്രിയിലെ ലാബ് ഡയറക്ടർ ഡോക്ടർ ലീന അഭിപ്രായപ്പെടുന്നു. ജനങ്ങൾക്ക് രോഗം വരാനുള്ള കാരണങ്ങൾ, ചികിത്സാ രീതികൾ, പരിശോധന മേഖലകൾ എന്നീ കാര്യങ്ങളിൽ അറിവ് പകർന്നു കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.