തണ്ണീര്‍മുക്കവും ടൂറിസം ഭൂപടത്തിലേക്ക്

Thursday 23 June 2016 9:25 pm IST

തണ്ണീര്‍മുക്കത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന ഹൗസ് ബോട്ട് ടെര്‍മിനല്‍

ചേര്‍ത്തല: തണ്ണീര്‍മുക്കവും ടൂറിസം ഭൂപടത്തിലേക്ക്, വിനോദ സഞ്ചാരികള്‍ക്ക് ഇടത്താവളമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹൗസ് ബോട്ട് ടെര്‍മിനല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. തണ്ണീര്‍മുക്കം പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വേമ്പനാട് കായല്‍ തീരത്താണ് ടെര്‍മിനലിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലായത്.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയില്‍ പെടുത്തിയാണ് വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമായ ഇവിടെ ടെര്‍മിനല്‍ നിര്‍മിക്കുനന്ത്. രണ്ട് വര്‍ഷം മുന്‍പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു കോടി 67 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പത്ത് ബോട്ടുകള്‍ക്ക് ഒരേ സമയം അടുക്കാന്‍ കഴിയുന്ന തരത്തിലാണ് ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് റസ്‌റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും സജ്ജമാക്കും. കുട്ടനാടന്‍ മേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് തണ്ണീര്‍മുക്കത്ത് ഇറങ്ങാനും ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്റെ സൗന്ദര്യം ആസ്വദിക്കാനും മണ്‍ചിറകളില്‍ ചുറ്റി സഞ്ചരിക്കാനും ഇത് സഹായകരമാകും.
എറണാകുളം, കുമരകം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് തണ്ണീര്‍മുക്കത്ത് നിന്ന് ഹൗസ് ബോട്ടില്‍ സഞ്ചാരം ആരംഭിക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. നിലവില്‍ വിനോദ സഞ്ചാരികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആലപ്പുഴയിലെത്തിയാണ് കായല്‍ യാത്ര തുടങ്ങുന്നത്.
ഇത് യാഥാര്‍ത്ഥ്യമാകുന്നത് മേഖലയുടെ സമഗ്ര വികസനത്തിന് സഹായമാകും. ടൂറിസ്റ്റുകള്‍ പ്രദേശത്തേക്ക് കൂട്ടമായെത്തുന്നതോടെ മേഖലയിലെ വ്യാപാര വാണിജ്യ രംഗങ്ങളിലടക്കം കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. കെടിഡിസി യുടെ കീഴിലുള്ള കായലോര വിശ്രമ കേന്ദ്രത്തിനും ഇത് ഗുണകരമാകും. തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുകയും വിനോദസഞ്ചാരികള്‍ ഇവിടേക്ക് ഒഴുകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.