19 ഡിവൈഎസ്പിമാരുടെ സ്ഥാനക്കയറ്റം തട്ടിക്കളിച്ച് ആഭ്യന്തര വകുപ്പ്

Thursday 23 June 2016 10:32 pm IST

ഇടുക്കി: പോലീസില്‍ തരത്തിനൊത്ത് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഇടത് സര്‍ക്കാര്‍ നടത്തുമ്പോഴും 19 ഡിവൈഎസ്പിമാരുടെ പ്രമോഷനെക്കുറിച്ച് അധികൃതര്‍ക്ക് മിണ്ടാട്ടമില്ല. കഴിഞ്ഞ മാസം എസ്പിമാരായി പ്രമോഷന്‍ ലഭിക്കേണ്ട ഉദ്യോഗസ്ഥരെയാണ് ആഭ്യന്തരവകുപ്പ് പന്താടുന്നത്. ഇരുപത് ഡിവൈഎസ്പിമാര്‍ക്കാണ് പ്രമോഷന്‍ അര്‍ഹതയുള്ളത്. ആഭ്യന്തരവകുപ്പിന് താത്പര്യമുള്ള ഒരു ഉദ്യോഗസ്ഥനെ മാത്രം എസ്പിയായി സ്ഥാനക്കയറ്റം നടത്തി. ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം നിയമനവും നല്‍കി. എന്നാല്‍, ഇതേ സര്‍വ്വീസുള്ള ഹരിദാസ് എം.ജി, മോഹനന്‍.ഡി, എം. ജോണ്‍സണ്‍ ജോസഫ്, രാജു വി.കെ, ആമോസ് മാമന്‍, വിജയകുമാര്‍ എം.എന്‍, ഷൗക്കത്ത് അലി, സന്തോഷ് വി.കെ, കുര്യാക്കോസ് വി.യു, സുനില്‍ബാബു, കെ. മുരളീധരന്‍, പ്രഭാകരന്‍.എസ്, രമേശ്കുമാര്‍ പി.എന്‍, സുനില്‍ എം.ഐ, ബിജായി.പി, സുനീഷ്‌കുമാര്‍ ആര്‍, പ്രശാന്തന്‍കാണി, എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കാത്തത്. നിലവില്‍ ഏഴോളം പോസ്റ്റുകള്‍ ഒഴിവുണ്ടായിട്ടും സീനിയോറിറ്റി അനുസരിച്ച് പ്രമോഷന്‍ നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കൗണ്‍സില്‍ സമയത്തിനനുസരിച്ച് ചേരാന്‍ വൈകിയതാണ് പ്രമോഷന്‍ വൈകാന്‍ കാരണം. 2015 ഡിസംബറില്‍ ഡിപിസി ചേരേണ്ടതാണ്. ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിന് ശേഷമാണ് ഡിപിസി ചേര്‍ന്നത്. യോഗത്തിന് ശേഷം ഇരുപത് ഉദ്യോഗസ്ഥരെ എസ്പിമാരാക്കുന്നത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിറക്കി. ഈ ഉത്തരവ് കഴിഞ്ഞ എട്ടിന് ആഭ്യന്തരവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയിട്ടും പോലീസ് സൂപ്രണ്ടുമാരായി ഒഴിവുകള്‍ക്കനുസരിച്ച് നിയമനം നടത്തുന്നില്ല. ഇതിനിടെയാണ് വിവാദത്തില്‍പ്പെട്ട ഒരു ഡിവൈഎസ്പിയെ മാത്രം എസ്.പിയായി നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. സ്ഥാനക്കയറ്റലിസ്റ്റില്‍ ഒന്നാമതായുള്ളയാളെ ആദ്യം നിയമിച്ചു എന്ന വാദമാണ് ആഭ്യന്തരവകുപ്പ് പറയുന്നതെങ്കിലും ഒഴിവുകളുള്ളപ്പോള്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാത്തതെന്ത് എന്ന ചോദ്യത്തിന് ഉത്തരവുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.