പ്രതിരോധ കുത്തിവെപ്പുകള്‍ മതവിശ്വാസത്തിനെതിരെന്ന്

Thursday 23 June 2016 10:40 pm IST

മലപ്പുറം: രോഗപ്രതിരോധ കുത്തിവെപ്പുകള്‍ മതവിശ്വാസത്തിന് എതിരാണെന്ന ചില മുസ്ലീം സംഘടനകളുടെ പ്രചാരണം ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു. മലപ്പുറം ജില്ലയിലാണ് കൂടുതലായും ഈ സാഹചര്യം. മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പക്ഷേ ചില സംഘടനകളുടെ കള്ളപ്രചരണം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പ്രതിരോധ മരുന്നുകള്‍ വെറുതെ ജനങ്ങളില്‍ പരീക്ഷിക്കുകയാണെന്നും കുത്തിവെപ്പുകള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന വിമര്‍ശനങ്ങളുമായി ചില സാമൂഹിക പ്രവര്‍ത്തകര്‍ കൂടി രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കടക്കം കുത്തിവെപ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കുന്നില്ല. രോഗപ്രതിരോധവും മതവിശ്വാസവും തമ്മില്‍ കൂട്ടിക്കുഴക്കുകയാണ് ചിലര്‍. വര്‍ഷങ്ങളായി മലപ്പുറത്ത് ഇത് പതിവാണ്. മതപണ്ഡിതന്മാരെ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തിയാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യവകുപ്പ് വാക്‌സിനേഷനുകള്‍ നല്‍കിയത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്തീരിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. വീണ്ടും ജില്ലയില്‍ ഡിഫ്തീരിയ പടര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. പക്ഷേ കുത്തിവെപ്പുകളെ ഒരു വിഭാഗം എതിര്‍ക്കുന്നത് തലവേദനയാകുകയാണ്. സാധാരണയായി അഞ്ചുവയസ് വരെയുള്ള കുട്ടികളില്‍ കണ്ടുവന്നിരുന്ന രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. പക്ഷേ ഇന്ന് അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലും ഈ രോഗം പിടിപെടുന്നു. കൊറൈനി, ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗകാരിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ മാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചര്‍മത്തിലാണ് പെരുകുന്നത്. സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകളിലൂടെ അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെയാണ് രോഗം പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ പുരണ്ട ഗ്ലാസ്സുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍, അണുനാശിനിയില്‍ മുക്കാത്ത തെര്‍മോമീറ്റര്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും വൃത്തിഹീനസാഹചര്യങ്ങളിലും രോഗം പകരാന്‍ സാധ്യത കൂടുതലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.