കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മൂവാറ്റുപുഴ ആര്‍ഡിഒ വി.ആര്. മോഹനന് പിള്ളയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവുമാണ് വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് ബി. കെമാല്‍പാഷ സോപാധിക ജാമ്യം അനുവദിച്ചത്. മൂവാറ്റുപുഴ വാഴക്കുളത്തിന് സമീപം വേങ്ങച്ചുവടില്‍ ആലുവ സ്വദേശിയായ സുനിലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റുമതില്‍ കെട്ടാന്‍ അനുമതി നല്‍കുന്നതിന് 50,000 രൂപ കൈക്കൂലി ചോദിച്ചെന്ന കേസില്‍ മേയ് 30 നാണ് മോഹനന് പിള്ളയെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: