സിഖ്‌ വിരുദ്ധ കലാപം: വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ ആഭ്യന്തരമന്ത്രാലയം

Friday 17 February 2012 9:59 pm IST

കൊല്‍ക്കത്ത: ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന്‌ 1984ല്‍ ഉണ്ടായ സിഖ്‌വിരുദ്ധ കലാപത്തില്‍ ദുരന്തമനുഭവിക്കേണ്ടിവന്നവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര ജോയിന്റ്‌ സെക്രട്ടറി കെ.കെ.പഥക്‌ ആണ്‌ വിവരങ്ങള്‍ തേടി എഴുത്തയച്ചത്‌.
കലാപത്തിനിരയായവര്‍ക്ക്‌ നല്‍കിയ നഷ്ടപരിഹാരം സംബന്ധിച്ചാണ്‌ വിശദീകരണം നല്‍കേണ്ടത്‌. സിഖ്‌ വിരുദ്ധ കലാപത്തിനിരയായവര്‍ക്കുള്ള പുനരധിവാസ പദ്ധതി സംബന്ധിച്ച്‌ ഒരു രാജ്യസഭാ എംപിയുടെ ആവശ്യപ്രകാരമാണ്‌ സംസ്ഥാന സര്‍ക്കാരുകളോട്‌ റിപ്പോര്‍ട്ട്‌ തേടിയതെന്ന്‌ മുതിര്‍ന്ന ആഭ്യന്തരവകുപ്പ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം പശ്ചിമബംഗാളില്‍ ആറുപേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതില്‍ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്‌. നഷ്ടപരിഹാരത്തിനായി സമര്‍പ്പിക്കപ്പെട്ട 68 കേസുകളില്‍ 36 പേര്‍ക്ക്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്‌. ശേഷിച്ചവ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചതായും ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
ഇതിനിടെ ടോളിഗഞ്ച്‌ സ്വദേശിയായ സര്‍ദാര്‍ അജ്മീര്‍ സിംഗ്‌ താനും 1984-ലെ സിഖ്‌വിരുദ്ധ കലാപത്തിന്റെ ഇരയാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തി. ആഭ്യന്തരവകുപ്പ്‌ 2006ല്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്നാണ്‌ സിംഗിന്റെ വാദം.
നിയമവിരുദ്ധമായി തടിച്ചുകൂടിയ ആള്‍ക്കൂട്ടം തന്റെ ഗാരേജ്‌ ആക്രമിച്ചുവെന്നും വാളുപയോഗിച്ച്‌ തന്നെ വെട്ടിയെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തില്‍ നാല്‍പ്പത്തിരണ്ട്‌ തുന്നലുകളുണ്ടായിരുന്നു. നഷ്ടപരിഹാരത്തിനായുള്ള തന്റെ ഹര്‍ജി വര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണ്‌. തന്റെ ആവശ്യം ഉദ്യോഗസ്ഥരുടെ ബധിരകര്‍ണങ്ങളിലാണ്‌ പതിക്കുന്നതെന്നും സിംഗ്‌ കൂട്ടിച്ചേര്‍ത്തു.
അജ്മീര്‍സിംഗിന്‌ സിഖ്‌ വിരുദ്ധ കൂട്ടക്കൊലയില്‍ പുനരധിവാസ പദ്ധതിപ്രകാരം ധനസഹായം ലഭിക്കില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയം നിശ്ചയിച്ച മാനദണ്ഡപ്രകാരം സിംഗിന്റെ അവകാശവാദം ഒത്തുപോകില്ലെന്ന്‌ വക്താവ്‌ കൂട്ടിച്ചേര്‍ത്തു.
കൊലപാതകം, ഭവനഭേദനം, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ആഭ്യന്തരവകുപ്പ്‌ അന്വേഷിച്ചിട്ടുണ്ട്‌. നഷ്ടപരിഹാരത്തുക നല്‍കിയത്‌ സംബന്ധിച്ചും ബാക്കി തുക നല്‍കാനുള്ളതും ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക്‌ ജോലി നല്‍കിയതുമായി ബന്ധപ്പെട്ട്‌ ആഭ്യന്തരവകുപ്പ്‌ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്‌ ആശ്രിതനിയമനം നടത്തിയെങ്കിലും തൊഴില്‍വകുപ്പ്‌ തിരിച്ചയച്ചതായും ഔദ്യോഗിക വക്താവ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.