ശബരിമല വികസനത്തിന് 500 ഹെക്ടര്‍ വനഭൂമി വേണമെന്ന് ബോര്‍ഡിന്റെ നിവേദനം

Friday 24 June 2016 1:04 am IST

തിരുവനന്തപുരം: ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലേക്ക് ആവശ്യമായ 500 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടുന്നതിലേക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മെമ്പര്‍ അജയ്‌റായിയും ചേര്‍ന്ന് നിവേദനം നല്‍കി. ശബരിമലയിലും പരിസരത്തുമായി 500 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്ന് വിട്ടുകിട്ടണമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയെ കണ്ട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത് വിട്ടുതരുന്ന വനഭൂമിക്ക് ഒരു കോട്ടവും വരാത്ത രീതിയില്‍ നിബിഡ വനമായി സംരക്ഷിച്ചുകൊള്ളാമെന്നും ദേവസ്വം ബോര്‍ഡ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലുമായി ഇപ്പോള്‍ കേവലം 62.146 ഹെക്ടര്‍ വനഭൂമി മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ കയ്യിലുള്ളത്. അതില്‍ 5.26 ഹെക്ടര്‍ വനഭൂമിയാകട്ടെ തിരുവിതാംകൂര്‍ മഹാരാജാവ് നല്‍കിയത്. അതുകൂടാതെ ശബരിമല കര്‍മ്മപദ്ധതി നടപ്പാക്കുവാനായി 2005ല്‍ പമ്പയില്‍ 12.675 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടി. അങ്ങനെ 62.146 ഹെക്ടര്‍ ഭൂമിയാണ് ബോര്‍ഡിന്റെ കൈമോശമുള്ളത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള വനഭൂമി കൊണ്ട് ശബരിമലയിലെത്തുന്ന 25% ഭക്തര്‍ക്കുപോലും മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ല. അയ്യപ്പഭക്തന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനായി 500 ഹെക്ടര്‍ വനഭൂമി ശബരിമലയിലും പരിസരപ്രദേശങ്ങളായ പമ്പ, നിലയ്ക്കല്‍, കുന്നാര്‍ എന്നിവിടങ്ങളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും ഒരു ഉപാധികളുമില്ലാതെ വിട്ടുതരണമെന്നാണ് ദേവസ്വംബോര്‍ഡിന് മന്ത്രിയോട് ആവശ്യപ്പെട്ടത്. അതോടൊപ്പം അയ്യപ്പഭക്തന്മാരുടെ ബുദ്ധിമുട്ട് നേരില്‍ക്കണ്ട് ബോദ്ധ്യപ്പെടാന്‍ ശബരിമല സന്ദര്‍ശുക്കുവാനും ബോര്‍ഡ് അധികൃതര്‍ കേന്ദ്രമന്ത്രിയോട് അപേക്ഷിച്ചു. ശബരിമലയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിയും പറഞ്ഞു. ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.