കോഴിക്കോട്: ആത്മവിശ്വാസമാണ് ജീവിത വിജയങ്ങള്ക്ക്അടിസ്ഥാനമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ജന്മഭൂമി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം വിവരിച്ചത്. പ്ലസ്ടു, എസ്എസ്എല്‍സി, എഞ്ചിനീയറിംഗ്/മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കൈതപ്രം തന്റെ ബാല്യകാലത്തും പിന്നീട് രോഗപീഡയുടെ കാലത്തും അനുഭവിച്ച പ്രതിസന്ധികളെ അതിജീവിച്ചതെങ്ങിനെയെന്ന് വിശദീകരിച്ചത്. ‘സമൂഹത്തിന് നിങ്ങളെ ആവശ്യമുണ്ട്. സമൂഹത്തെ സേവിക്കാനുള്ള അവസരമായി ജീവിതത്തെ മാറ്റണം.
അപൂര്‍ണതകളില്‍ നിന്ന് മോചനം നേടി അതിജീവനം സാധ്യമാക്കണം. പ്രായത്തെ വെല്ലുന്ന മനസ്സിനെ സൃഷ്ടിക്കാന്‍ കഴിയണം. അശ്രാന്തപരിശ്രമമാണ് എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം- അദ്ദേഹം പറഞ്ഞു. സംഗീതരംഗത്തെ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ദേശാടനം എന്ന സിനിമയിലെ തനിക്ക് പ്രിയപ്പെട്ട ‘എങ്ങിനെ ഞാനുറക്കേണ്ടൂ… എന്ന ഗാനം പാടിക്കൊണ്ടാണ് കൈതപ്രം വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും സന്തോഷവുമേകിയത്.
ചടങ്ങില്‍ സിവില്‍സര്‍വീസ് രംഗത്തെ വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തിയത്. ”സമൂഹത്തെ സേവിക്കാനുള്ള അവസരമായി സിവില്‍സര്‍വീസിനെ പരിഗണിക്കുമ്പോള്‍ മാത്രമാണ് ആ ജോലിക്ക് നിങ്ങള്‍ അര്‍ഹരാകുന്നുള്ളൂ. കഠിനപരിശ്രമവും സമര്‍പ്പണവുമുള്ള ഏതൊരാള്‍ക്കും സിവില്‍സര്‍വീസില്‍ വിജയിക്കാനാകും. പരന്നവായനും ദൈവാധീനവും സഹായിക്കും. അതിമിടുക്കരായവര്ക്ക് വേണ്ടി മാത്രമുള്ളതല്ല സിവില്‍സര്‍വീസ് മേഖല. ഏതൊരാള്‍ക്കും അത് പ്രാപ്യമാണ്”- അദ്ദേഹം പറഞ്ഞു.
ഗുരുവായൂരപ്പന്‍കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ശ്രീശൈലം ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്. മഹിപാല്‍, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്, ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ കൃഷ്ണവര്‍മ്മരാജ, അസി. മാര്‍ക്കറ്റിംഗ് മാനേജന്‍ വി.കെ. സുരേന്ദ്രന്, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ഭാരതീയവിദ്യാനികേതന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. നന്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജന്മഭൂമി സീനിയര്‍ സബ്എഡിറ്റര്‍ എം.കെ. രമേഷ്കുമാര്‍ സ്വാഗതവും സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ് എ.വി. ബൈജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: