വിഷകൃഷി കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നു : ഡോ. ഇ.ജെ. ജോസഫ്

Friday 24 June 2016 9:19 pm IST

കല്‍പ്പറ്റ : വയനാട്ടിലെ കീടനാശിനി അമിതമായി ഉപയോഗിച്ചുള്ള വിഷകൃഷിയിലെ കീടനാശിനികള്‍ കുടിവെളള സ്രോതസ്സുകളിലെത്തി കുടിവെള്ളം മലിനമാക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മാനേജ്‌മെന്റ് (സിഡബ്ല്യു ആര്‍എം)ശാസ്ത്രജ്ഞന്‍ ഡോ. ഇ.ജെ.ജോസഫ് ജില്ലാ വികസന സമിതി 'മഴവെള്ള സംരക്ഷണവും ഭൂഗര്‍ഭജല പരിപോഷണവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലലഭ്യതയേക്കാള്‍ ഭീഷണി ജലമലിനീകരണമാണെന്നും അദ്ദേഹം പറഞ്ഞു. ജലമലിനീകരണത്തോടൊപ്പം ഭൂഗര്‍ഭജലവിതാനത്തി ന്റെ അളവിലുണ്ടായ താഴ്ചയാണ് വയനാട് നേരിടുന്ന പ്രധാന പ്രശ്‌നം. ചില പ്രദേശങ്ങളില്‍ ജലക്ഷാമവും അനുഭവപ്പെടുന്നു. അശാസ്ത്രീയമായ രീതിയിലുള്ള ഭൂവിനിയോഗമാണ് വയനാട് നേരിടുന്ന ദുരന്തം. മണ്ണിടിച്ചിലും കരിങ്കല്‍ ക്വാറികളുടെ വ്യാപനവും മണല്‍ ഖനനവും വയനാടിന്റെ സ്ഥിതി ഗുരുതരമാക്കുന്നു. മണ്ണ് മാറ്റി അടിയിലുള്ള കരിങ്കല്‍ ഖനനം പശ്ചിമഘട്ടത്തിലെ ജീവജാലങ്ങള്‍ക്കും ജലത്തിനും ദോഷകരമാണ്. കഴിഞ്ഞ 15 വര്‍ഷമായി വയനാട് വരള്‍ച്ചാബാധിതമാണെന്ന് അദ്ദേഹം പറഞ്ഞു. സമാന ഭൂപ്രകൃതിയുള്ള ഇടുക്കിയേക്കാളും വരള്‍ച്ചാബാധിതമാണ് വയനാട്. വയനാട്ടില്‍ നേരത്തെ 3500 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍, 1985 മുതല്‍ 2015 വരെയുള്ള 30 വര്‍ഷത്തെ ശരാശരിയനുസരിച്ച് വയനാട്ടില്‍ ലഭിക്കുന്നത് 3253 മില്ലീ മീറ്റര്‍ മഴയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം ഒഴിച്ച് എല്ലാ വര്‍ഷവും വയനാട്ടില്‍ മഴ കുറവാണ്. പ്രകൃതിദത്തമായ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജ് നടത്തുന്നത് വനങ്ങളും നെ ല്‍വയലുകളുമാണ്. ഒരു നെല്‍ വയല്‍ കൃഷി ചെയ്താലും ഇല്ലെങ്കിലും ചുറ്റുപാടും ആറുമുതല്‍ എട്ടു മീറ്റര്‍ വരെ ജലം മണ്ണിനടിയിലേക്ക് റീചാര്‍ജ് ചെയ്യുന്നു. 3057 ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന വയനാട്ടില്‍ ഇന്നത് 1148 ഹെ്കടറായി ചുരുങ്ങി. കാടുകളുടെയും നെല്‍വയലുകളുടെയും നാശമാണ് വയനാട്ടില്‍ ഭൂഗര്‍ഭജല നിരപ്പ് കുറയാന്‍ കാരണം. കനത്ത മഴയുടെ ശക്തിയില്‍നിന്ന് മണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കാനായി പ്രകൃതി സൃഷ്ടിച്ചിട്ടുള്ള സസ്യാവരണമാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. ഭൂഗര്‍ഭജല പരിപോഷണം നടത്താനും മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിനെ സംരക്ഷിക്കാനും പ്രകൃതിയൊരുക്കിയ കവചമായിരുന്നു ഇവ. മഴക്കാടുകള്‍ ജൈവ സമ്പന്നമായിരുന്നു. മണ്ണിനടിയില്‍ വിവിധ ജാതി ജീവജാലങ്ങളുണ്ട്. ഇവയോരോന്നിനും മണ്ണനിടിയിലെ ജലസംരക്ഷണത്തിന് അവരുടേതായ പങ്കുകളുണ്ട്. മണ്ണിനടിയില്‍ മണ്ണിര പോവുന്ന ചാലുകളിലൂടെയാണ് മഴക്കാലത്ത് മഴ വെള്ളം ഇറങ്ങുന്നത്. മണ്ണിനടിയിലെ ഭൂഭര്‍ഭജലവിതാനം വരെ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ചിതലുകള്‍. കാട്ടില്‍ മണ്ണിനുമുകളിലെ ഇലകളും മറ്റും അടിഞ്ഞുകൂടിയ ഭാഗം മഴവെള്ളത്തെ സ്‌പോഞ്ചുമാതിരി അരിച്ച് മണ്ണിലേക്ക് സാവധാനം കിനിഞ്ഞിറങ്ങാന്‍ സഹായിക്കുന്നു. എന്നാല്‍, 1940നും 1970നും ഇടയില്‍ 75 ശതമാനം വനങ്ങളുടെ നാശം കേരളത്തില്‍ സംഭവിച്ചു. 40 വര്‍ഷത്തിനിടെ കേരളത്തിലെ 76ശതമാനം നെല്‍ വയലുകള്‍ തരിശാക്കിയിടുകയോ കാര്‍ഷികേതരആവശ്യത്തിനായി പരിവര്‍ത്തനം ചെയ്യപ്പെടുയോ ചെയ്യപ്പെട്ടു. ചെ രിഞ്ഞ പ്രതലങ്ങളുള്ള താമസിക്കുന്നതും കൃഷി ചെയ്യുന്നതും മണ്ണൊലിപ്പിനിടയാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൃഷിക്കാരെയാണ്. വരള്‍ച്ച, ചെടികളുടെ വാട്ടം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കാലം തെറ്റിയെത്തുന്ന മഴ, മണ്‍സൂണിലുണ്ടാവുന്നമാറ്റം, വിളനാശം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൃഷിടികളാണ്. കാപ്പി പോലുള്ള വിളകളില്‍ നേരത്തെ മൂപ്പെത്തുന്നതും വളര്‍ച്ച മുരടിക്കുന്ന തും പരാഗണത്തിലുണ്ടാവുന്ന കുറവും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും അളവും കുറയുന്നതുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വയനാട്ടിലെ മീനങ്ങാടി മാതൃകകാണിച്ച കാര്‍ബണ്‍ ന്യൂ ട്രല്‍ പദ്ധതിയാണെന്നും ഇ. ജെ.ജോസഫ് പറഞ്ഞു. മഴവെള്ള സംഭരണികളെക്കുറിച്ച് സി.ഡബ്ല്യു.ആര്‍.എമ്മിലെ ടെക്‌നിക്കല്‍ ഓഫീസര്‍ ശശിധരന്‍ വള്ളിക്കുടിയന്‍, ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജിങ്ങിനെക്കുറിച്ച് സി.ഡബ്ല്യു.ആര്‍.എമ്മിലെ ശാസ്ത്രജ്ഞന്‍ ഇ. അബ്ദുല്‍ ഹമീദ് എന്നിവര്‍ ക്ലാസെടുത്തു. സെമിനാര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയല്‍നാടായ വയനാട് വാഴനാടായതാണ് വയനാട്ടിലെ ഭൂഗര്‍ഭജലവിതാനം കുറയാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്ദു ജോസ്, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ദിലീപ്കുമാര്‍, എ.ഡി.എം സി.എം. ഗോപിനാഥന്‍, ടൗണ്‍ പ്ലാനര്‍ പി. രവികുമാര്‍ എന്നിവര്‍ സസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.