മണ്‍സൂണ്‍ കനിഞ്ഞില്ല ; ആശങ്കയോടെ കര്‍ഷകര്‍

Friday 24 June 2016 9:24 pm IST

കല്‍പ്പറ്റ : ജൂണ്‍ 25 ആയിട്ടും വയനാട്ടില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചില്ല. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ലഭിച്ച മഴയുടെ പകുതിപോലും ഈ വര്‍ഷം ഇതുവരെയും ലഭിച്ചില്ല. 2015 ജൂണ്‍ 23ന് 270 മില്ലീമീറ്റര്‍ മഴ വയനാട്ടില്‍ ലഭിച്ചതായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. ഇന്നലെവരെ വയനാട്ടില്‍ ലഭിച്ചതാകട്ടെ 101 മില്ലീമീറ്റര്‍ മാത്രം. മറ്റ് ജില്ലകളില്‍ ഒറ്റദിവസം മാത്രം ഇതിലേറെ മഴ ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം വയനാടിന്റെ കാര്‍ ഷികമേഖലയെ താളം തെറ്റിക്കുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു. കാര്‍ഷികവൃത്തി മൂലം വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇക്കുറി മഴ ലഭിക്കാതെകൂടി ആയപ്പോള്‍ ആശങ്കകള്‍ ഇരട്ടിയായി.കര്‍ണാടകയിലെ മൈസൂര്‍ ജില്ലയോട് ആശ്രയിച്ചാണ് വയനാടന്‍ കാലാവസ്ഥ എന്നാണ് കര്‍ഷകരുടെ ആവലാതി. തെളിഞ്ഞ ആകാശവും വെയിലും ഇടക്കിടെ പെയ്യുന്ന ചാറല്‍മഴയുമായി വയനാടന്‍ കാലാവസ്ഥ രൂപാന്തരപ്പെട്ടു. തോരാതെയുള്ള മഴ കര്‍ഷകര്‍ക്ക് ഓര്‍മ്മ മാത്രമായി. 2016 ജൂണ്‍ 23ന് കോഴിക്കോട് 27, കണ്ണൂര്‍ 21, കോട്ടയം 14 മില്ലീമീറ്റര്‍ വീതം മഴ ലഭിച്ചിട്ടുണ്ട്. 21ന് വടകര 73, തലശ്ശേരി 69, കാസര്‍ഗോഡ് 70, മലപ്പുറം 54 എന്നിങ്ങനെയും മഴ ലഭിച്ചു. ജൂണ്‍ 17 ന് വയനാട്ടില്‍ ലഭിച്ചത് 35 മില്ലീമീറ്റര്‍ മഴയാണ്. 2015 ജൂണ്‍ 14 ന് ജില്ലയില്‍ 148 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 78 മില്ലീമീറ്ററായി കുറഞ്ഞു. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ മണ്‍സൂണ്‍ മഴ ശക്തമായി ലഭിക്കുമ്പോള്‍ വയനാടിന് മാത്രം മഴയില്ല. ജൂണ്‍ 14ന് കണ്ണൂര്‍ ജില്ലയില്‍ 40, ആലുവ 30, പെരുമ്പാവൂര്‍ 24, ചെറുതാഴം 54 മില്ലീമീറ്റര്‍ നിരക്കില്‍ മഴ ലഭിച്ചിട്ടുണ്ട്. ജൂണ്‍ പത്തിന് മഞ്ചേരിയില്‍ 70, വൈക്കം 102, കോഴിക്കോട് 60 മില്ലീമീറ്റര്‍ തോതില്‍ മഴ ലഭിച്ചു. 13ന് വൈത്തിരിയില്‍ 38.9 മില്ലീമീറ്റര്‍ മഴ ലഭിച്ചതാണ് വയനാട്ടില്‍ കൂടുതലായി ലഭിച്ച മഴ. മറ്റ് ജില്ലകളില്‍ ഒരു ദിവസം മാത്രം ലഭിച്ച മഴയാണ് വയനാട്ടില്‍ 23 ദിവസമായി ലഭിച്ചത്. നെല്‍വയലുകളില്‍ ഞാറിട്ട കൃഷിക്കാര്‍ വെള്ളം ലഭിക്കാതെ ആശങ്കയിലാണ്. കാപ്പി, വാഴ, ഇഞ്ചി, ചേമ്പ്, ചേന, കുരുമുളക് കര്‍ഷകരും ആശങ്കയിലാണ്. എന്നിവക്കും മഴ അത്യാവശ്യം. മഴ ലഭിക്കാതെവന്നാല്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. ഇടയ്ക്കിടെ ശക്തമായി തെളിയുന്ന വെയില് കണ്ട് പരിഭ്രാന്തിയിലാണ് വയനാട്ടിലെ കര്‍ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.