രാത്രിയുടെ മറപിടിച്ച് പൊതുവഴിയില്‍ മാലിന്യ നിക്ഷേപം

Friday 24 June 2016 9:51 pm IST

കട്ടപ്പന: ഇരുട്ടിന്റെ മറപിടിച്ച് റോഡുവശങ്ങളിലും പുരയിടങ്ങളിലും മാലിന്യം തള്ളുന്ന സംഘങ്ങള്‍ ഹൈറേഞ്ചില്‍ ചുവടുറപ്പിക്കുന്നു. കട്ടപ്പനയും പരിസര പ്രദേശങ്ങളുമാണ് ഇത്തരക്കാര്‍ വിലസുന്നത്. അര്‍ദ്ധരാത്രിയാകുന്നതോടെ ലോറികളിലും ഇതര വാഹനങ്ങളിലും കൊണ്ടുവരുന്ന മാലിന്യം ഓടയിലും ജലസ്രോതസുകളിലും പുരയിടങ്ങളിലും വ്യാപകമായി നിക്ഷേപിച്ച് കടന്നുകളയുകയാണ്. വന്‍കിട ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങള്‍, കക്കൂസ് മാലിന്യം, കോഴി-പന്നി ഫാമുകളിലെ മാലിന്യം, കാറ്ററിങ് സെന്ററുകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തള്ളുന്നത്. ഇരട്ടയാര്‍-കട്ടപ്പന റോഡില്‍ പേഴുംകവലക്കു സമീപത്തെ പാറമട, നെടുങ്കണ്ടം റോഡിലെ ചേമ്പളം, കട്ടപ്പന- കുന്തളംപാറ റോഡ്, വെള്ളിലാംകണ്ടം കുഴല്‍പാലത്തിന് സമീപം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും ഇത്തരക്കാരുടെ താവളങ്ങള്‍. കൂടാതെ റോഡിനോടു ചേര്‍ന്നു താമസിക്കുന്നവരുടെ വീടുകള്‍ക്കു മുമ്പില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളിയ സംഭവവും ഉണ്ടായിട്ടുണ്ട്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടിയുള്ള കൈത്തോട്ടിലും ഓടയിലും ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം വ്യാപകമായി തള്ളുന്നുണ്ട്. വലിയ കന്നാസുകളില്‍ നിറച്ച മാലിന്യം ലോറിയുമായി ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ എത്തിച്ച് ഞൊടിയിടയില്‍ നിക്ഷേപിച്ചു മടങ്ങുകയാണ്. കട്ടപ്പന ടൗണിലെ പ്രധാന സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യം രാവിലെ കൃത്യമായി നീക്കം ചെയ്തുവരുന്നുണ്ടെങ്കിലും അവശിഷ്ടങ്ങള്‍ റോഡിന്റെ വശങ്ങളില്‍ നിക്ഷേപിക്കുന്നതു ചില സാമൂഹിക വിരുദ്ധരുടെ ദിനചര്യയായി മാറിക്കഴിഞ്ഞു. വണ്ടന്‍മേടിനടുത്ത് മാലിയില്‍ ഒരു കിലോമീ റ്ററോളം ദൂരത്തിലാണ് റോഡുവശങ്ങളില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.  സംഭവം വിവാദമായപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കിയിരുന്നു. എന്നാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ഇതു പഴയപടിയായി. മേഖലയിലെ വീടുകളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളുന്നത്. നൂറു കണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സാംക്രമിക രോഗ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.