എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി കേഴുന്നു

Friday 24 June 2016 10:14 pm IST

കളമശേരി: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരാധീനതകള്‍ക്ക് നടുവില്‍. ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള സേവനം പോലും ലഭിക്കുന്നില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് രണ്ട് വര്‍ഷം മുമ്പ് സഹകരണ വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജ്. കളമശേരിയിലെ എച്ച്എംടി ഭൂമിയില്‍ സ്ഥിതിചെയ്യുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരണമെങ്കില്‍ യാത്രാക്ലേശം മുതല്‍ മരുന്ന് കിട്ടാനുള്ള പൊല്ലാപ്പ് വരെയും രോഗികള്‍ സഹിക്കണം. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭാവവും ആധുനിക പരിശോധന സംവിധാനങ്ങളുടെ കുറവും കാരണം തുടര്‍ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേയ്ക്ക് രോഗികളെ പറഞ്ഞുവിടുകയാണ്. ദിനംപ്രതി ആയിരത്തോളം രോഗികളെയാണ് 140 ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് 202 ഡോക്ടര്‍മാരുടെ സേവനമാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭിക്കേണ്ടത്. ഡോക്ടര്‍മാരുടെ, പ്രത്യേകിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭാവം, നേഴ്‌സുമാരുടെ കുറവ്, വിവിധ തരം പരിശോധനാ സംവിധാനം ഇല്ലാത്തത്, സൗജന്യവും അല്ലാത്തതുമായ മരുന്നുകള്‍ കിട്ടാതെ വരുന്നത് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് മെഡിക്കല്‍ കോളേജ് നേരിടുന്നത്. ഹൃദ്രോഗ വിഭാഗം പോലും ഇവിടെ പൂര്‍ണ്ണസജ്ജമല്ല. ആഴ്ചയില്‍ വരുന്ന താത്ക്കാലിക ഡോക്ടറാണ് നിര്‍ദ്ധനരായ രോഗികളുടെ ഏക ആശ്രയം. കാത്ത് ലാബ് സംവിധാനമില്ലാത്തതിനാല്‍ ഹൃദയ സംബന്ധമായ പരിശോധനകളൊന്നും നടക്കുന്നില്ല. കമ്മ്യൂണിറ്റി, അനാട്ടമി, ബയോ കെമിസ്ട്രി, ഫോറന്‍സിക് വിഭാഗങ്ങളില്‍ പ്രൊഫസര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയായിട്ടും അടിയന്തര ഘട്ടങ്ങളില്‍ ന്യൂറോ വിദഗ്ദ്ധന്റെ സേവനവും ലഭ്യമല്ല. അഞ്ച് ഓപ്പറേഷന്‍ മുറികള്‍, നാല് ഐസിയു എന്നിവയാണ് മെഡിക്കല്‍ കോളേജിലുള്ളത്. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ജറി നടക്കാത്തതിനാല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണ്. ഐസിയുവില്‍ 44 രോഗികള്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗജന്യമായി മരുന്നു നല്‍കേണ്ട കാരുണ്യ ഫാര്‍മസിയില്‍ മരുന്ന് പലപ്പോഴും ലഭിക്കാറില്ല. സ്‌കാനിംഗ് യന്ത്രങ്ങള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ല, ഡയാലിസിസ് യൂണിറ്റില്‍ ആളില്ല, വാര്‍ഡുകള്‍ ചോര്‍ന്നൊലിക്കുന്നു, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാന്റീന്‍ ഇല്ല, പോലീസ് എയ്ഡ് പോസ്റ്റില്‍ വനിതാ പേലീസില്ല, സന്ധ്യ കഴിഞ്ഞാന്‍ ആശുപത്രിയിലേയ്ക്ക് ബസില്ല എന്നിങ്ങനെ ഇല്ലായ്മകള്‍ അനവധിയാണ്. കൂടാതെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പ്രൊമോഷന്‍ സാധ്യത ഇല്ലാതാക്കി മറ്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരെ നിയമിക്കുന്നു, നഴ്‌സുമാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല, നഴ്‌സുമാരെ നിയമിക്കുന്നില്ല, ജീവനക്കാരുടെ വേതന വ്യവസ്ഥ പരിഷ്‌ക്കരിക്കുന്നില്ല, യൂണിഫോം അലവന്‍സ് ഇല്ല തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുള്ളത്. നഴ്‌സിംഗ് ഹോസ്റ്റലിന്റെയും ക്വാര്‍ട്ടേഴ്‌സിന്റയും നിര്‍മ്മാണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്. ഒപി ബ്ലോക്ക് നിര്‍മ്മിച്ചതിന്റെ പകുതി ഭാഗം നിര്‍ദിഷ്ട ക്യാന്‍സര്‍ കേന്ദ്രത്തിനായി ഏറ്റെടുത്തു. ബാക്കി ബ്ലോക്ക് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഡോക്ടര്‍മാരും ജീവനക്കാരും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇന്റഗ്രേഷന്‍ നടപടികള്‍ അനിശ്ചിതമായി വൈകുന്നതില്‍ ആശങ്കാകുലരാണ്. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് രണ്ട് വര്‍ഷമാകാറായിട്ടും ജീവനക്കാരെ ആരോഗ്യവകുപ്പിലേക്ക് ലയിപ്പിക്കാനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. 136 ഡോക്ടര്‍മാരുടെയും 195 ജീവനക്കാരുടെയും ഇന്റഗ്രേഷന്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ സ്ഥിര നിയമനം വേണമെന്ന് താത്ക്കാലിക ജീവനക്കാരും ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.