ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ല: ശബരിമല ആചാര രക്ഷാവേദി

Friday 24 June 2016 10:49 pm IST

കോട്ടയം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആചാര രക്ഷാവേദി സംസ്ഥാന സമിതിയോഗം പ്രഖ്യാപിച്ചു. ശബരിമലയിലെ ആചാരവും അനുഷ്ഠാനവും നിലനിര്‍ത്താന്‍ ഭക്തജനങ്ങളും ദേവസ്വം ബോര്‍ഡും പ്രതിജ്ഞാബദ്ധമാണ്. ശബരിമലയെ ടൂറിസം കേന്ദ്രമാക്കി അധഃപതിപ്പിക്കുവാന്‍ ഭക്തജനങ്ങള്‍ അനുവദിക്കില്ല. ശബരിമലയുടെ പവിത്രതയും പരിപാവനതയും നിലനിര്‍ത്തി തീര്‍ത്ഥാടന വിശുദ്ധി സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷേത്രാചാരങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ആചാര്യസഭയാണ്. യുവതിവിലക്കിനെ സ്ത്രീ വിലക്കായി തെറ്റിദ്ധരിപ്പിച്ച് ശബരിമല ക്ഷേത്രവിശ്വാസത്തെ തകര്‍ക്കുവാനും അവഹേളിക്കുവാനുമാണ് നിഗൂഢശക്തികള്‍ ശ്രമിക്കുന്നത്. കേരളത്തിലെ തന്നെ ക്ഷേത്രാചാരങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ശബരിമലയിലെ ക്ഷേത്രാചാരം. ഇതര സംസ്ഥാന ക്ഷേത്രാചാരങ്ങളും വ്യത്യസ്തമാണെന്നിരിക്കേ കോടതിയും മതേതര സര്‍ക്കാരും ഇതിനെക്കുറിച്ച് പഠിക്കാതെ അഭിപ്രായം രേഖപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണ്. സമൂഹാചാരങ്ങളിലും ക്ഷേത്രാചാരങ്ങളിലും കാലോചിതമായ പരിഷ്‌കാരങ്ങളും നവീകരണങ്ങളും ഹിന്ദുസമൂഹം ആചാര്യനിര്‍ദ്ദേശത്തോടെ നിരവധിത്തവണ നടപ്പാക്കിയിട്ടുണ്ട്. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് അധ്യക്ഷതവഹിച്ചു. ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ വിശ്വനാഥന്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍, ആലങ്ങോട്ടുയോഗം പെരിയോന്മാര്‍ വിജയകുമാര്‍, രാജപ്പന്‍നായര്‍, സ്വാമി ദര്‍ശനാനന്ദ സരസ്വതി, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് എം.പി അപ്പു, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നാരായണന്‍, വിഎച്ച്പി സത്‌സംഗപ്രമുഖ് കെ.എസ് ഓമനക്കുട്ടന്‍, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ശബരിമല ആചാര രക്ഷാവേദി സംസ്ഥാന കണ്‍വീനര്‍ ഇ.എസ് ബിജു തുടങ്ങി നാല്‍പ്പതോളം സാമുദായിക സംഘടനാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.