സംസ്ഥാന ഭാരവാഹികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക് എബിവിപി മാര്‍ച്ചിനു നേരെ പോലീസ്- എസ്എഫ്‌ഐ ആക്രമണം

Saturday 25 June 2016 9:50 am IST

കാക്കിയുടെ കൈയൂക്ക്… കേരളത്തിലെ പോളി ടെക്‌നിക്കുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടക്ക് പോലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുന്നു. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിജിലിന്റെ തല പൊട്ടി ചോരയൊലിക്കുന്നു, തലക്കടിച്ച് ഒടിഞ്ഞ ലാത്തി വൃത്തത്തിനുള്ളില്‍
                                                                                           ചിത്രം: വി.വി. അനൂപ്‌

തിരുവനന്തപുരം: എബിവിപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ്-എസ്എഫ്‌ഐ ആക്രമണം. എസ്എഫ്‌ഐ ആക്രമണം പോലീസ് ഒത്താശയോടെയായിരുന്നു. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് സാരമായി പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ. ഷിജില്‍, രോഷ്മ ബാബു എന്നിവര്‍ക്കും എസ്എഫ്‌ഐ കല്ലേറില്‍ എബിവിപി നഗര്‍ പ്രസിഡന്റ് അഖില്‍, സംസ്‌കൃതകോളേജ് യൂണിറ്റ് അംഗങ്ങളായ മനു, രുധീഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

ഗവണ്‍മെന്റ് പോളിടെക്‌നിക്കുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എബിവിപി മാര്‍ച്ച്. പന്ത്രണ്ട് മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെത്തിയതോടെ കോളേജിനുള്ളില്‍ നിന്നു കല്ലേറ് തുടങ്ങി. യൂണിവേഴ്‌സിറ്റി-സംസ്‌കൃത കോളേജുകള്‍ക്കുള്ളില്‍ സംഘടിച്ചിരുന്ന എസ്എഫ്‌ഐ ഗുണ്ടകള്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് കല്ലെറിയുകയായിരുന്നു. നിരവധി പ്രര്‍ത്തകര്‍ക്ക് കല്ലേറുകൊണ്ട് പരിക്കേറ്റു.

എന്നാല്‍ പോലീസ് വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനോ കല്ലേറ് തടയാനോ പോലീസ് തയ്യാറായില്ല.
പരിക്കേറ്റ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്നും അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അവര്‍ എംജി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പ്രതിഷേധസമരം സംസ്ഥാനസെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റ് കോളേജിലേക്ക് മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ച് തടഞ്ഞ പോലീസ് പ്രകോപനം കൂടാതെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു.

എബിവിപി പ്രവര്‍ത്തകയായ രേഷ്മയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ രേഷ്മയുടെ തോളെല്ലിന് തകരാറ് സംഭവിച്ചു. ഷിജിലിന്റെ തലയ്ക്കടിച്ച ലാത്തി രണ്ടായി ഒടിഞ്ഞു തെറിച്ചു. ഗുരുതമായി പരിക്കേറ്റ ഷിജില്‍ അരമണിക്കൂറോളം റോഡില്‍ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറിയില്ല.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി നേതാവ് വി.വി. രാജേഷ് ഇടപെട്ട ശേഷമാണ് ഷിജിലിനെയും പരിക്കേറ്റവരെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് തയ്യാറായത്. പരിക്കേറ്റവരെ ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് മര്‍ദ്ദനത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ ആര്‍. അശ്വിന്‍, വിനീത് മോഹന്‍, കെ. സുജിത് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ സമരങ്ങളെ ചോരയില്‍മുക്കി കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി എ. പ്രസാദ് പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിക്കുന്നു. അതിന്റെ തെളിവാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനുനേരെ ഉണ്ടായ സംഘടിത അക്രമമെന്നും ഇതില്‍ പ്രതിഷേധിച്ച് 27 ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും എ.പ്രസാദ് അറിയിച്ചു..

എബിവിപി മാര്‍ച്ചിന് നേരെ എസ്എഫ്‌ഐ നടത്തിയ ഗുണ്ടാ വിളയാട്ടത്തിലും പോലീസ് മര്‍ദ്ദനത്തിലും യുവമോര്‍ച്ച പ്രതിഷേധിച്ചു. യൂണിവേഴ്‌സിറ്റ് കോളേജില്‍ നിന്ന് എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നു യുവമോര്‍ച്ച ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.