5 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി വേണം

Friday 24 June 2016 11:13 pm IST

കൊച്ചി: സംസ്ഥാനത്തെ അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. മൂന്നു ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വണ്ണാത്തിച്ചിറയിലെ ആനി ബാബു, കണ്ണൂര്‍ ഇരിക്കൂറിലെ ജോയി ജോസഫ്, തൊടുപുഴ മീന്‍മുട്ടിയിലെ ജോസഫ് മാത്യു എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്. ഹര്‍ജികള്‍ ഹൈക്കോടതി അനുവദിച്ചു. സംസ്ഥാനത്ത് 2014-15ല്‍ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നതിനു പരാസ്ഥിതികാനുമതി നിര്‍ബന്ധമാക്കി ഉത്തരവ് നല്‍കിയിരുന്നുവെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ പല സമയത്തും ക്വാറി ഉടമകള്‍ക്ക് അനുകൂലമായി പല ഭേദഗതികളും കൊണ്ടുവന്നിരുന്നു. സുപ്രീം കോടതി ഇത്തരത്തിലുള്ള അപ്പീല്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഏക്കറില്‍ താഴെയുള്ള ക്വാറി ഉടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. നിലവിലുള്ള ക്വാറികള്‍ക്ക് ഹൃസ്വകാലത്തേയ്ക്ക് പാരിസ്ഥിതികാനുമതി തേടാതെ തന്നെ പ്രവര്‍ത്തിക്കുന്നതിനു അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഇതു സുപ്രീംകോടതി രേഖപ്പെടുത്തുകയും ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനു അനുമതി ലഭിക്കുകയും ചെയ്തു. സുപ്രീംകോടതിയും, ഹൈക്കോടതിയും മുമ്പു നല്‍കിയിട്ടുള്ള ഉത്തരവുകള്‍ക്ക് വിരുദ്ധമായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.