അറസ്റ്റ്‌ വൈകുന്നതിന്‌ പിന്നില്‍ ഉന്നതതല ഇടപെടല്‍

Saturday 18 February 2012 10:23 am IST

കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ വെടിവച്ച്‌ കൊന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യാത്തതില്‍ ദുരൂഹതയേറുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നടന്ന നിഷ്ഠുര കൊലപാതകത്തിന്‌ ഉത്തരവാദികളായ വിദേശികള്‍ക്കെതിരെ ഐപിസി പ്രകാരം കേസെടുക്കാതെ ഇതൊരു നയതന്ത്രപ്രശ്നമെന്ന നിലയിലേക്ക്‌ ചര്‍ച്ച കൊണ്ടുവന്നത്‌ ദല്‍ഹി കേന്ദ്രീകരിച്ചുള്ള ഉന്നതതല ഇടപെടലാണെന്നാണ്‌ സൂചന.
ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ അധികൃതരെ കസ്റ്റഡിയിലെടുക്കാതെ ചര്‍ച്ചകള്‍ നടത്തി അറസ്റ്റ്‌ വൈകിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളി നടത്തുകയാണ്‌. എന്‍റിക്ക ലെക്സിയെന്ന വെറുമൊരു എണ്ണക്കപ്പലില്‍നിന്നാണ്‌ സുരക്ഷാഭടന്മാര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത്‌. മത്സ്യത്തൊഴിലാളികള്‍ കരഞ്ഞ്‌ വിളിച്ചിട്ടും വെടിവച്ച്‌ കൊല്ലുകയായിരുന്നു. സ്വാഭാവികമായി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുത്ത്‌ പ്രതികളെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കേണ്ടതാണ്‌. എന്നാല്‍ ഇതിന്‌ പകരമായി സിറ്റി പോലീസ്‌ കമ്മീഷണര്‍ ഇറ്റാലിയന്‍ സ്ഥാനപതിയുമായും കപ്പല്‍ അധികൃതരുമായും ചര്‍ച്ച നടത്തുകയാണ്‌ ചെയ്യുന്നത്‌. കസ്റ്റഡിയിലെടുത്ത കപ്പല്‍ പരിശോധിക്കുവാന്‍വരെ പോലീസിനോ കോസ്റ്റ്ഗാര്‍ഡിനോ ആയിട്ടില്ല. കപ്പലിലെത്തിയും അല്ലാതെയും തുടര്‍ച്ചയായി ചര്‍ച്ചകള്‍ മാത്രമാണ്‌ നടക്കുന്നത്‌. ഇങ്ങനെ സമയം നീട്ടിക്കൊണ്ടുപോകുന്നതാണ്‌ ഉന്നതതല ഇടപെടലിന്റെ സൂചനയിലേക്ക്‌ വിരല്‍ചൂണ്ടുന്നത്‌.
ഇറ്റലിയുമായി ജന്മാന്തരബന്ധങ്ങളുള്ള കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രം ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടത്രെ. ഇതാണ്‌ സര്‍വ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള പോലീസിന്റെ നീക്കങ്ങള്‍ക്ക്‌ പിന്നിലെന്നാണ്‌ സൂചന. ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിയമങ്ങളെ വെല്ലുവിളിക്കുകയാണ്‌. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊന്ന ഇറ്റാലിയന്‍ കുറ്റവാളികളെ രക്ഷികാനും സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിരതന്നെ എത്തുന്നുണ്ടെന്നാണ്‌ ശ്രുതി. കോണ്‍ഗ്രസിന്റെ വക്താവായ മനു അഭിഷേക്‌ സിംഗ്‌വിയുടെ പേരും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. പ്രശ്നത്തില്‍ ആരെല്ലാം ഇടപെട്ടുവെന്നും ഇന്ത്യക്കെതിരായി നിലപാടെടുത്തിട്ടുണ്ടെന്നും വ്യക്തമായ സൂചനയാണിത്‌ നല്‍കുന്നത്‌. ഇന്നലെ അറസ്റ്റ്‌ ചെയ്തിരുന്നുവെങ്കില്‍ കോടതിയില്‍നിന്നും കേസ്‌ സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗദര്‍ശനം ഉണ്ടായേനേ. ഇന്നും നാളെയും മറ്റന്നാളും കോടതി അവധിയായതിനാല്‍ കാര്യങ്ങള്‍ വൈകിക്കുക എന്ന തന്ത്രവും ഇതിന്‌ പിന്നിലുണ്ട്‌. ദല്‍ഹിയിലെ ബുദ്ധികേന്ദ്രങ്ങളാണ്‌ ഇക്കാര്യങ്ങള്‍ക്കെല്ലാം ചരട്‌ വലിക്കുന്നത്‌.
മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊന്ന സംഭവം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര വിഷയമല്ല. തികച്ചും കുറ്റകൃത്യം മാത്രമാണ്‌. സംഭവത്തെ ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ ന്യായീകരിക്കുന്നതിനെതിരെ കോസ്റ്റ്ഗാര്‍ഡ്‌ രംഗത്തെത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെയായിരുന്നു വെടിവയ്പ്‌ എന്നും യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നുവെന്നും കോസ്റ്റ്ഗാര്‍ഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കപ്പലിനെതിരെയുള്ള നടപടികള്‍ വൈകുന്നതിലും പ്രതികളെ അറസ്റ്റ്‌ ചെയ്യാത്തതിലും തീരദേശ സേനയിലും പോലീസിലും അമര്‍ഷമുളവാക്കിയിട്ടുണ്ട്‌.
ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിവയ്പ്പില്‍ കൊല്ലം മൂദാക്കര ഡെറിക്‌ വില്ലയില്‍ ജെലസ്റ്റിന്‍ (വാലന്റൈന്‍-50), എരമത്തുറ സ്വദേശി അജീഷ്‌ പിങ്കു (21) എന്നിവരാണ്‌ മരിച്ചത്‌.
എന്‍.പി.സജീവ്‌
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.