കാര്‍ഷിക സെന്‍സസ് ജൂലൈ മുതല്‍

Saturday 25 June 2016 4:16 pm IST

ആലപ്പുഴ: കാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ തയാറാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 10-ാമത് കാര്‍ഷിക സെന്‍സസ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈയില്‍ ജില്ലയില്‍ ആരംഭിക്കും. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തിന് മുന്നോടിയായി കളക്‌ട്രേറ്റില്‍ അലോചനായോഗം നടന്നു. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഇന്‍വസ്റ്റിഗേറ്ററായിരിക്കും പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനായി വീടുകളില്‍ എത്തുക. ഓരോ പഞ്ചായത്തിലും പ്രത്യേക വാര്‍ഡുകള്‍ തെരഞ്ഞെടുത്ത് അവിടെയായിരിക്കും വിവരശേഖരണം നടത്തുക. തെരഞ്ഞെടുത്ത വാര്‍ഡുകള്‍ പിന്നീട് പഞ്ചായത്ത് സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവരെ ജൂലൈ ഒന്നിനകം അറിയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഡിവിഷന്‍/വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് കൃഷി ഭൂമിയുടെ പൂര്‍ണ വിവരങ്ങള്‍, ഭൂ വിനിയോഗം, ഉടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം-കീടനാശിനി ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍, കന്നുകാലികള്‍ എന്നിവ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും. ജലസേചനവും സ്രോതസ്സുകളും വിളകളുടെ വിസ്തൃതി എന്നിവ രേഖപ്പെടുത്തും. എല്ലാ അഞ്ചുവര്‍ഷവും കൂടുമ്പോഴാണ് കാര്‍ഷിക സെന്‍സസ് എടുക്കുന്നത്. കര്‍ഷകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും പരമാവധി സെന്‍സസുമായി സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ഡി. സജിത്കുമാര്‍, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.