ഇവിടെ ഇങ്ങനേയും ചിലര്‍

Thursday 30 June 2016 11:16 am IST

വര്‍ഷങ്ങള്‍ക്ക് മുമ്പ്.
ഒരു ഉച്ച തിളയ്ക്കുന്നു. ദീപികയുടെ വനിതാ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന എന്റെ നോവലിന്റെ അടുത്ത അദ്ധ്യായം ഏല്‍പ്പിച്ച് ഞാന്‍ പുറത്തേക്കിറങ്ങുകയായിരുന്നു. അപ്പോഴാണ് ഓടിക്കിതച്ച് ആ ഗ്രന്ഥകാരന്‍ വരുന്നത് കണ്ടത്. വര്‍ഷങ്ങളുടെ പരിചയമുള്ള ഞാന്‍ അദ്ദേഹത്തോട് അന്വേഷിച്ചു. ”എന്തുപറ്റി?” അയാള്‍ ക്ഷുഭിതനാണ്. ‘ദീപികയില്‍ ഒരു തെറ്റുവന്നു. ഞാനത് ചൂണ്ടിക്കാണിച്ച് കത്തെഴുതി. എന്നിട്ട് തെറ്റ് തിരുത്തിയതുമില്ല. എന്റെ കത്ത് പ്രസിദ്ധീകരിച്ചതുമില്ല. അതുകൊണ്ട് നേരില്‍ക്കണ്ട് ചിലത് പറയാന്‍ ഇറങ്ങിയതാണ്. ഇതു പറ്റില്ലല്ലോ”.

”കത്തെഴുതി അറിയിച്ചില്ലെ. അവിടെ വച്ച് നിങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞില്ലെ…” ഞാന്‍ ചോദിച്ചു. ”അതൊക്കെ ശരിയായിരിക്കും. പക്ഷെ ഞാനിത് വിടാന്‍ പോകുന്നില്ല”.
വെയിലിനേക്കാളേറെ തിളച്ച് ആ ചങ്ങാതി ദീപികയിലേക്ക് നടന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ചത് തെറ്റുതന്നെയായിരുന്നുവോ?. അത് പ്രസിദ്ധീകരണാര്‍ഹമായ കത്തായിരുന്നുവോ എന്തോ? ഏതായാലും ഒരു പിണക്കത്തിനുള്ള യാത്ര.

ആ ‘ചങ്ങാതി’യുടെ ജീവിതം തന്നെ ഇത്തരം ഏറ്റുമുട്ടലുകളുടേയും പരാതികളുടേയും നെട്ടോട്ടമായിരുന്നു. ഒരു പ്രമുഖ എഴുത്തുകാരന്റെ മരണശേഷമുള്ള പുരസ്‌കാരം ആ ചങ്ങാതിക്ക് ലഭിച്ചു!. അതിലും തൃപ്തികാണാതെ പുരസ്‌കാര നിര്‍ണയ സമിതിയുടെ അദ്ധ്യക്ഷനെ കാണുമ്പോള്‍ പരാതി പറയും. ”ഈ പുരസ്‌കാരം നിങ്ങള്‍ എനിക്ക് നേരത്തെ തരേണ്ടതായിരുന്നു”. തെല്ലുതമാശയോടെ ആ സമിതി അദ്ധ്യക്ഷന്‍ പറയുന്നു.
”പ്രമുഖനായ അദ്ദേഹത്തിന്റെ പേരിലുള്ള മരണാന്തര അവാര്‍ഡ് മരണത്തിന് മുമ്പേ അയാള്‍ക്ക് കൊടുക്കാന്‍-പറ്റ്വോ?!”

തര്‍ക്കിച്ചും പരാതി പറഞ്ഞും തൊഴില്‍ നഷ്ടത്തിലായി. കുടുംബം ഛിന്നമായി. ഒന്നിലും തൃപ്തിയില്ലാത്ത നടപ്പ്. പരിചയക്കാര്‍ കണ്ടാല്‍ തിരിഞ്ഞുനില്‍ക്കും. അല്ലെങ്കില്‍ അവരോട് ചോദിക്കും. ”നിങ്ങളൊക്കെ എനിക്ക് വേണ്ടി എന്താ ചെയ്തുതരുന്നത്?” കഴിവിനൊത്ത് ആരുസഹായിച്ചാലും അതിലൊന്നും തൃപ്തിയില്ല. പോര…പോര… എന്ന ചിന്ത. അതുകൊണ്ട് സഹായസന്നദ്ധര്‍പോലും ഒന്നുമടിക്കുന്നു. ഇദ്ദേഹം ചിന്തിക്കുന്നില്ല. താന്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്താണ് ചെയ്യുന്നതെന്ന്.

ഒരിക്കല്‍, സാഹിത്യപരിഷത്തിന്റെ സമ്മേളന സ്ഥലത്തുവച്ചുകണ്ടപ്പോള്‍ ചങ്ങാതി എന്നോട് പറഞ്ഞു-”നിങ്ങളൊക്കെ സീരിയലിലും സിനിമയിലും ഡബ്ബ് ചെയ്യുന്നില്ലെ. എന്നെ എന്താ വിളിക്കാത്തത്”. ഞാനൊന്നു ചിരിച്ചുപോയി. ”നിങ്ങളെ വിളിക്കാത്തത് എന്താണ് എന്ന് എനിക്കറിയില്ല. എന്നെ വിളിച്ചിട്ടാണ് ഞാന്‍ പോകുന്നത്.”

”എന്നേയും വിളിക്കാന്‍ സംവിധായകരോട് പറയണം”. ”അങ്ങനെ വിളിച്ചൂന്ന് വരില്ല. യൂണിയനും മറ്റും ഉണ്ട്. വേറെയും ഫോര്‍മാലിറ്റീസ് ഉണ്ട്. ഒരു കാര്യം ചെയ്യൂ…സംവിധായകരെ ഒന്ന് കാണ്”. ഞാന്‍ പറഞ്ഞു.
”ഹേയ് അവരൊന്നും സഹായിക്കില്ലെന്നേ…എന്ത് ഫോര്‍മാലിറ്റീസ് ഉണ്ടെങ്കിലും നിങ്ങള്‍ പറഞ്ഞ് വിളിപ്പിക്ക്. എനിക്ക് ഡബ്ബ് ചെയ്യാനുള്ള കഴിവൊക്കെയുണ്ട്”. ഞാനെന്ത് പറയാന്‍!.
ഈ അടുത്ത കാലത്ത് എന്റെ സുഹൃത്തായ ബാലസാഹിത്യകാരന്‍ വേണു വാരിയത്തിനെ കണ്ടപ്പോഴും അയാള്‍ പറഞ്ഞുവത്രെ. ”നിങ്ങള്‍ എന്നെ സഹായിക്കാത്തത് എന്താ”. പലരും ഈ

പരാതികേട്ട് മാറി നടക്കുന്നു.
പക്ഷെ,
ആ വനിതാ നോവലിസ്റ്റിന്റെ കാര്യം അങ്ങനെയായിരുന്നില്ല. നികുതി വകുപ്പിലായിരുന്നു ജോലി. കോട്ടയം പ്രസിദ്ധീകരണങ്ങളിലാണ് എഴുതിയിരുന്നത്. തന്റെ അടുത്തുവരുന്ന അവരുടെ ഫയലുകള്‍ നോക്കുമ്പോള്‍ കൈക്കൂലിക്കുപകരം നോവല്‍ പ്രസിദ്ധീകരിച്ചുകിട്ടിയാല്‍ മതി. പിന്നെ വേണ്ടത്ര സമ്മാനങ്ങളും പത്രാധിപര്‍ക്ക് നല്‍കും. ആ നോവലിസ്റ്റ് ചേച്ചിക്ക് പേരുവീണു!. ഗിഫ്റ്റ് നോവലിസ്റ്റ്.

ഒരിക്കല്‍-
എറണാകുളത്ത് ഒരു കഥാമത്സരം. പരിശോധക കമ്മറ്റിക്കാരേയും മറ്റും അവര്‍ അറിഞ്ഞുവച്ചു. സ്വാധീനിച്ചു. വേണ്ടത്ര സമ്മാനങ്ങള്‍ അവര്‍ക്ക് മറ്റൊരാള്‍ വഴികൊടുത്തുവിട്ടു. ഞാന്‍ സാക്ഷി. മത്സരഫലം വന്നു. നോവലിസ്റ്റ് ചേച്ചിക്ക് ഒന്നാം സമ്മാനം. സമ്മാനം ലഭിച്ചപ്പോള്‍ ഒരു സൗഹൃദസദസ്സില്‍ വച്ച് അവര്‍ പറഞ്ഞു. ”ഒരു കഥ എഴുതി അയച്ചു. അത്രേയുളളു. അതുപോലും അയക്കാന്‍ മടിയായിരുന്നു. ഈ മോഹന്‍ പറഞ്ഞിട്ടാ അയച്ചത്. സമ്മാനം കിട്ടിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയീട്ടോ. എനിക്കിങ്ങനെ മത്സരത്തിനുള്ള കാര്യങ്ങളൊന്നും അറിയില്ല. അല്ലെങ്കി, ഈ മോഹനനോട് ചോദിക്ക്”.

പാലേലി നാരായണന്‍ നമ്പൂതിരി

ഇതിനും സാക്ഷിയായിരുന്ന ഞാനാണ് അപ്പോള്‍ അത്ഭുതപ്പെട്ടുപോയത്!. പിന്നീട് തനിക്ക് ചാനലുകളില്‍ പിടിപാടുണ്ടെന്ന് പറഞ്ഞ് പലപ്പോഴും ആ ഗിഫ്റ്റ് നോവലിസ്റ്റ് ചതിച്ചത് ഒരു ഉച്ചപ്പത്രത്തില്‍ വാര്‍ത്തയാകുകയും ചെയ്തു. ഈ കാപട്യങ്ങളെല്ലാം ഇവര്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നുണ്ടോ?. അറിയില്ല.

കാലങ്ങളായി ന്യൂയോര്‍ക്കിലെ ഇംമ്പീരിയല്‍ തിയേറ്ററില്‍ മുടക്കം കൂടാതെ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നൃത്തസംഗീതനാടകം ഉണ്ട്. ‘ലെ മിസെറാബ്‌ളെ'(പാവങ്ങള്‍) എന്നാണിതിന്റെ പേര്. വിഖ്യാത നോവലിസ്റ്റ് വിക്ടര്‍ ഹ്യൂഗോയുടെ ഇതേപേരിലുള്ള നോവലാണിതിന് ആധാരം. 1987 ല്‍ ഏറ്റവും നല്ല മ്യൂസിക്കലിനുള്ള ടോണി അവാര്‍ഡ് നേടിയ ഈ നാടകം ഇന്നും പ്രദര്‍ശനം തുടരുന്നു.

അതില്‍ ഷോണ്‍ബര്‍ഗ് നല്‍കിയ ഈണത്തില്‍ ഷാന്‍വാല്‍ ഷാന്‍ പാടുന്നുണ്ട്. ”എനിക്ക് എന്നെത്തന്നെ എന്നന്നേക്കും ഒളിപ്പിക്കാനാകുമോ?. ഞാന്‍ ആയിരുന്ന ആള്‍ അല്ലെന്ന് എനിക്ക് നടിക്കാമോ?. ഞാന്‍ കള്ളം പറയാമോ?”

ഒരു മൗനത്തിന്റെ ഇടവേളയ്ക്കുശേഷം ഷാന്‍വാല്‍ഷാന്‍ വീണ്ടും പാടുന്നു. ”ഞാന്‍ എന്റെ സഹജീവികളെ എങ്ങനെ അഭിമുഖീകരിക്കും. എനിക്ക് എന്നെത്തന്നെ എങ്ങനെ വീണ്ടും അഭിമുഖീകരിക്കാന്‍ സാധിക്കും”. ഒരുപക്ഷെ മറ്റുള്ളവരെ നമുക്ക് കബളിപ്പിക്കാനെളുപ്പമായേക്കാം. പക്ഷെ, സ്വയം എങ്ങനെ കബളിപ്പിക്കും. തന്നില്‍ നിന്ന് കാപട്യം കാണിച്ച് ഒളിച്ചോടാന്‍ വഴിയില്ലല്ലോ. അതുകൊണ്ടാണ് എന്റെയൊരു സുഹൃത്ത് ഒരു സൗഹൃദസംഭാഷണത്തില്‍ പറഞ്ഞത് ‘കടം വാങ്ങിയാല്‍ മനപൂര്‍വം തിരിച്ചുകൊടുക്കാതിരിക്കാം. വാങ്ങിയില്ലെന്ന കള്ളം പറയാം. കൊടുക്കേണ്ട ആളെ കാണുമ്പോള്‍ ഒളിച്ചുനടക്കാം. പക്ഷെ, കടം വാങ്ങിയതാണെന്നും താനത് തിരിച്ചുകൊടുക്കേണ്ടതാണെന്നുമുള്ള ബോധത്തില്‍ നിന്നും എങ്ങനെ രക്ഷപെടാനാകും?’

ഇത് കടം വാങ്ങലില്‍ മാത്രമല്ല; എല്ലാറ്റിലും ഉള്‍ക്കൊണ്ടതാണ്. പലപ്പോഴും ജാടകള്‍ക്ക് എതിരെ പറഞ്ഞാലും നമ്മള്‍ ജാടകള്‍ക്ക് വലിയ മതിപ്പുകാണുന്നവരാണെന്നുതോന്നുന്നു. അതുകൊണ്ടാണല്ലോ ഏതെങ്കിലും രംഗത്ത് ഒന്നുവന്നുപെട്ടാല്‍ത്തന്നെ ജാടകള്‍ കാണിക്കുന്നതും ആ ജാടകളെ നാം കണ്ട് അത്ഭുതപ്പെട്ട് ആദരിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നതും. എല്ലാവരേയും തുല്യമായി കണ്ടും സംസാരിച്ചും തോളത്ത് കൈയിട്ടും സംസാരിച്ചും തമാശപറഞ്ഞും നടക്കുന്ന പ്രതിഭകളെ നാം പലപ്പോഴും ചെറുതായി കാണുന്നതും അതുകൊണ്ടാകാം. ആ മഹത്വം മനസ്സിലാക്കാന്‍ വൈകിപ്പോകുന്നതും അതായിരിക്കാം. ‘അതിപരിചയം അവജ്ഞ’ എന്നാണല്ലോ ചൊല്ലുതന്നെ. ‘ഹിമാലയത്തിനോട് ചേര്‍ന്നുനിന്നാല്‍ അതിന്റെ ഉയരം കാണാന്‍ കഴിയില്ലെ’ന്നും പറയാറുണ്ട്. എന്നാല്‍ ഈ മഹത്തുക്കളൊന്നും അവരുടെ ഉയരം കാണണം എന്ന് ആഗ്രഹിച്ചിട്ടുണ്ടാകാന്‍ വഴിയില്ല.

ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അവസാനകാലത്ത് ജീവചരിത്രം തയ്യാറാക്കിക്കൊണ്ടിരുന്ന സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചത്രെ, ‘നിങ്ങള്‍ പറഞ്ഞത് ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയ ഒരാളെയെങ്കിലും കണ്ടുമുട്ടിയോ’ ‘ഇല്ല’. ‘പിന്നെ എന്തിനാണ് ഇതൊക്കെ ചെയ്തത്’.
”അത് ഒരു പൂവിനോട് എന്തിനാണ് വിരിഞ്ഞത് എന്ന് ചോദിക്കുംപോലെയാണ്”.
അതെ-പൂവിന്റെ ധര്‍മമാണ് വിരിയുക എന്നത്!

താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ തന്റെ ധര്‍മം മാത്രം എന്നാകും മഹത്തുക്കള്‍ കരുതുന്നത്. പാലേലി നാരായണന്‍ നമ്പൂതിരി. സംസ്‌കൃത പണ്ഡിതന്‍. സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദം. പ്രഗത്ഭനായ അദ്ധ്യാപകന്‍. ഉന്നതനായ ഗ്രന്ഥകാരന്‍. അദ്ദേഹം യുസി കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായിരുന്നു. കണ്ണങ്കാലുവരെ എത്തുന്ന മുണ്ട്. അരകൈയന്‍ ഷര്‍ട്ട്. ചിലപ്പോള്‍ ഉടുപ്പ് ഇസ്തിരിയിട്ടിട്ടുണ്ടാവില്ല. തോളത്ത് ഒരു സഞ്ചി. അതില്‍ ഭക്ഷണം, പുസ്തകങ്ങള്‍.

പലപ്പോഴും കോളേജില്‍ സെക്യൂരിറ്റിക്കാര്‍ മാറിമാറി വരാറുണ്ട്. ഒരിക്കല്‍ രാവിലെ ഇദ്ദേഹം ചെന്നപ്പോള്‍ സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് കയറ്റിവിട്ടില്ലത്രെ!.
‘ഞാനിവിടത്തെ അദ്ധ്യാപകനാണ്’ പാലേലി സാര്‍ പറഞ്ഞു. സെക്യൂരിറ്റിക്കാരന്‍ ആകെയൊന്ന് നോക്കി.

കണ്ടിട്ട് അദ്ധ്യാപകന്‍ പോയിട്ട് അവിടുത്തെ തൂപ്പുകാരന്‍പോലും ആണോ എന്ന സംശയം! ഭ്രാന്തുപറയുന്നോ. ‘വേണ്ട വേണ്ട അകത്തേക്കുപോകണ്ട…’അയാള്‍ കട്ടായം പറഞ്ഞു.
എതിര്‍ക്കാനോ, അദ്ധ്യാപകനാണെന്ന് തെളിയിക്കാനോ ഒന്നും സാര്‍ നിന്നില്ല. കുട്ടികള്‍ ഇടയ്ക്കുപോകുന്ന ഒരു ചെറിയ ഗെയിറ്റുണ്ട്. അവിടേക്ക് നടന്നു. അതിലെയാണെങ്കിലും കോളേജില്‍ കയറിപ്പറ്റാമല്ലോ?

പക്ഷെ, എന്തുകാര്യം. ആ ഗെയിറ്റും പൂട്ടിയിരിക്കുന്നു. തിരിച്ചുവീണ്ടും മുഖ്യകവാടത്തില്‍ത്തന്നെ വന്നുനിന്നു. സെക്യൂരിറ്റിക്കാരനാണെങ്കില്‍ കടത്തിവിടാന്‍ ഭാവമില്ല. മാത്രമല്ല അവിടെനിന്നും പറഞ്ഞുവിടാനാണ് ഒരുക്കം.

അപ്പോഴാണ് സാറിനെ ചില വിദ്യാര്‍ത്ഥികള്‍ കണ്ടത്. ഗെയിറ്റ്മാന്‍ തടഞ്ഞുവച്ചിരിക്കുന്നത് പ്രിന്‍സിപ്പാളിനെ അറിയിച്ചു. പ്രിന്‍സിപ്പാള്‍ പ്യൂണിനെ വിട്ട് ഗെയിറ്റ്മാനെ വിവരം അറിയിച്ചു. വസ്ത്രം കണ്ടും എളിമകണ്ടും തെറ്റിദ്ധരിച്ച സെക്യൂരിറ്റിക്കാരന്‍ വിളറി. ക്ഷമചോദിച്ച് അകത്തേക്ക് കടത്തിവിട്ടു. അപ്പോഴും സ്ഥിതപ്രജ്ഞനായ നാരായണന്‍ നമ്പൂതിരി സാറിന് ഒരേഭാവം!.

ശരീരബോധം പോലും ഇല്ലാതായ ആത്മാരാമന്‍മാരായ ശ്രേഷ്ഠ സന്യാസിമാര്‍ക്ക് അടിവസ്ത്രമുണ്ടോ എന്ന് ഒളിഞ്ഞുനോക്കുന്ന മന്ത്രിയുടെ മനോനിലവാരം. അടിവസ്ത്രം നോക്കി, ആളെ തിരിച്ചറിഞ്ഞ് ശ്രേഷ്ഠത കല്‍പിക്കുന്ന ഒളിഞ്ഞുനോട്ടം. മന്ത്രിയുടെ മനോനില പലര്‍ക്കും കണ്ടേക്കാം എന്നുമാത്രം.

പാലേലി സാറിന്റെ ജീവിതത്തില്‍ ഇതേപോലെ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍!സംഭവങ്ങള്‍!. വസ്ത്രം നോക്കി, ലാളിത്യം നോക്കി വിലയിരുത്താന്‍ ശ്രമിച്ചവര്‍ അദ്ദേഹത്തിന്റെ മഹത്തായ ഭാഷ-സാഹിത്യ സംഭാവനകള്‍ അറിഞ്ഞ് മനസ്സിലാക്കാന്‍ വൈകിയത് അദ്ദേഹത്തിന്റെ കുറ്റമാവില്ലല്ലോ?

പ്രസിദ്ധ മനശാസ്ത്രജ്ഞനായ ജോ്ണ്‍ പവ്വൗല്‍ എഴുതി നമ്മുടെ ഉള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് നമ്മുടെ ജീവിതകഥ വിരചിക്കുന്നത്. അവ നമ്മെ സ്വാധീനിക്കും. ജീവിതത്തെ വിജയത്തിലേക്കോ പരാജയത്തിലേക്കോ നയിക്കും.

പണംകൊണ്ട് മരുന്നുകള്‍ വാങ്ങാം. പക്ഷെ, ആയുസ്സ് നേടാനാകുമോ?. പണംകൊണ്ട് പദവികള്‍ നേടാം. ആദരവ് നേടാനാകുമോ? പണംകൊണ്ട് പുസ്തകങ്ങള്‍ വാങ്ങാം. പക്ഷെ അറിവ് നേടാനാകുമോ?

പണംകൊണ്ട് നേടേണ്ടതും നേടാവുന്നതുമായ പലതുമുണ്ട്. പക്ഷെ, പണംകൊണ്ടുമാത്രം നേടാന്‍ കഴിയാത്തതും ഏറെയുണ്ട് എന്ന് മറക്കാന്‍ വയ്യ. ആഡംബരങ്ങളും ആഭരണങ്ങളും ധനം സമ്മാനിക്കും;. പക്ഷെ അവ സംസ്‌കാരത്തിന് പകരമാവില്ല. കണ്ണുകൊണ്ടുകാണുന്നത് പലതും നഷ്ടപ്പെടും. ഭൗതിക വസ്തുക്കള്‍ ഒക്കെത്തന്നെ. കണ്ണുനഷ്ടപ്പെടും. എന്നാല്‍ കാണാന്‍ കഴിയാത്തതൊ സ്‌നേഹം… കരുണ…എല്ലാമെല്ലാം നിലനില്‍ക്കും. വിലയ്ക്കുവാങ്ങിയ പുരസ്‌കാരങ്ങളിലും മറ്റും അഭിരമിച്ചും ആര്‍ത്തിപൂണ്ട് പരാതി പറഞ്ഞ് സ്വയം ശല്യക്കാരനാകുമ്പോഴും മറക്കാതിരിക്കാന്‍ നോക്കാം-

വിലകൊടുത്താല്‍ കിട്ടാത്തത് പലതും ജീവിതത്തിലുണ്ട്. അത് വിസ്മരിക്കുമ്പോള്‍ ജീവിതം അപൂര്‍ണവും അസുന്ദരവും അനാരോഗ്യകരവുമാകും.

പുതുമൊഴി: മൗനം നടിച്ചാല്‍ മണ്ടന്‍,
സംസാരിച്ചാലോ മരമണ്ടന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.