തിരുവാതിര ഞാറ്റുവേല എത്തിയിട്ടും നിറഞ്ഞില്ല , നിള

Saturday 25 June 2016 7:38 pm IST

നിള, ഒരുകാലത്ത് വശ്യമനോഹരിയായി, ആരേയും മോഹിപ്പിച്ചുകൊണ്ട് നിറഞ്ഞൊഴുകിയ കേരളത്തിന്റെ പ്രിയനദി. ഇന്ന് നിള സമൃദ്ധമല്ല. പഴയ ആ വശ്യതയ്ക്കും മങ്ങല്‍ ഏറ്റിരിക്കുന്നു. ഇപ്പോഴിതാ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു തിരുവാതിര ഞാറ്റുവേല എത്തിയിട്ടും നിള നിറഞ്ഞതുമില്ല. മഴയ്ക്ക് ഇരുകരകളെയും പുണര്‍ന്നൊഴുകിയിരുന്ന നിളക്ക് ഈ വര്‍ഷം അതിനുള്ള ഭാഗ്യം ഇതുവരെയും ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴക്കുതന്നെ ദിവസങ്ങളോളം ഭാരതപ്പുഴ നിറഞ്ഞൊഴുകിയിരുന്നു. കടുത്ത വരള്‍ച്ച നേരിടുന്ന പാലക്കാട് മേഖലയിലെ പ്രധാന ജല സ്രോതസ്സാണ് ഭാരതപ്പുഴ. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇരുപതിലധികം ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രധാന കുടിവെള്ള പദ്ധതികളും കാര്‍ഷിക ജലസേചന പദ്ധതികളും ഈ നദിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതും. പോഷക നദികളായ കണ്ണാടി, ഗായത്രി, കല്‍പ്പാത്തി, തൂതപ്പുഴ തുടങ്ങിയ നദികളിലെ നീരൊഴുക്കിനും മുന്‍കാലങ്ങളില്‍ നിന്നും അപകടകരമായ രീതിയില്‍ കുറവ് വന്നിട്ടുണ്ട്. മലമ്പുഴ അടക്കം ചെറുതും വലുതുമായ 12 ഡാമുകള്‍ അടങ്ങുന്നതാണ് ഈ നദിയുടെ വൃഷ്ടി പ്രദേശം. വ്യാപകമായ രീതിയില്‍ സ്വാഭാവിക വനം ഇവിടെ നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ 70 ശതമാനം സ്വാഭാവിക വനം ഈ മേഖലകളില്‍ ഇല്ലാതായതായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. നീലത്താമര ഇതളുകള്‍ എന്ന് മഹാകവി പി പാടിയ നിളാതീരത്തെ ചെങ്കല്‍ കുന്നുകളില്‍ വന്‍തോതില്‍ ചെങ്കല്‍ ഖനനം നടക്കുന്നു. സ്വാഭാവിക വനങ്ങളായിരുന്ന ഈ കുന്നുകള്‍ ഇന്ന് പേപ്പര്‍ മില്ലുകള്‍ക്ക് വേണ്ടിയുള്ള അക്വേഷ്യാ നഴ്‌സറികളായി മാറി. അശാസ്ത്രീയമായ മണലെടുപ്പില്‍ തളര്‍ന്ന നിള ഇന്ന് മരണാസന്നയാണ്. var7ഈ കാലവര്‍ഷം അതിന്റെ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ നിളയിലെ നീരൊഴുക്കിനെ കുറിച്ച് നാം ആശങ്കപ്പെടുന്നു. തടയണക്ക് ഭാഗ്യം ലഭിക്കാത്ത പ്രദേശങ്ങളില്‍ ഈ മഴക്കാലത്തും ജലദൗര്‍ലഭ്യം നമുക്ക് കാണാം. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നാം ഉപേക്ഷിച്ച സൈലന്റ് വാലി പദ്ധതിയുടെ ഭാഗമായ തൂതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞതും ശ്രദ്ധേയമാണ്. അന്ന് ആ പദ്ധതി വന്നിരുന്നു എങ്കില്‍ ഇന്ന് ആ പുഴ ഇല്ലാതായേനെ. നിളയുടെ പോഷക നദികളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ജലവുമായി എത്തുന്ന കുന്തിപ്പുഴ അഥവാ തൂതപ്പുഴ ഇന്ന് ഈ കാലവര്‍ഷത്തിലും മെലിഞ്ഞുണങ്ങി ഒഴുകുന്നു. തൂത വന്നു ചേരുന്നതിന് ശേഷമാണ് ഭാരതപ്പുഴയുടെ ഏറ്റവും വീതി കൂടിയ ഭാഗം ആരംഭിക്കുന്നത്. പ്രസിദ്ധമായ തിരുനാവായ അതിനുശേഷമാണ്. ഏറെ കൊട്ടിഘോഷിച്ച പണിതീര്‍ത്ത പറമ്പിക്കുളം- ആളിയാര്‍ പദ്ധതി അനുസരിച്ച് ഭാരതപ്പുഴക്ക് ലഭിക്കേണ്ട ജലം ലഭിക്കുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന്, നാല് തവണയാണ് നമുക്ക് ആ വെള്ളം ലഭിച്ചത്. അതിനു കാരണം ആ പ്രദേശങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ആയിരുന്നു. തീരത്ത് വസിക്കുന്നവരും പൊതുജനങ്ങളും ഭരണകൂടവും ഈ നദിയുടെ മരണത്തിന് കാരണക്കാരാകുന്നു. അശാസ്ത്രീയ മണലെടുപ്പ്, നദിയുടെ ഘടന തന്നെ മാറാന്‍ കാരണമായി. നദിയുടെ മടിത്തട്ടില്‍ പുതിയ ദ്വീപുകള്‍ സൃഷ്ടിച്ചു. അവിടങ്ങളില്‍ സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി യുക്കാലിപ്‌സ് വെച്ചുപിടിപ്പിച്ച് ബാക്കിയുള്ള ജലവും വലിച്ചെടുത്തു. വലിയ കരിമ്പനകളും മരുഭൂമിയില്‍ കാണുന്ന കള്ളിചെടികളും ഇന്ന് ഭാരതപ്പുഴയില്‍ നമുക്ക് കാണാം. തടയണകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയപ്പോ ഇല്ലാതായത് അനനേകം ജലജീവികളാണ്. നിരവധി ജൈവസവിശേഷതകളുള്ള ഈ പശ്ചിമഘട്ട വരദാനം നമുക്ക് നല്‍കിയിരുന്ന വിവിധങ്ങളായ പുഴ മീനുകളും ശുദ്ധജല ജീവികളും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദേശാടന പക്ഷികളുടെ പറുദീസയായിരുന്ന നിളാനദി ഇന്ന് മാലിന്യങ്ങള്‍ തള്ളാനുള്ള പൊതുഇടമായി മാറി. 75 വര്‍ഷത്തിലധികമായി ഈ പുഴയുടെ തീരം റീ സര്‍വ്വേയ്ക്ക് വിധേയമായിട്ട്. തദ്ദേശഭരണകൂടങ്ങള്‍ പുഴകൈയേറ്റം സംബന്ധിച്ച കേസുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു.ആധുനിക സാറ്റലൈറ് സര്‍വ്വേ നടത്തിയാല്‍ നമുക്കറിയാം പുഴ എത്രമാത്രം നഷ്ടപ്പെട്ടെന്ന്. കാലം വരുത്തിവെച്ച മുറിപ്പാടുകളില്‍ നിന്നും ഈ നദിയെ രക്ഷപെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നബാര്‍ഡ്, മണ്ണ് വനംപരിസ്ഥിതി വകുപ്പുകള്‍, മറ്റ് എന്‍ജിഒകള്‍ എന്നിവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. എന്നിരുന്നാലും ഈ പ്രവര്‍ത്തനങ്ങള്‍ നാം സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ കാണുന്നത് ഈ പദ്ധതികള്‍ വിജയിക്കുന്നില്ല എന്നാണ്. കേരളവും തമിഴ്‌നാടും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഈ പുഴയ്ക്ക് മാത്രമായി വേണം. എല്ലാ പദ്ധതികളുടേയും സംരക്ഷണ പ്രവര്‍ത്തനങ്ങളും അതിന്റെ മേല്‍നോട്ടത്തിലാകണം നടത്തേണ്ടത്. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ഒരു പരിസ്ഥിതി ആഘാതപഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അത് നടപ്പിലാക്കണം. മലയാളിയുടെ ഗംഗയായ ഈ നദിയുടെ നിലനില്‍പ്പ് നമ്മുടെമാത്രം ആവശ്യമല്ല. മറിച്ച് മുഴുവന്‍ ജീവജാലങ്ങളുടെയും നിലനില്‍പ്പിനാധാരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.