ഒറ്റയ്‌ക്കൊരുത്തി

Sunday 26 June 2016 9:50 am IST

എസ്എഫ്‌ഐക്കാരിയായി മുദ്രാവാക്യം വിളിച്ചുനടന്ന കാലത്തൊന്നും ജഗ്മതി സാങ്‌വാന് തന്റെ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ലായിരുന്നു. വര്‍ഗസംഘര്‍ഷവും തൊഴിലാളി വര്‍ഗസര്‍വാധിപത്യവും തുടങ്ങി ഇന്നേക്കാലംവരെ ആ പാര്‍ട്ടിയിലൊരുത്തനും നേരെചൊവ്വെ മനസ്സിലാക്കാനാകാത്ത പ്രത്യയശാസ്ത്രപ്പഠിപ്പൊന്നും അത്ര കാര്യമായിട്ട് വേണമെന്ന് ജഗ്മതിക്ക് തോന്നിയിട്ടുമില്ല. ഹിസ്സാറിലെ ഹരിയാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പഠിപ്പും കഴിഞ്ഞ് ജഗ്മതി നേരെ പോയത് വോളിബോള്‍ കോര്‍ട്ടിലേക്കാണ്. കരുത്തുള്ള സ്മാഷുകളാണ് ജഗ്മതിയെ അന്ന് പ്രശസ്തയാക്കിയത്. ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ജഗ്മതി. ഇ.പി. ജയരാജന്റെ മൂത്താപ്പമാരായിരുന്നില്ല ഹരിയാനയിലെ മാര്‍ക്‌സിസ്റ്റുകാരെന്നതുകൊണ്ട് അഞ്ജുബോബിജോര്‍ജിനോട് ചോദിച്ചതുപോലെ വോളിബോള്‍ കളിക്കാന്‍ പോയ വകയില്‍ വിമാനക്കൂലി എത്രയായെന്ന് അവരാരും ചോദിച്ചില്ല. പഠിച്ച കാലത്തെ എസ്എഫ്‌ഐ ബന്ധവും ഹരിയനയിലെ സിപിഎം നേതാവ് ഇന്ദര്‍ജിത് സിങ്ങുമായുള്ള വൈവാഹികബന്ധവും ഒക്കെക്കൂടിയായപ്പോള്‍ വോളിബോള്‍ താരം പാര്‍ട്ടിയുടെ കോര്‍ട്ടിലും കടന്നു. ഇക്കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ മൂന്നുദിവസം നീണ്ടുനിന്ന പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ നിന്ന് കണ്ണീരുമൊലിപ്പിച്ച് ഇറങ്ങിപ്പോരുംവരെ ആ കോര്‍ട്ടിലെ സജീവതാരമായിരുന്നു ജഗ്മതി. ഇത്രയുമൊക്കെയായിട്ടും ജഗ്മതിക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലായിട്ടില്ലെന്നതാണ് സങ്കടം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച സിപിഎമ്മിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടിനെതിരെ ശബ്ദമുയര്‍ത്തിയാണ് ജഗ്മതി കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയത്. താന്‍ ഈ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ സിപിഎമ്മിന്റെ ചരിത്രം തിരുത്തുന്ന ഇറങ്ങിപ്പോക്ക് നടത്തിയത്. വര്‍ഗബഹുജനസംഘടനകളുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി കൈകോര്‍ക്കുന്നത് സിപിഎമ്മിനെപ്പോലെയൊരു പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും അത്തരം സഖ്യനീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്ത ബംഗാള്‍ പാര്‍ട്ടിഘടകത്തിനും അതിന് അനുവാദം നല്‍കിയ പാര്‍ട്ടി ജനറല്‍സെക്രട്ടറിക്കുമെതിരെ നടപടി വേണമെന്നായിരുന്നു ജഗ്മതിയുടെ ആവശ്യം. 'മതേതരത്വം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്' എന്നു മുഷ്ടിചുരുട്ടി വിളിച്ചുകൂവി നടന്ന കാലത്ത് ഇത് മൂന്നും ഈ പാര്‍ട്ടിയില്‍ ഉണ്ടെന്നായിരുന്നു പാവത്തിന്റെ ധാരണ. അതൊരു തെറ്റിദ്ധാരണയായിരുന്നുവെന്ന് ഈ അമ്പത്താറാം വയസ്സിലാണ് ജഗ്മതിക്ക് ബോധ്യമായത്. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും മാത്രമല്ല, സദാചാരവും സാമാന്യമര്യാദയും പോലുമില്ലാത്ത കൂട്ടരാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലടക്കമുള്ളതെന്ന് തിരിഞ്ഞുതുടങ്ങിയതിന്റെ ലക്ഷണമാണ് കേന്ദ്രക്കമ്മിറ്റിയിലെ ഒടുക്കത്തെ പൊട്ടിത്തെറി. ക്രിമിനലിസവും കമ്മ്യൂണലിസവും കൂട്ടിക്കുഴച്ചാല്‍ കിട്ടുന്ന ഉരുപ്പടിയാണ് ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെന്ന് ബംഗാളിലെ സര്‍വസാധാരണക്കാര്‍ക്കാകെ ബോധ്യമായിട്ടുണ്ട്. മൂന്നരപ്പതിറ്റാണ്ട് ഭരിച്ചുമുടിച്ച് കുട്ടിച്ചോറാക്കിയ ബംഗാളില്‍ ഇനിയും അധികാരം ജനങ്ങള്‍ തങ്ങള്‍ക്കുനല്‍കുമെന്ന അത്യാര്‍ത്തിയിലാണ് ഇക്കുറി കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് അവിടെ മത്സരിക്കാനിറങ്ങിയത്. പട്ടിണികൊണ്ട് വലഞ്ഞ് പണിയെടുത്തു ജീവിക്കാന്‍ കേരളത്തിലേക്കും മറ്റും വണ്ടികയറിയ പതിനായിരക്കണക്കിന് ബംഗാളികളാണ് ട്രെയിന്‍ കയറി ബംഗാളിലെത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ചുകളഞ്ഞത്. അഞ്ചാണ്ടുമുമ്പ് കിട്ടിയ സീറ്റിന്റെ ഏഴയലത്ത് ഇക്കുറി നാട്ടുകാര്‍ അടുപ്പിച്ചില്ല. കോണ്‍ഗ്രസുകാരന്റെ ഒരു കൈ സഹായം കൂടിയില്ലായിരുന്നെങ്കില്‍ വട്ടപ്പൂജ്യമായേനെ പാര്‍ട്ടി അവിടെ. കേന്ദ്രക്കമ്മറ്റികൂടി ബംഗാളിലെ പരാജയവും കേരളത്തിലെ വിജയവും വിലയിരുത്തിയത്രെ. കോണ്‍ഗ്രസ് സഖ്യം അനിവാര്യമായിരുന്നുവെന്ന് ബംഗാളിലെ പിണറായി സൂര്യകാന്ത് മിശ്രയും കാസ്‌ട്രോ ബിമന്‍ ബസുവും ആണയിടുന്നു. കേരളത്തിലെ കടുംവെട്ടുകള്‍ക്ക് അത് മനസ്സിലാവില്ല. ആ സഖ്യം കൂടിയില്ലായിരുന്നെങ്കില്‍ അവസ്ഥ പരമദയനീയമാകുമായിരുന്നു. എന്നിട്ടും കേന്ദ്രകമ്മിറ്റി ബംഗാളിനെ തള്ളിപ്പറഞ്ഞു. തെറ്റുപറ്റി. തിരുത്താന്‍ നടപടി എന്നാണ് യെച്ചൂരി പറഞ്ഞത്. തെറ്റുപറ്റുകയും പിന്നെ തിരുത്തുകയും വീണ്ടും തെറ്റുചെയ്യുകയും ചെയ്യുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് ആകെ ചെയ്യാവുന്നത് അതുമാത്രമായിരുന്നു. ജഗ്മതി നിലവിളിക്കുമ്പോലെ നടപടി എന്നൊക്കെ പറയുന്നത് അസാധ്യമാണ്. ബംഗാളിലെയും കേരളത്തിലെയുമൊക്കെ നാലഞ്ച് എംഎല്‍എമാരുള്ളതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്കും പിബി അംഗങ്ങള്‍ക്കുമൊക്കെ കഞ്ഞികുടിക്കാനുള്ള വക കിട്ടുന്നത്. ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കാനുള്ള പഴയ മോഹമൊക്കെ ഇപ്പോള്‍ പരണത്തുവെച്ചു കെട്ടി. ആരുടെ കൊടി പാറിച്ചിട്ടാണേലും വേണ്ടില്ല, എവിടെങ്കിലുമൊക്കെ ഒന്നു ജയിച്ചുകണ്ടാല്‍ മതിയെന്നായിട്ടുണ്ട്. അതിനിെട പാര്‍ട്ടിയെ പ്രത്യയശാസ്ത്രത്തിന്റെ പേരുപറഞ്ഞ് വിരട്ടാനുള്ള ജഗ്മതിമാരുടെ പരിശ്രമത്തിന് പരിഗണനകൊടുക്കാന്‍ തല്‍ക്കാലം നിര്‍വാഹമില്ല. ഉമ്മന്‍ചാണ്ടിയുടെ സോളാര്‍ഭരണത്തില്‍നിന്ന് പിണറായിയുടെ സെല്‍ഭരണത്തിലേക്ക് കൂടുമാറിയ കേരളത്തിലാണ് ഇനിയുള്ള അഞ്ചാണ്ടുകാലം യെച്ചൂരിയുടെയും കൂട്ടരുടെയും പാര്‍ട്ടിപ്രവര്‍ത്തനമെന്ന് സാരം. അതിനപ്പുറത്ത് ഈ പാര്‍ട്ടിയുടെ പേരുപറഞ്ഞാല്‍ തല്ലുകിട്ടുന്ന അവസ്ഥയാണ്. താന്‍കൂടി കേന്ദ്രക്കമ്മറ്റിയംഗമായ പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് ഇടമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ജഗ്മതി ജനാധിപത്യ മഹിളാ അസോസിയേഷന്റെ കൊടി താഴെവെക്കാത്തത്. അസോസിയേഷന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മാത്രമല്ല സ്ഥാപകകൂടിയാണ് ജഗ്മതി. വോളിബോള്‍ താരമെന്ന നിലയില്‍ നടത്തിയ യാത്രകളിലാണ് വനിതകള്‍ക്ക് ഒരു സംഘടന എന്ന ആശയം ജഗ്മതിയുടെ മനസ്സിലുദിക്കുന്നത്. അങ്ങനെ 1985ല്‍ അവര്‍ തുടങ്ങിയ പ്രസ്ഥാനം പിന്നീട് സിപിഎമ്മിന്റെ പോഷകസംഘടനയാവുകയായിരുന്നു. സിപിഎമ്മില്‍ സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും സ്ഥാനമില്ലെന്ന് അനുഭവംകൊണ്ട് ബഹുജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പിണറായിയില്‍ തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങിയതാണ് അക്രമങ്ങള്‍. അമ്മമാരെന്നും കുഞ്ഞുങ്ങളെന്നും നോക്കാതെയാണ് സിപിഎമ്മുകാര്‍ അക്രമം നടത്തുന്നത്. സ്ഥലം സന്ദര്‍ശിച്ച ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയെ പുലഭ്യം പറഞ്ഞ മുഖ്യമന്ത്രി ഇരകളെ അക്രമികളാക്കി ചിത്രീകരിക്കാന്‍ മണിക്കൂറുകള്‍ നീക്കിവെച്ചു. എംഎല്‍എമാരും മന്ത്രിമാരും പോലീസിനെ പരസ്യമായി അധിക്ഷേപിച്ചു. അക്കാദമികളിലും സ്‌പോര്‍ട്‌സ്‌കൗണ്‍സിലിലും പാര്‍ട്ടിക്കാര്‍ മതിയെന്ന് ആക്രോശിച്ചു. ഒടുവില്‍ കൈക്കുഞ്ഞുമായി ഒരമ്മയും അവരുടെ സഹോദരിയും സെല്ലിലടയ്ക്കപ്പെട്ടു. സിറിയയില്‍ പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരെ അക്രമം നടന്നതിന്റെ അടുത്തനിമിഷം അതില്‍ പ്രതിഷേധിച്ച പിണറായി രണ്ടുദിവസം കഴിഞ്ഞിട്ടും കുട്ടിമാക്കൂലിലെ സെല്‍ഭരണം അറിഞ്ഞില്ല. ദല്‍ഹിയില്‍ കേന്ദ്രക്കമ്മിറ്റി കൂടി മടങ്ങിയെത്തിയപ്പോള്‍ കേട്ട അട്ടഹാസം മറ്റൊന്നായിരുന്നു, ആദിവാസിക്കുട്ടികള്‍ ജയിലിലാകുന്നത് ആദ്യമല്ലത്രെ. കുട്ടിയെ അമ്മ കൊണ്ടുപോയതല്ലേ എന്ന പരിഹാസവും. നെറികേട് മാത്രം നടപ്പാവുന്ന ഒരു പാര്‍ട്ടി കമ്മറ്റിയില്‍നിന്ന് ജഗ്മതി ഇറങ്ങിവന്നത് കണ്ണീരോടെയാണെന്നത് മറ്റ് പലതും വിളിച്ചുപറയുന്നുണ്ട്. ഒരുകാലത്ത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച കായികതാരമായിരുന്ന അവര്‍ക്ക് ആ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാന്യമായ പ്രതികരണമല്ല ഉണ്ടായതെന്ന് ആ കണ്ണുനീര്‍ വിളിച്ചുപറയുന്നുണ്ട്. അങ്ങനെ മാന്യമായൊരു പ്രതികരണം അവരില്‍ നിന്നുണ്ടാകുമെന്നത് അതിരുകടന്ന പ്രതീക്ഷയാണുതാനും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.