അന്‍സാരിയെ സ്വാഗതം ചെയ്യില്ലെന്ന് അഖിലേഷ്

Saturday 25 June 2016 9:17 pm IST

ലഖ്‌നൗ: കൊള്ളസംഘത്തലവനായിരുന്ന മുഖ്താര്‍ അന്‍സാരിയുടെ പാര്‍ട്ടിയെ ഒരിക്കലും സമാജ്‌വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. കൊള്ളക്കാരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് യാദവ് അറിയിച്ചു. മുഖ്താര്‍ അന്‍സാരിയുടെ ഖ്വാമി ഇക്ത ദള്‍ (ക്യൂഇഡി) സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ലയനം പാര്‍ട്ടിക്കുള്ളിലുള്ള കാര്യങ്ങളാണ്. പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതുസംബന്ധിച്ച യാതൊരുവിധത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. മുഖ്താര്‍ അന്‍സാരിയുടെ പാര്‍ട്ടി സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിക്കുന്നതില്‍ അഖിലേഷിന്റെ അമ്മാവനും സംസ്ഥാന മന്ത്രിയുമായ ശിവ്പാല്‍ യാദവ് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശിവ്പാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. മുഖ്താര്‍ അന്‍സാരിയുടെ പാര്‍ട്ടിയുമായുള്ള ലയനം സമാജ്‌വാദി പാര്‍ട്ടിയിലേക്ക് കുറ്റവാളികള്‍ എത്താന്‍ കാരണമാവുമെന്നും, ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും ശിവ്പാല്‍ യാദവ് കൂടിക്കാഴ്ചയ്ക്കിടെ അഖിലേഷിനെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.