പുനരന്വേഷണത്തിന് വിജ്ഞാപനമായി

Saturday 25 June 2016 9:33 pm IST

ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടുള്ള 186 കേസുകള്‍ പുനരന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിജ്ഞാപനമിറക്കി. കലാപത്തെക്കുറിച്ച് പുനരന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക സമിതി ആദ്യഘട്ടത്തില്‍ 186 കേസുകളിലാണ് പുനരന്വേഷണം നടത്തുന്നത്. ഈകേസുകളുടെ ഫയലുകള്‍ എസ്‌ഐടി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സിഖ് വിരുദ്ധ കലാപക്കേസുകളില്‍ ഇടപെടാനുള്ള അധികാരം പ്രസ്തുത സ്ഥലങ്ങളിലെ കോടതികള്‍ക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 241 കേസുകളില്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതില്‍ 186 കേസുകളാണ് പുനരന്വേഷിക്കുന്നത്. അതേസമയം സിഖ് കലാപക്കേസുകളില്‍ മുന്‍ എംഎല്‍എയുള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം റിട്ടയേര്‍ഡ് ജസ്റ്റിസ് ജി. പി. മാഥുറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്നംഗങ്ങളുള്ള അന്വേഷണ സമിതിയില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരും, റിട്ടയേര്‍ഡ് ജസ്റ്റീസുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2015 ഫെബ്രുവരി 12നാണ് ഈ അന്വേഷണ സമിതി പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സമയം ആറുമാസത്തിനകം കേസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതുമാണ്. എന്നാല്‍ ഒന്നൊര വര്‍ഷം കഴിഞ്ഞിട്ടും ആരംഭിക്കാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ പ്രഖ്യാപനം നടത്തി. സിഖുകാരായ അംഗരക്ഷകരില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതാണ് ദല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സിഖ് വിരുദ്ധ കലാപത്തിലേക്ക് നയിച്ചത്. 1984ലുണ്ടായ ഈ കലാപത്തില്‍ 3325 പേരാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയില്‍ മാത്രം 2733 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.