മതങ്ങളുടെ ആചാര അനുഷ്ഠാന കാര്യങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുത്: പ്രയാര്‍

Saturday 25 June 2016 10:20 pm IST

കോട്ടയം: മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ജസ്റ്റിസ് കെ.ടി തോമസിന്റെ നേതൃത്വത്തിലേര്‍പ്പെടുത്തിയ ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണ ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷത്തോളം സ്ത്രീകളാണ് ദര്‍ശനം നടത്തിയത്. ഇവര്‍ പത്ത്‌വയസ്സില്‍ താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ളവരായിരുന്നു. യുവതികള്‍ക്കാണ് പ്രവേശനമില്ലാത്തത്. യോഗതപസ്യ സങ്കല്‍പത്തിലാണ് ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠ. അവിടെ യുവതികളുടെ സാമീപ്യം ഭഗവാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് യുവതികളുടെ പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ മതേതരസങ്കല്‍പ്പത്തിന്റെ ഉത്തമമാതൃകയായ ശബരിമല അയ്യപ്പചരിത്രം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സ്‌കോളര്‍ഷിപ്പ് വിതരണം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി തോമസ്, അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍, രാജാ ശ്രീകുമാരവര്‍മ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.