ദുരിതംപേറുന്ന ജില്ലാ ഹോമിയോ ആശുപത്രി

Saturday 25 June 2016 10:32 pm IST

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയെന്നാണ് ബോര്‍ഡ്. കണ്ടാല്‍ ജില്ലാ നിലവാരത്തിലുള്ള ആശുപത്രിയെന്ന് വിശ്വസിക്കാന്‍ വയ്യ. കാലപ്പഴക്കം ഏറെയുള്ള അഞ്ചുമുറികളും ഒരു വരാന്തയുമുള്ള ഒരു ചെറിയ കെട്ടിടം. കാലപ്പഴക്കം ഏറെയുള്ള ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍ നിന്നുതിരിയാന്‍ ഇടമില്ല. ശ്വാസം നീട്ടിവിടാന്‍ ആവാതെയാണ് രോഗികളുടെ നില്‍പ്പുതന്നെ. കെട്ടിടത്തിന്റെ വാര്‍ദ്ധക്യസഹജമായ ദുരവസ്ഥ വേറയും. പരിസരമാകെ മാലിന്യ പൂരിതം. മാലിന്യത്തില്‍നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധമാകട്ടെ അസഹനീയവും. ഇല്ലായ്മയുടെ വല്ലായ്മയില്‍ ദുരിതം പേറുകയാണ് ഈ ജില്ലാ ആശുപത്രി. നാഗമ്പടം സ്വകാര്യ ബസ്സ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിക്ക് ദുരിതകാലം ആരംഭിച്ചിട്ട് കാലങ്ങളായി. അസൗകര്യങ്ങളുടെ നടുവില്‍ നട്ടംതിരിയുന്ന ആശുപത്രിയേക്കുറിച്ചുള്ള പരാതികള്‍ക്കും കാലങ്ങളുടെ പഴക്കമുണ്ട്. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ കെട്ടിടത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ന്നുവന്നു. നഗരമദ്ധ്യത്തില്‍ 2013-ല്‍ കെട്ടിടനിര്‍മ്മാണവും ആരംഭിച്ചു. പക്ഷേ വര്‍ഷം മൂന്ന് പിന്നിട്ടിട്ടും നിര്‍മ്മാണം ഇതേവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് അധികാരികള്‍ക്ക് നൂറ് ന്യായങ്ങളുണ്ട്. രോഗികളുടെ എണ്ണമാകട്ടെ ദിനംപ്രതി ഏറിവരുകയാണ്. വന്നുപോകുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കിടത്തി ചികിത്സവേണ്ട രോഗികളും ഉണ്ടാകാറുണ്ട്. പക്ഷേ സ്ഥലത്തിന്റെ അപര്യാപ്തത മൂലം രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാവാറില്ല. പ്രാഥമിക സൗകര്യങ്ങള്‍ പോലും നിറവേറ്റാന്‍ ആവശ്യത്തിന് സ്ഥലം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലാ ആശുപത്രിയെന്ന പദവി ഒരു അലങ്കാരമാണെങ്കിലും ഇവിടുത്തെ പരിമിതികള്‍ ജീവനക്കാര്‍ക്കുപോലും നാണക്കേടുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആശുപത്രി അങ്ങോട്ട് മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് പൊതുജന ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.