കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: 8 സൈനികര്‍ക്ക് വീരമൃത്യു; രണ്ടു ഭീകരരെ കൊന്നു

Sunday 26 June 2016 9:44 am IST

സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ്
ഭീകരാക്രമണത്തില്‍ തകര്‍ന്ന നിലയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാമ്പോറില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനത്തിനു നേരെ പാക് ചാവേറുകളുടെ ഭീകരാക്രമണം. എസ്‌ഐ അടക്കം എട്ട് സൈനികര്‍ ഭീകരരുടെ വെടിയ്പ്പില്‍ വീരമൃത്യു വരിച്ചു. 28 സൈനികര്‍ക്ക് പരിക്ക്. ഇവരില്‍ ചിലരുടെ നില ഗുരുതരം. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശ്രീനഗര്‍ ജമ്മു ദേശീയ പാതയില്‍ പുല്‍വാമയിലെ പാമ്പോറിലാണ് സംഭവം. സൈന്യത്തിനു നേരെ ഈ മാസം നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജൂണ്‍ മൂന്നിനുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

വെടിവയ്പ്പ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍ കയറിയ ബസിലേക്ക് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു ഭീകരരുടെ ചാവേര്‍ സംഘം. സൈന്യം ഉടന്‍ തന്നെ തിരിച്ചടിച്ചു. സൈന്യത്തിന്റെ മൂന്നു ബസുകള്‍ അടങ്ങിയ വാഹനവ്യൂഹമാണ് ഭീകരര്‍ ആക്രമിച്ചതെന്ന് കമാന്‍ഡര്‍ രാജേഷ് യാദവ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഭീകരരെ വെടിവെച്ചുകൊന്ന ശേഷം പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചു.

ഐജി നളിന്‍ പ്രഭാതിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ രാത്രി വൈകിയും തെരച്ചില്‍ തുടരുന്നു. നാട്ടുകാരുടെ സഹായത്തോടെ രണ്ടു ഭീകരര്‍ ഒളിവിലുണ്ടെന്നാണു സൂചന.

”രണ്ടു ഭീകരരെ വധിച്ചു. ദൗര്‍ഭാഗ്യവശാല്‍ നമുക്ക് സൈനികരുടെ വിലപ്പെട്ട ജീവനുകളും നഷ്ടമായി. ഭീകരര്‍ പാക്കിസ്ഥാനികളാണെന്നു സൂചന”- സ്ഥലം സന്ദര്‍ശിച്ച ശേഷം ജമ്മു കശ്മീര്‍ പോലീസ് ഐജി കെ. രാജേന്ദ്ര പറഞ്ഞു. ആക്രമണത്തിനു ശേഷം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഈ മാസം മൂന്നിന് ഭീകരര്‍ ബിഎസ്എഫ് വാഹനത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ബിഎസ്എഫ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.