നഗരസഭാ ബജറ്റ് ചര്‍ച്ച: സുന്ദര നഗരത്തില്‍ നിറയെ മാലിന്യക്കൂമ്പാരമെന്ന് പ്രതിപക്ഷം

Saturday 25 June 2016 11:20 pm IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ബജറ്റിലെ എന്റെ നഗരം സുന്ദര നഗരം പദ്ധതി ഭരണ പക്ഷത്തിനു വിനയായി. നഗരത്തിലെ മാലിന്യ കൂമ്പാരമായിരുന്നു ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പ്രധാന വിഷയം. മാലിന്യകൂ


തിരുവനന്തപുരം നഗരസഭാ ബജറ്റവതരണത്തില്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാര്‍ സംസാരിക്കുന്നു

മ്പാരത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പലഘട്ടങ്ങളിലും ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങളും ശരിവയ്ക്കുന്നുണ്ടായിരുന്നു. ജംബോ ബജറ്റെന്നായിരുന്നു പ്രധാന ആരോപണം.
മേയര്‍ വി.കെ. പ്രശാന്ത് ബജറ്റ് ചര്‍ച്ച തുടങ്ങിവച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ബജറ്റ് പാസ്സാക്കുന്നതിനെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ സമയക്രമം അനുസരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. ബജറ്റിലുള്ള ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി അംഗങ്ങള്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. പ്രതിപക്ഷത്തു നിന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ എം.ആര്‍. ഗോപാനായിരുന്നു ആദ്യം സംസാരിച്ചത്.
ബജറ്റ് കണക്കില്‍ നിറയെ വൈരുദ്ധ്യമാണ്. കരമന ആറിന്റെയും പാര്‍വ്വതി പുത്താനാറിന്റെയും ഇരു വശവും ബണ്ടുകള്‍ നിര്‍മ്മിച്ച് പാര്‍ക്കും നടപ്പാതയും നിര്‍മ്മിച്ച് ആറിനെ മാലിന്യമുക്തമാക്കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിന് പ്രത്യേക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ബജറ്റ് നിര്‍ദ്ദേശത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളോ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടകയോ നല്‍കുന്നില്ല. ശുചീകരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ പദ്ധതി നടപ്പിലാക്കണം. പിഡബ്ല്യു ഡിയില്‍ നിന്നും ഏറ്റെടുത്ത ആയ്യൂര്‍വ്വേദ ആശുപത്രിയെ പുനരുദ്ധരിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ തെറ്റായ ബജറ്റ് പാസ്സാക്കരുതെന്നും എം.ആര്‍. ഗോപന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാന്‍ നഗരസഭയില്‍ ശ്രമം നടക്കുന്നുണ്ടെന്ന് തുടര്‍ന്ന് ചര്‍ച്ചയില്‍ സംസാരിച്ച ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാര്‍ പറഞ്ഞു. നഗരത്തില്‍ ഭവനമില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. കഴിഞ്ഞ 35 വര്‍ഷമായി നഗരസഭ ഭരണം കൈയ്യാളുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി ഭവന നിര്‍മ്മാണത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. പിഎംഎവൈ പദ്ധതി തുക കൂടാതെ കുറഞ്ഞ പലിശക്ക് ഭവനനിര്‍മ്മാണത്തിന് തുക നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടും നഗരസഭ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. തെരുവ് നായകളെ വന്ധ്യം കരിക്കുന്നതിന് ഉള്‍പ്പെടുത്തിയിട്ടുള്ള അഞ്ച് കോടി അധികമാണെന്നും ഈ തുക കുറച്ച് ബാക്കിയുള്ളത് പാവപ്പെട്ടവരുടെ ക്ഷേമത്തിന് നല്‍കണം. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി രണ്ടര ഏക്കര്‍ സ്ഥലം നല്‍കിയാല്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ യൂണിറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടും നഗരസഭ അലം ഭാവം കാണിക്കുകയാണെന്ന് ഗിരികുമാര്‍ പറഞ്ഞു.
നഗരവികസനത്തിന് കാഴ്ചപ്പാടില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് തിരുമല അനില്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി 45 കോടി പിരിച്ചെടുത്ത നികുതി എട്ടുമാസം കൊണ്ട് 90 കോടി പിരിച്ചെടുക്കാന്‍ ഡെപ്യൂട്ടി മേയറുടെ കൈയ്യില്‍ എന്ത് മാജിക്കാണുള്ളത്. ജൈവ കൃഷി പരാജയപ്പെട്ടു. സ്‌കൂള്‍ വളപ്പിലും തരിശു ഭൂമിയിലും ജൈവകൃഷി നടപ്പിലാക്കാന്‍ പദ്ധതി തയ്യാറാക്കേണ്ടതായിരുന്നു. യോഗക്ക് വെറു 5 ലക്ഷം മാത്രം മാറ്റിവച്ചത് യോഗാഭ്യാസത്തെ കളിയാക്കുന്നതിനു തുല്ല്യമാണ്. സുന്ദര നഗരം എന്നു പറയുന്നതല്ലാതെ പുല്ലുവെട്ടാനുള്ള ഉപകരണം പോലും ജിവനക്കാര്‍ക്ക് വാങ്ങി നല്‍കുന്നില്ലെന്ന് തിരുമല അനില്‍ പറഞ്ഞു.
ബജറ്റിലെ കണക്കുകള്‍ പരിശോധിച്ചതില്‍ കോടികള്‍ ബാക്കി നില്‍ക്കുന്നു. ഈ തുകമാത്രം വിനിയോഗിച്ചാല്‍ മതി തിരുവനന്തപുരം നഗരത്തെ സുന്ദര നഗരമാക്കാമെന്ന് കരമന അജിത് ആരോപിച്ചു. പൈപ്പ് കമ്പോസ്റ്റ് പരാജയപ്പെട്ടു. ഉറവിട മാലിന്യ പദ്ധതി പാളി. മേയര്‍ അധികാരത്തില്‍ കയറി രണ്ടു മാസത്തിനകം മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നു. ഏഴു മാസമായിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാതെ ഭരണപക്ഷം പാരാജയപ്പെട്ടു. സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി കേന്ദ്രസര്‍ക്കാരിന്റെ ലിസ്റ്റില്‍പ്പെട്ടു. എന്നാല്‍ സ്മാര്‍ട്ടര്‍ സിറ്റി എന്ന പേരില്‍ അത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കരമന അജിത് പറഞ്ഞു.
നഗരത്തിലെ മാലിന്യം നീക്കം ചെയ്തിരുന്ന കുടംബശ്രീ പ്രവര്‍ത്തകരെ നഗരസഭ കടക്കെണിയിലാക്കിയെന്ന് ഹരിശങ്കര്‍ പറഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതിന് വായ്പയിലൂടെ വാഹനങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. വിളപ്പില്‍ശാല ഫാക്ടറി അടച്ചുപൂട്ടിയതോടെ മാലിന്യശേഖരണം നിലച്ചു. വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. എന്നാല്‍ വാഹനത്തിനായി വായ്പയെടുത്ത കുടംബശ്രീ പ്രവര്‍ത്തകര്‍ക്ക് തുക തിരികെ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും ഇത് നിലനില്‍ക്കെയാണ് വാഹനങ്ങള്‍ക്കായി വാഹിനി പദ്ധതി വീണ്ടു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഹരിശങ്കര്‍ ചൂണ്ടിക്കാട്ടി.
ബജറ്റില്‍ പ്രതീക്ഷകള്‍ മാത്രമാണുള്ളതെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ് പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞശേഷം മറ്റുള്ളവര്‍ കൊണ്ടുവരുന്ന സംഭാവനകള്‍ കൊണ്ട് കല്ല്യാണം നടത്താം എന്ന രീതിയലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റില്‍ പറഞ്ഞിരിക്കുന്ന ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ നടപ്പിലാക്കിയാല്‍ ഡെപ്യൂട്ടി മേയര്‍ക്ക് സമ്മാനം നല്‍കുമെന്നും സിമിജ്യോതിഷ് പറഞ്ഞു.
സുന്ദര നഗരം വഴിയോര ബോര്‍ഡുകളില്‍ ഒതുക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. പത്മനാഭസ്വാമിക്ഷേത്രം, വെട്ടുകാട്, ബീമാപള്ളി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സത്രം നിര്‍മ്മിക്കണമെന്ന് പാപ്പനംകോട് സജി ആവശ്യപ്പെട്ടു.
ഹെല്‍ത്ത് സെന്ററുകള്‍ക്ക് അനുവദിച്ച തൂക മതിവരില്ലെന്ന് പ്രദീപും, സിപിഎം അംഗങ്ങളുടെ വാര്‍ഡുകളില്‍ കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ച് പക്ഷപാതം കാണിച്ചുവെന്ന് കൃഷ്ണന്‍കുട്ടിയും ആരോപിച്ചു. ജഗതിയില്‍ ട്രെിയിനേജ് സംവിധാനം പുനരുദ്ധരിക്കാന്‍ നടപടികള്‍ വേണമെന്ന് ഷീജാ മധു ആവശ്യപ്പെട്ടു.
തീരദേശത്തുള്ളവരോട് തികഞ്ഞ അവഗണനയാണ് ബജറ്റ് നിര്‍ദ്ദേശമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ജോണ്‍സണ്‍ ജോസഫും തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇല്ലാതെ അവതിപ്പിച്ച ബജറ്റ് തള്ളണമെന്ന് സജിനയും ആവശ്യപ്പെട്ടു.
ബജറ്റ് ചര്‍ച്ചയ്ക്ക് സമയം കൂടുതല്‍ വേണമെന്ന ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാറിന്റെ ആവശ്യത്തെതുടര്‍ന്ന് ചര്‍ച്ച നാളെയും നടക്കും. രാവിലെ 10ന് ബജറ്റിലെ കണക്കുകള്‍ സംബന്ധിച്ച ചര്‍ച്ച നടക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.