ഉദ്യോഗസ്ഥരില്ല: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

Sunday 26 June 2016 1:53 am IST

കണ്ണൂര്‍: ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പിഎസ്‌സി വഴി ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിട്ടതാണ് ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണമായത്. ഇപ്പോള്‍ ഈ ഓഫീസില്‍ മൂന്ന് ജീവനക്കാര്‍ മാത്രമാണുളളത്. അംശാദായം അടവ്, പെന്‍ഷന്‍, വിവിധ തരം ആനൂകൂല്യങ്ങള്‍ പാസ്സാക്കല്‍, വെരിഫിക്കഷന്‍ ഫോറം എന്നിവ ചെയ്തുതീര്‍ക്കാന്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. ജുലൈ 15 വരെ മാത്രമേ വെരിഫിക്കേഷന്‍ ഫോറം ഓഫീസില്‍ സ്വീകരിക്കുകയുള്ളൂ എന്ന അറിയിപ്പ് കണ്ടതോടെ നൂറുകണക്കിന് തൊഴിലാളികളാണ് ഈ ആവശ്യത്തിനായി ക്ഷേമനിധി ഓഫീസില്‍ എത്തുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാല്‍ വെരിഫിക്കഷന്‍ ഫോറവും ബുക്കും ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. അലക്ഷ്യമായി ഇത്തരം ബുക്കുകള്‍ ഓഫീസില്‍ കെട്ടിക്കിടക്കുന്നതു കാരണം പലരുടെയും ബുക്കുകള്‍ നഷ്ടപ്പെടാനും സാധ്യതകള്‍ ഏറെയാണ്. പുതിയ ഉദ്യോഗസ്ഥരെത്തുന്നതു വരെയെങ്കിലും നേരത്തെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇവിടെ താത്കാലികമായി നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിച്ച് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് തയ്യല്‍ തൊഴിലാളി സംഘ്(ബിഎംഎസ്) ജില്ലാ പ്രവര്‍ത്തക സമിതിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി വനജ രാഘവന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.