തെക്കേത്തൊട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Sunday 26 June 2016 8:38 pm IST

പത്തനംതിട്ട: അത്തിക്കയം വില്ലേജില്‍ തെക്കേത്തൊട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശിയുടെ നിര്‍ദേശം. സ്ഥലവാസിയും പൊതുപ്രവര്‍ത്തകനുമായ അനില്‍ അത്തിക്കയം 60ഓളം വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ ഭൂമിക്ക് പട്ടയം നല്കാത്തതു ചൂണ്ടിക്കാട്ടിയും സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയും സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പത്തനംതിട്ട ജില്ലാ കളക്ടറും അടുത്തമാസം എട്ടിന് പത്തനംതിട്ടയില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.32 ഹെക്ടര്‍ സ്ഥലത്ത് 117 കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. മനുഷ്യവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് സമര്‍പ്പിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ 1980ലെ വനംസംരക്ഷണ നിയമപ്രകാരം വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് വിട്ടു നല്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നനും പരാതിയില്‍ പറയുന്ന ഭൂമി വനഭൂമിയായതിനാല്‍ പട്ടയം നല്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ആവശ്യമാണെന്നും പറഞ്ഞിരുന്നു. റവന്യൂ വകുപ്പില്‍ നിന്നും വിവരവാകാശ നിയമമനുസരിച്ച് കിട്ടിയ രേഖയില്‍ 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈയേറിയവര്‍ക്ക് പട്ടയം നല്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. മാത്രമല്ല, ജില്ലാ കളക്ടര്‍ പരാതിക്കാരന് അയച്ച കത്തില്‍ കൈയേറ്റക്കാരുടെ കൈവശമുള്ള വനഭൂമി തിട്ടപ്പെടുത്തുന്നതിനായി വനം - റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി കൈവശക്കാരുടെ ലിസ്റ്റ് അയച്ചു കൊടുത്തിട്ടുണ്ടൈന്നുമാണ് പറഞ്ഞിരിക്കുന്നത്. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയുമാണ് പട്ടയ നടപടികള്‍ ത്വരിതപ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ദേശം നല്കിയിട്ടുള്ളത്. 1945ല്‍ വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്താണ് വനഭൂമി കര്‍ഷകര്‍ കൈവശപ്പെടുത്തിയത്. 1955ല്‍ കൈവശക്കാരെ ഇറക്കിവിടുന്നതിനുള്ള ഫോറസ്റ്ററുടെ ഉത്തരവിനെതിരെ അന്നത്തെ തിരുക്കൊച്ചി മന്ത്രിസഭ നിരോധന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.