കുടുംബശ്രീ ഡിഡിയുജികെവൈ കൊണ്‍വൊക്കേഷന്‍ പ്രോഗ്രാം

Sunday 26 June 2016 8:48 pm IST

കല്‍പ്പറ്റ : കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും വയനാട് ജില്ലാ സബ് കളക്ടര്‍ ശീറാം സാബശിവ റാവു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏഴ് പരിശീലന കേന്ദ്രങ്ങളിലായി 1012 പേരാണ് ഡി.ഡി.യു. ജി.കെ.വൈ പദ്ധതി പ്രകാരം പരിശീലനം നേടുന്നത്. ഇവരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 330 പേര്‍ക്ക് വിവിധ കമ്പനികളില്‍ മികച്ച വേതനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ഇതില്‍ 109 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരാണെന്നത് ശ്രദ്ധേയമാണ്.ആധുനിക കാലഘട്ടത്തിനനുയോജ്യമായ തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകളിലാണ് കുടുംബശ്രീ പരിശീലനം നല്‍കുന്നത്. പൂര്‍ണ്ണമായും സൗജന്യപരിശീലനത്തോടൊപ്പം യാത്രാബത്തയും നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്.കുടുംബശ്രീ ഡയറക്ടര്‍ എന്‍.കെ.ജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച പ്രകടനം നടത്തിയ ശബാന ജാസ്മിന്‍ എന്ന വിദ്യാര്‍ത്ഥിക്ക് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയനും മികച്ച ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ട കല്‍പ്പറ്റ എവോണ്‍ ഫെസിലിറ്റി സെന്ററിന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രനും ഉപഹാരം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഡബ്ല്യു.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പള്ളിയും തൊഴില്‍ വാഗ്ദാനപത്രം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിബിന്ദ് വാസുവും വിതരണം ചെയ്തു. പരിശീലനാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മസിക പ്രശസ്ത കവി സാദിര്‍ തലപ്പുഴ പ്രകാശനം ചെയ്തു. കുനാല്‍, സന്തോഷ്, ജോഫിന്‍, ദാസ്, വിന്‍സെന്റ്, പുഷ്പ മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ഹാരിസ് സ്വാഗതവും ജില്ലാ കണ്‍സള്‍ട്ടന്റ് കിരണ്‍.സി.എസ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.