പട്ടികജാതി ഫണ്ട് നഷ്ടപ്പെടുത്തിയ ഭരണ സമിതിക്കെതിരെ ബിജെപി സമരത്തിന്

Sunday 26 June 2016 8:58 pm IST

തൈക്കാട്ടുശേരി: തൈക്കാട്ടുശ്ശേരിയിലെ തീരദേശ നിവാസികളായ പട്ടികജാതിക്കാരുടെ വീടിന്റെ പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള 30 ലക്ഷം രൂപയുടെ പദ്ധതി അട്ടിമറിച്ച് ഫണ്ട് നഷ്ടപ്പെടുത്തിയ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയും പട്ടികജാതി മോര്‍ച്ചയും സമരപരിപാടികള്‍ സംഘടിപ്പിക്കും. 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഏഴ് പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് കോളനി നിവാസികളുടെ ഭവനം സംരക്ഷിക്കുവാനായി ഭൂമി കല്ല്‌കെട്ടി മണ്ണിട്ടുയര്‍ത്തുവാനുള്ള പദ്ധതിയാണ് നഷ്ടപ്പെടുത്തിയത്. കീത്തറ, വളവങ്കേരി, പൂമംഗലം, ചുടുകാട്ടുംപുറം, ചുടുകാട്ടുംപുറം തെക്ക്, പൂക്കൈത, പോളേക്കടവ് എന്നീ ഏഴു തീരദേശ പട്ടികജാതി കോളനികളിലായി 30 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ നാളേറെയായി പട്ടികജാതി സമൂഹത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമാണ് സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെ തുടര്‍ന്ന് നഷ്ടമായിരിക്കുന്നത്. തൈക്കാട്ടുശ്ശേരിയിലെ 2015-16 വാര്‍ഷിക പദ്ധതിയനുസരിച്ച് പട്ടികജാതി ഫണ്ട് മേഖല തിരിച്ചുള്ള കണക്ക് പ്രകാരം ഉല്പാദനമേഖല 29,40,000, സേവന മേഖല 30,70,060, പശ്ചാത്തല മേഖല 5,31,400, അങ്ങനെ പട്ടികജാതി വികസനത്തിന് ആകെ അനുവദിച്ച തുക 65,41,460 രൂപ. ഇതില്‍ ഉല്പാദന മേഖലയില്‍ അനുവദിച്ച തുകയില്‍ 100 ശതമാനം ഫണ്ടും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഈ തുക മൊത്തം പട്ടികജാതി ഫണ്ടിന്റെ 45 ശതമാനം തുകയാണ്. ഇതാണ് വിനിയോഗിക്കാതിരുന്നത്. 24,000 ജനസംഖ്യയുള്ള തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ 600 പട്ടികജാതി കുടുംബങ്ങളാണുള്ളത്. ഏകദേശം 2,500 പട്ടികജാതിക്കാരുള്ള ഈ പഞ്ചായത്തില്‍ 17 പട്ടികജാതി സങ്കേതങ്ങളും ഉണ്ട്. പട്ടികജാതിക്കാരില്‍ 60 കുടുംബങ്ങള്‍ ഭവനരഹിതരും, 80 കുടുംബങ്ങള്‍ കക്കൂസ് ഇല്ലാത്തവരുമാണ്. 12 ശതമാനം ആളുകള്‍ തൈക്കാട്ടുശേരി പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. ടെണ്ടര്‍ നടപടികള്‍ വൈകിപ്പിച്ചതാണ് ഈ പദ്ധതി നഷ്ടപ്പെടുവാന്‍ കാരണമായത്. മാസങ്ങള്‍ക്കു മുമ്പേ വകുപ്പ് തലത്തിലുള്ള കോ-ഓഡിനേഷന്‍ സമിതിയുടെ സ്‌പെഷ്യല്‍ ഉത്തരവ് ലഭ്യമായിട്ടും ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള പ്രസിഡന്റിന്റെ അനാസ്ഥയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് ടെണ്ടര്‍ വിളിക്കാന്‍ ഇടയാക്കിയത്. മുന്‍ വര്‍ഷത്തേതുപോലെ സ്പില്‍ഓവര്‍ പ്രൊജക്ട് ഇല്ലാത്തതിനാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ നഷ്ടപ്പെട്ട തുക വീണ്ടും ലഭിക്കില്ല. ഇത്രയും തുക നഷ്ടപ്പെടുത്തിയതിനാല്‍ വീണ്ടും ഈ പദ്ധതിയ്ക്ക് ആവശ്യമായ തുക പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരുമെന്നതിനാല്‍ തുടര്‍ന്ന് ഈ പദ്ധതി നടപ്പില്‍ വരുത്തുന്ന കാര്യം സംശയത്തിലാണ്. കാലങ്ങളായി മാറി മാറി ഭരണം നടത്തുന്നവര്‍ പട്ടികജാതി വിഭാഗങ്ങളോട് കാണിക്കുന്ന അവഗണന വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് ബിജെപി തൈക്കാട്ടുശേരി പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. രാജേഷ്, ജനറല്‍ സെക്രട്ടറി എം.ആര്‍. ജയദേവന്‍, വിജയമ്മലാലു, യോഗേഷ് ആന്റണി, ഗ്രാമപഞ്ചായത്തംഗങ്ങളായ വിമല്‍ രവീന്ദ്രന്‍, കെ.സി. വിനോദ് കുമാര്‍, സജി മണപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.