അടിയന്തരാവസ്ഥയ്‌ക്കൊരു പിന്നാമ്പുറം

Sunday 26 June 2016 9:40 pm IST

  ഭയത്തിന്റെ ആധിപത്യം സ്വതന്ത്ര ഭാരതത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും വരിഞ്ഞുമുറുക്കി വിറപ്പിച്ച 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 20 വരെയുള്ള കാലഘട്ടമാണ് അടിയന്തരാവസ്ഥ എന്നറിയപ്പെടുന്നത്. 630 ദിവസങ്ങള്‍ നീണ്ട ആ ഭീതിയുടെ നാളുകള്‍ ചരിത്രത്തിന്റെ നാള്‍വഴിയിലെ ഇരുണ്ട അദ്ധ്യായങ്ങള്‍ തന്നെയാണ്. ജനാധിപത്യം വിച്ഛേദിക്കപ്പെടുമ്പോള്‍ ഏകാധിപത്യം ഏതൊക്കെ കുത്സിതമാര്‍ഗ്ഗത്തിലൂടെ കടന്നാക്രമണം നടത്തുമെന്നും ജനങ്ങളുടെ സൈ്വരജീവിതത്തെ അത് എങ്ങനെ തകര്‍ക്കുമെന്നും അടിയന്തരാവസ്ഥയിലെ കൊടുംപാതകങ്ങള്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. പണക്കൊതിയരായ അവസരവാദ പ്രായോഗിക വാദക്കാര്‍ക്ക് നിഘണ്ടു നല്‍കിയിട്ടുള്ള പേരാണ് 'ഫിലിസ്റ്റീനുകള്‍'. അത്തരക്കാര്‍ക്ക് എങ്ങനെയും വാരിക്കോരി ധനധാരാളിത്തത്തില്‍ ജീവിക്കുകയും പ്രത്യുല്‍പ്പാദന കര്‍മ്മം നടത്തുകയും ചെയ്ത് ആസ്വദിക്കുക എന്ന പരിമിത ജീവിതലക്ഷ്യമാണുണ്ടാവുക. അടിയന്തരാവസ്ഥയെ നാല് പതിറ്റാണ്ടുകള്‍ക്കുമുന്‍പ് അത്തരം കാഴ്ച്പാടില്‍ സ്വാഗതം ചെയ്ത് ആസ്വദിച്ച 'ഫിലിസ്റ്റീനുകളുടെ' പട്ടികയില്‍ മലയാളികളാണ് ഏറ്റവും കൂടുതലുള്ളത്. ടി.എസ്.എലിയേറ്റിനെ അവലംബിച്ചു പറഞ്ഞാല്‍ ചരിത്രത്തില്‍ മനപൂര്‍വ്വം വളച്ച് കുടിലമാക്കി ഏങ്കോണിപ്പിച്ച ഇടനാഴികളും കൗശലം പതിയിരിക്കുന്ന ഊടുവഴികളും ധാരാളമുണ്ട്. ഈ തത്വം ഭാരത ജനാധിപത്യത്തില്‍ പ്രായോഗികവല്‍ക്കരിക്കപ്പെട്ട് തിമിര്‍ത്താടിയ കാലമായിരുന്നു ഇന്ദിരാഗാന്ധിയെന്ന ഏകാധിപതിയുടെ ഉദയവും തേര്‍വാഴ്ചയും. ഭാരത ജനാധിപത്യം നേരിട്ട അടിയന്തരാവസ്ഥയിലെ ഭരണവറുതിയുടെ നാളുകളില്‍ ആര്, എന്തൊക്കെ ചെയ്തു എന്നതും അതില്ലാതാക്കാന്‍ പൊതുമണ്ഡലത്തില്‍ എന്തൊക്കെ നടന്നുവെന്നതും ചരിത്രം ഉത്സാഹത്തോടെ രേഖപ്പെടുത്തുകയുണ്ടായിട്ടില്ല. സത്യം പരതിനോക്കി പഠിക്കേണ്ട വിഷയമാണ് അടിയന്തരാവസ്ഥയുടെ ഭീതിദമായ നാളുകളും അതിനെതിരെ നടന്ന പോരാട്ടങ്ങളും. പക്ഷേ 41-ാം വാര്‍ഷിക ഓര്‍മ്മ പുതുക്കലിലും ആ കാലഘട്ടത്തോട് ബന്ധപ്പെട്ട സംഭവങ്ങള്‍ ശരിയായ രീതിയില്‍ വിലയിരുത്തി പുതിയ തലമുറയ്ക്കു പകര്‍ന്നുനല്‍കാനായി കാര്യമായ ശ്രമങ്ങള്‍ ഇവിടെ നടക്കുന്നില്ല. ജീവനെ പണയപ്പെടുത്തി നിശബ്ദ വിപ്ലവം നടത്തി രണ്ടാം സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചവരും ബലിദാനികളായവരും ജീവച്ഛവങ്ങളായി ഇപ്പോഴും ജീവിക്കുന്നവരായ നിരവധിപ്പേരും ചരിത്രത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരാണ്. യഥാര്‍ത്ഥത്തില്‍ മണ്ണും ചാരി നിന്നവര്‍ പെണ്ണുംകൊണ്ടുപോയി എന്ന് പറയുന്നതുപോലെ ഒട്ടേറെ പുത്തന്‍ അവകാശികള്‍ ഓരോ കൊല്ലം കഴിയുന്തോറും അടിയന്തരാവസ്ഥാ പോരാളികളായി രംഗപ്രവേശം ചെയ്യുന്നുണ്ട്. അവരൊക്കെ അസത്യം വാരിവിതറി രംഗം കൈയടക്കുകയും ചെയ്യുന്നു. ഭാരത ഭരണഘടനയനുസരിച്ച് നമ്മുടെ മഹത്തായ രാജ്യം ജനങ്ങള്‍ക്കവകാശപ്പെട്ടതാണ്. ഇവിടെ പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ്. എന്നാല്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ഭാരതത്തിലെ ജനങ്ങള്‍ക്ക് ഈ രാജ്യത്തിനുമേല്‍ യാതൊരുവിധ അവകാശവുമില്ലെന്ന് പ്രഖ്യാപിക്കപ്പെട്ട കാലമായിരുന്നു അടിയന്തരാവസ്ഥ. അടിച്ചമര്‍ത്തലിന്റെയും നരനായാട്ടിന്റെയും അപകടകരമായ നാളുകളാണ് അന്ന് ജനജീവിതത്തെ ഗ്രസിച്ചത്. അടിച്ചുതകര്‍ക്കപ്പെട്ട ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ ദേശസ്‌നേഹികളും ജനാധിപത്യവാദികളും ഹോമിക്കപ്പെട്ട നാളുകളാല്‍ അന്നത്തെ ചരിത്രത്താളുകള്‍ നിറഞ്ഞിരുന്നു. ഭീതിയുടെ സര്‍വ്വാധിപത്യം എങ്ങനെ ഒരു ജനാധിപത്യ രാജ്യത്തെ കശാപ്പുചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുമെന്നും സഹനസമരംകൊണ്ട് എങ്ങനെ ജനശക്തിക്ക് ഏകാധിപത്യത്തെ നേരിടാന്‍ കഴിയുമെന്നും ലോകത്തിന് ബോധ്യപ്പെട്ട നാളുകളായിരുന്നു ആ 630 ദിവസങ്ങള്‍. ഏകാധിപത്യവും, പത്രമാരണ നിയമങ്ങളും, മൗലികാവകാശങ്ങളുടെ മരവിപ്പിക്കലും, നീതിക്കു നിരക്കാത്ത തടങ്കലുകളും, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരോധനവുമൊക്കെയായിരുന്നു അടിയന്തരാവസ്ഥയുടെ കടുത്ത ദോഷങ്ങള്‍. അടിയന്തരാവസ്ഥ ഒരു ദിവസത്തിന്റെ സൃഷ്ടിയല്ല. ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ തലങ്ങളോ വകുപ്പുകളോ ഒന്നും അറിയുമായിരുന്നില്ലെന്നും സിദ്ധാര്‍ത്ഥ ശങ്കര്‍റേയും കൂട്ടരും ചേര്‍ന്ന് അവരെകൊണ്ട് അത് പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇന്നത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മൂഖര്‍ജി എഴുതിപ്പിടിപ്പിച്ചിട്ടുള്ളതിനെ വെട്ടിവിഴുങ്ങാന്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കോ രാഷ്ട്രമീംമാംസകര്‍ക്കോ കഴിയില്ല. സ്വന്തം പിതാവ് ഉപദേശിച്ച ഇന്ദിരയോടുള്ള വിധേയത്വം ശിരസാവഹിക്കേണ്ടതുകൊണ്ടാവാം രാഷ്ട്രപതി അപ്രകാരം തന്റെ പുസ്തകത്തിലെഴുതിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഫക്രുദീന്‍ അലി അഹമ്മദിനും അതുവഴി ഏകാധിപതിയായി വിലസിയ ഇന്ദിരാഗാന്ധിക്കും അതിന് കൂട്ടുനിന്ന വൈതാളികന്മാര്‍ക്കും ചരിത്രം ഒരിക്കലും മാപ്പുനല്‍കാന്‍ പോകുന്നില്ല. ജനാധിപത്യത്തിന്റെ മഹത്വപൂര്‍ണ്ണമായ ഗതിപ്രവാഹത്തെ പൊടുന്നനെയല്ല ഇന്ദിരാഗാന്ധി തകര്‍ത്തത്. അവര്‍ ആസൂത്രിതമായി ഏകാധിപത്യം അടിച്ചേല്‍പ്പിക്കയായിരുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ കിട്ടിയ അവസരങ്ങളിലൊക്കെ തത്വദീക്ഷയില്ലാതെ അധികാരം ദുരുപയോഗപ്പെടുത്തി കോണ്‍ഗ്രസും ഇന്ദിരയും ചേര്‍ന്ന് രാജ്യത്തെ ഏകാധിപത്യത്തിന്റെ കുറ്റിയില്‍ കെട്ടിയിടുകയായിരുന്നു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ നായകത്വം വഹിച്ച ഒട്ടേറെ മഹത്തുക്കളും ധര്‍മ്മാരാജ്യ സങ്കല്‍പ്പത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സേവന മനഃസ്ഥിതിയോടെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ദിരാഗാന്ധി കുറുക്കുവഴികളിലൂടെ അധികാരം കൈക്കലാക്കുകയും കിട്ടിയ അവസരങ്ങളിലൊക്കെ തന്റെയും കുടുംബത്തിന്റെയും തേര്‍വാഴ്ചയ്ക്കുള്ള അരങ്ങൊരുക്കലുമാണ് നടത്തിയത്. സ്വന്തം പാര്‍ട്ടിയിലും ഭരണരംഗത്തും ഇതിനായുള്ള ആസൂത്രിത ശ്രമങ്ങള്‍ ഇന്ദിരയും ഉപദേശകരും നടത്തുകയായിരുന്നു. നീതിന്യായ വ്യവസ്ഥയേപ്പോലും അവര്‍ ഇതിനായി കൈപ്പിടിയിലൊതുക്കി. 1967 ലെ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയാധിപത്യത്തെ പിടിച്ചുലച്ച ജനവിധിയാണ് നല്‍കിയത്. പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഏതാണ്ട് പകുതിയോളം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് അധികാരം നല്‍കി എന്നതായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഇതോടുകൂടി അധികാരം തനിക്കും കോണ്‍ഗ്രസിനും ചുറ്റുമായി ഉറപ്പിച്ചുനിര്‍ത്താന്‍ ഇന്ദിരയും കൂട്ടരും അത്യധികം ശ്രമിച്ചു. ഇതിനായി എല്ലാവിധ കുത്സിത ശ്രങ്ങളേയും അവര്‍ അവലംബിച്ചിരുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനുപകരം കപട രാഷ്ട്രീയത്തിന്റെ ഊടുവഴികള്‍ സൃഷ്ടിക്കാന്‍ മനസ്സാക്ഷിയില്ലാതെ ഇന്ദിര ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും നരഹത്യയുമൊക്കെ കര്‍മ്മമണ്ഡലത്തില്‍ യഥേഷ്ടം പ്രയോഗിക്കുവാന്‍ ഇന്ദിര മടികാണിച്ചിരുന്നില്ല. തന്റെ പേരില്‍ ബാങ്കിലുള്ള കളളപ്പണം പുറത്തുകൊണ്ടുവന്ന നഗര്‍വാലയെ വകവരുത്താനും ആ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ സംശയകരമായ സാഹചര്യത്തില്‍ ഇല്ലാതാക്കാനും നെഹ്‌റുജിയുടെ മകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല എന്നു കരുതുന്നവര്‍ ഒട്ടേറെയുണ്ട്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളെ കബളിപ്പിച്ച് കൂടെ നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. 'കമ്മിറ്റഡ് ജുഡീഷ്യറി'യ്ക്കുവേണ്ടി സീനിയര്‍ ജഡ്ജിമാരെ തരംതാഴ്ത്തിയ ചരിത്രവും അക്കാലത്തെ കോണ്‍ഗ്രസ്സിനുണ്ട്. കോണ്‍ഗ്രസിനെ ഇന്ദിര പിളര്‍ത്തുകയും ചെയ്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഏകകണ്ഠമായി നിര്‍ദ്ദേശിച്ച പേരായിരുന്നു സജീവറെഡ്ഡിയുടേത്. സജീവറെഡ്ഡിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടവരില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്‍നിരക്കാരിയായിരുന്നു. പക്ഷേ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വി.വി.ഗിരിയെ രഹസ്യമായി ഇന്ദിരാഗാന്ധി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുകയും ജയിപ്പിക്കുകയും ചെയ്തു. ഇതിന് റഷ്യന്‍ ലോബിയുടെ പിന്തുണയും അവര്‍ക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസുകാരിയായ പ്രധാനമന്ത്രി ഇന്ദിര തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചു. ഈ രാഷ്ട്രീയ അധാര്‍മ്മികത ആര്‍ക്കും ന്യായീകരിക്കാനാവില്ല. ഇതോടെ ധാര്‍മ്മികത കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അന്യമായിത്തീരുകയും സ്വാര്‍ത്ഥതയ്ക്കുവേണ്ടി മൂല്യങ്ങളെ കുഴിച്ചുമൂടാമെന്ന കപടനീതി ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം അപമാനിച്ച് പിന്നില്‍നിന്ന് കുത്തിപ്പുറത്താക്കി, ചതിയും വഞ്ചനയും തന്റെയും കുടുംബത്തിന്റെയും തേര്‍വാഴ്ച നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള മുഖമുദ്രകളാക്കി അവര്‍ മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തന്നെ 'ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ'എന്ന അപകടകരമായ മുദ്രാവാക്യം അടിയന്തരാവസ്ഥയുടെ മുന്നിലും പിന്നിലും ഉയര്‍ത്തിപ്പിടിച്ചിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പാടുള്ളൂവെന്ന് ഭരണഘടനാ നിര്‍മ്മാണ സമിതി അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ക്യാബിനറ്റ് ഉപദേശപ്രകാരം മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ 1975 ജൂണ്‍ 25 ന് മന്ത്രിസഭായോഗം സമ്മേളിക്കാതെയും സീനിയര്‍ മന്ത്രിമാരോ ക്യാബിനറ്റ് സെക്രട്ടറിയോ നിയമമന്ത്രിപോലുമോ അറിയാതെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിറ്റേ ദിവസം പ്രഭാതത്തിലാണ് ഇന്ദിരാഗാന്ധി ക്യാബിനറ്റ് വിളിച്ചുകൂട്ടിയത്. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ അറസ്റ്റുചെയ്യാനും കരുതല്‍ തടങ്കലില്‍ വെയ്ക്കുവാനുമുള്ള തീരുമാനവും തയ്യാറെടുപ്പുകളും ദിവസങ്ങള്‍ക്കു മുമ്പുതന്നെ നടത്തിയിരുന്നു. ദല്‍ഹിയിലെ പത്രങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപന വാര്‍ത്തയുമായി പുറത്തുവരാതിരിക്കാനായി അവയ്ക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കാനും ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മിസയും, ഡിഐആറും നിരങ്കുശം പ്രയോഗിച്ച് ഭാരതമാകെ ഒരു തടവറയായി മാറ്റുകയായിരുന്നു. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്ന് കണ്ട് അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരായി ഉയര്‍ന്നുവന്ന ജനമുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഇന്ദിരാഗാന്ധിക്കും കൂട്ടര്‍ക്കും കഴിയാതെ വന്ന രാഷ്ട്രീയ സാഹചര്യവും അന്ന് നിലവിലുണ്ടായിരുന്നു. ഗുജറാത്ത് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ട് പ്രതിപക്ഷം അധികാരത്തിലേക്ക് എത്തിപ്പെട്ട സാഹചര്യവും ഇന്ദിരാഗാന്ധിയെ അസ്വസ്ഥയാക്കിയിരുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുംജനാധിപത്യത്തെ അട്ടിമറിക്കുന്നതിനും ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതെന്ന് പിന്നീട് ഷാ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ടവര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് വോട്ടവകാശം വിനിയോഗിച്ചതുകൊണ്ടാണ് ഏകാധിപതിയുടെ രാഷ്ട്രീയ അന്ത്യം രാജ്യത്തുണ്ടായതും അടിയന്തരാവസ്ഥയുടെ അന്ധകാരത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞതും. കേരളമുള്‍പ്പെടെയുള്ള ദക്ഷിണഭാരതത്തിലെ ജനങ്ങള്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും പൗരാവകാശ ധ്വംസനങ്ങള്‍ക്കും കൂട്ടുനിന്നു എന്നതാണ് 1977 ലെ തിരഞ്ഞെടുപ്പ് ഫലം കാട്ടിയിട്ടുള്ളത്. 'സിംഹാസനമൊഴിയുക, ജനങ്ങളിതാവരുന്നു' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ജയപ്രകാശ് നാരായണന്‍ നയിച്ച പൊതുസമൂഹത്തിന്റെ വിജയം കൂടിയായി 1975-77 ലെ സംഭവവികാസങ്ങളെ കാണാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.