മദ്യനയം ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതാകരുത്: കുമ്മനം

Monday 27 June 2016 9:46 am IST

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ പോകുന്ന മദ്യനയം ഒരുതരത്തിലും കേരളത്തിന്റെ മദ്യ ഉപഭോഗം വര്‍ദ്ധിക്കാന്‍ ഉതകുന്നതാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ നാലു ശതമാനത്തില്‍ താഴെയാണ് മലയാളികളുടെ എണ്ണം. എന്നാല്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ കേരളം മുന്നിലാണെന്ന കണക്ക് ആശങ്കാജനകമാണ്. യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെട്ട മദ്യനിയന്ത്രണം ഉപഭോഗത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാറുകളിലെ വില്‍പ്പനയ്ക്കു പകരം സര്‍ക്കാര്‍ നേരിട്ട് മദ്യം നിര്‍ബാധം വില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന് പകരം മദ്യവര്‍ജ്ജനം എന്നതാണ് ഇടതുമുന്നണി പ്രഖ്യാപിച്ചത്. ആരെങ്കിലും സ്വയം മദ്യം വര്‍ജ്ജിക്കുമെന്ന് ഇപ്പോള്‍ കരുതാനാവില്ല. ബാര്‍ അടച്ചതോടെ മദ്യപന്മാരില്‍ 30 ശതമാനവും വീടുകള്‍ ബാറുകളാക്കിയെന്നാണ് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നത്. ഇത് വലിയ സാമൂഹ്യ പ്രശ്‌നത്തോടൊപ്പം കുടുംബ ബന്ധങ്ങളും ശിഥിലമാകാന്‍ കാരണമായി. അതുകൊണ്ടു തന്നെ മദ്യ ലഭ്യത കുറയ്ക്കാനും മദ്യപാനത്തില്‍ നിന്നു ജനങ്ങളെ മോചിപ്പിക്കാനും ഉതകുന്ന നയമായിരിക്കണം സര്‍ക്കാര്‍ കൊണ്ടുവരേണ്ടത്. മദ്യ ലഭ്യത എളുപ്പമാക്കിയാല്‍ പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയ തമിഴ്‌നാട്ടില്‍ നിന്നു മദ്യപന്‍മാരുടെ കടന്നുകയറ്റം വര്‍ദ്ധിക്കും. അതുകൊണ്ട് തമിഴ്‌നാടിന്റെ ചുവടുപിടിച്ച് കേരളവും സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.