ആലുവ : ദേശം കുന്നുംപുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറില്‍ സ്ഫോടനം. ഇന്നലെ പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ അജ്ഞാതനാണ് ബാങ്കിനോട് ചേര്‍ന്നുള്ള കൗണ്ടറില്‍ സ്ഫോടനം നടത്തിയത്. കവര്ച്ചാശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല.
കൗണ്ടറിനു സമീപമെത്തിയ ഇയാള്‍ പുറത്ത് സ്ഫോടക വസ്തുക്കള്‍ വച്ച് തീകൊളുത്തിയ ശേഷം തിരിഞ്ഞോടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഫോടനത്തില്‍ എടിഎം മെഷീനു തകരാര്‍ സംഭവിച്ചെങ്കിലും പണമെടുക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സ്ഫോടനത്തിനു തൊട്ടുപിന്നാലെ സംഭവസ്ഥലത്തെത്തിയതാണ് കാരണം. പോലീസിനെ കണ്ടയുടന്‍ അക്രമി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ കവര്‍ച്ച ശ്രമം മാത്രമാണോ ലക്ഷ്യമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: