അധര്‍മ്മത്തിന്മേല്‍ ധര്‍മ്മത്തിന്റെ നൃത്തം ചവിട്ടാന്‍ പുതുതലമുറക്ക് കഴിയണം

Monday 27 June 2016 10:33 am IST

കാഞ്ഞങ്ങാട്: അധര്‍മ്മത്തിന്റെ മുകളില്‍ ധര്‍മ്മത്തിന്റെ കാളീയ നൃത്തം ചവിട്ടാന്‍ പുതുതലമുറക്കാകണമെന്ന് കേന്ദ്ര സര്‍വകലാശാല അസോ.പ്രൊഫ. ഡോ.അമൃത് ജി കുമാര്‍ അഭിപ്രായപ്പെട്ടു. വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടന്ന ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തിന്റെ മുകളില്‍ നൃത്തം ചവിട്ടുന്ന ശകടാസുരന്മാരെ ഇല്ലാതാക്കാന്‍ ബാലഗോകുലത്തിന് കഴിയണം. ഗോകുലം എന്ന വാക്കിന് ധാരാളം അര്‍ത്ഥതലങ്ങളുണ്ട്. നാം ഓരോരുത്തരുടെ ഉള്ളിലുമുണ്ട് ഗോകുലം. ശ്രീകൃഷ്ണന്‍ ഗോകുലത്തില്‍ വളര്‍ന്നത് പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചാണ്. ആധുനിക സമൂഹവും ഓരോ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശ്രീകൃഷ്ണന്റെ കഥകള്‍ വെറും കഥകളായി മനസില്‍ സൂക്ഷിക്കേണ്ട ഒന്നല്ല, നാമെല്ലാവരും ശ്രീകൃഷ്ണന്മാരായി മാറേണ്ടിയിരിക്കുന്നു, അമൃത് ജി കുമാര്‍ തുടര്‍ന്നു. നൂറുകണക്കിന് പൂതനമാരെയും ശകടാസുരന്മാരെയും നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നമ്മെ സ്‌നേഹിച്ച് മുലയൂട്ടുമ്പോഴും അവസാനം വിഷത്തിന്റ അംശമുണ്ടെന്ന് നാം മനസിലാക്കുന്നില്ല. നമ്മെ മോഹിപ്പിച്ച നശിപ്പിക്കാന്‍ ശ്രമിക്കുന്ന മള്‍ട്ടിമീഡിയകളെയും ടി.വി.ചാനലുകളെയും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസ പ്രക്രിയപോലും ചിലസമയങ്ങളില്‍ ശകടാസുരനെപോലെയാണ്. ശകടാസുരന്‍ കയറിയിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും ഒന്നുമല്ലാതാകുന്നു. ഇതിനെതിരെ പ്രതികരിക്കാനുള്ള മാനസികമായ കൃഷ്ണ പരിവര്‍ത്തനമാണ് ബാലഗോകുലം ചെയ്യുന്നത്. കൃഷ്ണന്മാരെ കടഞ്ഞെടുക്കാനുള്ള കടകോലായി മാറി, ധര്‍മ്മത്തിന്റെ മുകളില്‍ നൃത്തം ചവിട്ടുന്ന ആധുനിക ശകടാസുരന്മാരെ ഇല്ലായ്മ ചെയ്യാന്‍ ബാലഗോകുലത്തിന് സാധിക്കമെണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളര്‍ത്തിക്കൊണ്ടുവരുന്ന പാഠ്യ രീതിയാണ് ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസുകളില്‍ നടക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ബാലഗോകുലം സംസ്ഥാന സമിതി അംഗവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ ടി.പി.രാജന്‍ മാസ്റ്റര്‍ പറഞ്ഞു. തനത് അഭിരുചി കുട്ടികളില്‍ വളര്‍ത്തേണ്ടതായിട്ടുണ്ട്. അത്യുല്‍കൃഷ്ടമായ മുദ്രാവാക്യങ്ങളില്‍ നിന്ന് ഇന്ത്യ നശിപ്പിക്കണമെന്ന മുദ്രാവാക്യത്തിലേക്ക് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നത് വ്യക്തമായ ദിശാബോധമുള്ള വിദ്യാഭ്യാസം നല്‍കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയില്‍ നിന്ന് രാഷ്ട്രത്തിലേക്കുള്ള മാറ്റം ഭാരതത്തില്‍ നടക്കുന്നുണ്ട്. നമ്മുടെ തിരിച്ചറിവിനെ മാറ്റിയെടുക്കുന്ന ഗൂഡോലോചനയുടെ തലം നാം മനസിലാക്കണം. അധര്‍മ്മത്തിനെതിരെ പ്രതികരിക്കുന്ന യുവജനതയെ വാര്‍ത്തെടുക്കലാണ് ബാലഗോകുലത്തിന്റെ കര്‍ത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ അദ്ധ്യക്ഷന്‍ കെ.വി.ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയരാമന്‍ മാടിക്കാല്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞമ്പു മേലത്ത് നന്ദിയും പറഞ്ഞു. എസ്എസ്എല്‍സി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാലഗോകുലം ഏര്‍പ്പെടുത്തിയ ഉപഹാരം ഡോ.അമൃത് ജി കുമാര്‍ വിതരണം ചെയ്തു. ഭാരവാഹികളായി ഡോ:എന്‍.മുരളീധരന്‍ (രക്ഷാധികാരി), കെ.വി.ഗണേശന്‍ (അദ്ധ്യക്ഷന്‍), പി.ഉണ്ണികൃഷ്ണന്‍ മധുരംപാടി (ഉപാദ്ധ്യക്ഷന്‍), ജയരാമന്‍ മാടിക്കാല്‍ (കാര്യദര്‍ശി), ബാബു.എം (സഹ കാര്യദര്‍ശി), മധു.പി (സംഘടനാ കാര്യദര്‍ശി), കുഞ്ഞബു മേലത്ത് (ഖജാന്‍ജി), ചേതന (ഭഗിനി പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു. ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ സമ്മേളനം കേന്ദ്ര സര്‍വകലാശാല അസോ.പ്രൊഫ. ഡോ. അമൃത് ജി കുമാര്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.