ടി.എസ്. ജോണിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Monday 27 June 2016 4:05 pm IST

തിരുവനന്തപുരം: മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന ടി.എസ്. ജോണിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് സഭ ചേര്‍ന്നയുടനേ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചരമോപചാരം അര്‍പ്പിച്ചു. ഏത് പദവികള്‍ വഹിക്കുമ്പോഴും ജനങ്ങളുമായുള്ള അസാധാരണബന്ധം അദ്ദേഹത്തിന്റെ സവിശേഷരീതിയായിരുന്നുവെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇത് പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. 36ാം വയസ്സിലാണ് ടി.എസ്. ജോണ്‍ സ്പീക്കറായതെങ്കിലും സഭയെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യത്തെ മുതിര്‍ന്ന അംഗങ്ങള്‍ പോലും പ്രശംസിച്ചിട്ടുണ്ട്. ടി.എസ്. ജോണിന്റെ നിര്യാണത്തോടെ കഴിവുറ്റ സാമാജികനെയും പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ ആദര്‍ശശാലിയായ രാഷ്ട്രീയ പ്രവര്‍ത്തകനെയും ഭരണാധികാരിയെയുമാണ് നഷ്ടമായതെന്നും സ്പീക്കര്‍ പറഞ്ഞു. നിയമനിര്‍മ്മാണസഭയിലും ഭരണനേതൃത്വത്തിലും ഒരപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു ടി.എസ്. ജോണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ജനകീയപ്രശ്‌നങ്ങളില്‍ പൊതുവായും മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ പ്രത്യേകമായും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. മാവേലി സ്‌റ്റോറുകളുടെ ആദ്യരൂപമായ കേരള സ്‌റ്റോറുകള്‍ രൂപീകരിച്ച് സംസ്ഥാനത്തിന് അദ്ദേഹം മാതൃക കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കര്‍ഷകരുടെ ശബ്ദമായിരുന്നു ടി.എസ്. ജോണ്‍ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗൂഡല്ലൂരിലെ കര്‍ഷകരുടെ കുടിയിറക്കിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. ലളിതജീവിതം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആദര്‍ശാധിഷ്ഠിതരാഷ്ട്രീയം അന്യംനില്‍ക്കുന്ന കാലത്ത് ടി.എസ്. ജോണ്‍ പുതുതലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശകമാണെന്ന് ബി.ജെ.പി പ്രതിനിധി ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. മന്ത്രി ഇ. ചന്ദ്രശേഖരന്‍, ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി മാത്യു.ടി.തോമസ്, പി.ജെ. ജോസഫ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേശ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, സ്വതന്ത്രാംഗം പി.സി. ജോര്‍ജ് എന്നിവരും സംസാരിച്ചു. നേതാക്കളുടെ അനുസ്മരണത്തിന് ശേഷം ഒരുനിമിഷം എഴുന്നേറ്റ്‌നിന്ന് സഭ ജോണിനോടുള്ള ആദരവ് പ്രകടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.