ശാപത്തിലൂടെ ലാഭം

Monday 27 June 2016 6:26 pm IST

അയോധ്യയിലെ രാജാവായ ദശരഥന്‍ വനത്തില്‍ മൃഗയാ വിനോദം നടത്തുന്ന സമയം. ഒരു ദിവസം ആനയാണെന്ന തെറ്റിദ്ധാരണയില്‍ ദശരഥന്‍ അയച്ച അമ്പേറ്റ് അന്ധരായ മുനിദമ്പതിമാരുടെ മകന്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ഏകമകന്‍ രാജാവിന്റെ അമ്പേറ്റ് കൊല്ലപ്പെട്ടെന്നറിഞ്ഞ അന്ധദമ്പതികള്‍ ഹൃദയംപൊട്ടി ദശരഥനെ ശപിച്ചു: 'അല്ലയോ രാജാവേ, ജന്മനാ അന്ധരും ഇപ്പോള്‍ വൃദ്ധരുമായിരിക്കുന്ന ഞങ്ങളുടെ ഏക ആശ്രയമായിരുന്നു അങ്ങയാല്‍ കൊല്ലപ്പെട്ട മകന്‍. മരിക്കുമ്പോള്‍ ഉദകക്രിയ ചെയ്ത്, കാത്തിരിക്കുന്ന നരകങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണ്ടവനായിരുന്നു അവന്‍. എന്നാല്‍, എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു. ഞങ്ങള്‍ ശരിക്കും അന്ധകാരത്തില്‍ ആണ്ടുപോയിരിക്കുന്നു.' ഒന്നുനിര്‍ത്തി ആ മുനി തുടര്‍ന്ന് പറഞ്ഞു: 'മകനില്ലാതെ ഞങ്ങളിനി ജീവിച്ചിരിക്കില്ല. പക്ഷേ, ഞങ്ങളുടെ ദുഃഖത്തിനു കാരണം താങ്കളാണ്. അതിനാല്‍ ഞാനിതാ അങ്ങയെ ശപിക്കാന്‍ പോകുന്നു; അങ്ങയുടെ മരണവും കൊടിയ പുത്രദുഃഖത്തിന് പാത്രമായിട്ട് തന്നെയാവും.' വൃദ്ധനായ അന്ധന്റെ ശാപം കേട്ട് ദശരഥന്‍ സന്തോഷിച്ച് അയാളോട് ചോദിച്ചു: 'താങ്കളുടെ ശാപം ശരിക്കും ഫലിക്കുമോ?' 'ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നത് എത്രമാത്രം സത്യമാണോ, അതേ സത്യം എന്റെ ശാപത്തിനുമുണ്ട്.' മുനിയുടെ വാക്കുകേട്ട് ദശരഥന്‍ സന്തോഷത്തോടെ പറഞ്ഞു: അല്ലയോ മുനിവര്യ! അങ്ങയുടെ ശാപം വരദാനമായാണ് ഞാന്‍ കാണുന്നത്. കാരണം ഇത്രയും കാലം ഞാന്‍ പുത്രനില്ലാതെ ദുഃഖിച്ച് കഴിയുകയായിരുന്നു. എന്നാല്‍ അങ്ങയുടെ ശാപഫലമായി ഞാനിതാ പുത്രസമ്പത്ത് നേടിക്കഴിഞ്ഞിരിക്കുന്നു. പുത്രനുണ്ടായിക്കഴിഞ്ഞതിന് ശേഷമുളള മരണം അതെങ്ങനെയായലും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇതില്‍പ്പരം അനുഗ്രഹം എനിക്കിനി കിട്ടാനില്ലല്ലോ!' മുനിയുടെ ശാപം ദശരഥനു ലാഭമായി മാറി. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.