ഭാരതത്തിന്റെ നയതന്ത്ര വിജയം: ബ്രിട്ടീഷ് തടവിലായ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി

Monday 27 June 2016 10:18 pm IST

മട്ടാഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ ഗതിവേഗ ഇടപെടലിനെ തുടര്‍ന്ന് ബ്രിട്ടീഷ് ജയിലില്‍ തടവിലാക്കിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി. ഒന്നര മാസത്തിലെറെയുള്ള ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസം 19 മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി കൊച്ചിയിലെത്തി. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളുടെ വിജയമായാണ് വിവിധ മേഖലകള്‍ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ മെയ് 29നാണ് ഇന്ത്യന്‍ സമുദ്രത്തില്‍ ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള ദ്വീപിന് സമീപം മത്സ്യ ബന്ധനം നടത്തുകയായിരുന്ന ഇന്ത്യന്‍മത്സ്യ ബന്ധന ബോട്ടും തൊഴിലാളികളെയും ബ്രിട്ടീഷ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. ഡീഗോ ഗാര്‍ഷ്യയിലെ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമങ്ങളും തുടങ്ങി. കൊച്ചിയില്‍ നിന്ന് മെയ് 14ന് പുറപ്പെട്ട മത്സ്യ ബന്ധന യാനത്തില്‍ ഏഴ് മലയാളികളും പതിനൊന്ന് തമിഴ്‌നാട്ടുകാരും ഒരു ആസാം സ്വദേശിയുമാണുണ്ടായത്. തിരുവനന്തപുരം സ്വദേശിയുടെ 'വാഴ് വിന്‍മന്ന എന്ന ബോട്ടിലെ തൊഴിലാളികളുടെ മോചനത്തിനായി കേരള ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിയമ്മ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംഭാഷണവും നടത്തി. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിരക്കിട്ട നടപടികള്‍ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കകം കേന്ദ്ര സര്‍ക്കാര്‍ 6,40,000 രൂപ പിഴയായി ബ്രിട്ടിഷ് കോടതിയില്‍ അടച്ചാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. ഇതിന് മുമ്പ് അതിര്‍ത്തി ലംഘനം നടത്തി പിടികൂടിയ നാല് പേര്‍ പിടി കൂടിയ സംഘത്തിലുണ്ടായതാണ് കര്‍ശന നടപടിക്കും ജയില്‍വാസത്തിനുമിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതിനകം വിവിധ ഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളിലകപ്പെട്ടവരെ നാട്ടിലെത്തിച്ച കേന്ദ്ര സര്‍ക്കാറിന്റെ നയതന്ത്ര വിജയത്തിന്റെ മറ്റൊരു നേട്ടമായാണ് മത്സ്യത്തൊഴിലാളി സമൂഹം ഇതിനെ വിലയിരുത്തുന്നത്. മോചിതരായി കൊച്ചിയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കും നന്ദി' പറഞ്ഞ് നാട്ടിലേയ്ക്ക് തിരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.