കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്ക് റബ്ബര്‍ കര്‍ഷകര്‍ സംരക്ഷകരാകുന്നു എം.ആര്‍. അനില്‍കുമാര്‍

Monday 27 June 2016 10:35 pm IST

കോട്ടയം: ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി റബ്ബര്‍ബോര്‍ഡ് അടച്ച് പൂട്ടാനൊരുങ്ങുന്ന കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്ക് കര്‍ഷകര്‍ സംരക്ഷകരാകുന്നു. ബോര്‍ഡ് നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്ന 49 ഫീല്‍ഡ് ഓഫീസുകളുടെ സംരക്ഷണത്തിനാണ് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുള്ളത്. ഫീല്‍ഡ് ഓഫീസുകള്‍ക്കായി എടുത്തിട്ടുള്ള കെട്ടിടങ്ങളുടെ വാടക കുറവ് ചെയ്‌തെങ്കില്‍ മാത്രമേ ഇവ നിലനിര്‍ത്താന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു റബ്ബര്‍ബോര്‍ഡ്. വാടക കുറവ് ചെയ്ത് നല്‍കാന്‍ കെട്ടിട ഉടമകള്‍ തയ്യാറാകാതെ വന്നതോടെയാണ് ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ടത്. എന്നാല്‍ വാടക ഇല്ലാതെ കെട്ടിടങ്ങള്‍ വിട്ടുനല്‍കാമെന്ന വാഗ്ദാനവുമായി റബ്ബര്‍ ഉദ്പാദക സംഘങ്ങളാണ് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ഇത്തരത്തില്‍ ഒമ്പതോളം ഓഫീസുകള്‍ കണ്ടെത്താന്‍ ഉദ്പാദക സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ഈ ~ഒന്‍പത് ഓഫീസുകള്‍ തുറന്നു കേന്ദ്രസര്‍ക്കാര്‍പ്രവര്‍ത്തിപ്പിക്കാന്‍ നടപടിസ്വീകരിക്കാമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍ നിലവിലുള്ള ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ആവശ്യമായ ചെലവ് കര്‍ഷകര്‍തന്നെ വഹിക്കണം എന്ന ആവശ്യം ചില ഉദ്യോഗസ്ഥര്‍ മുമ്പോട്ട് വച്ചിട്ടുള്ളതുമൂലം ആഫീസുകള്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചെയര്‍മാന്റെ ഉറപ്പിനെ മറികടന്ന് പുതിയ നിബന്ധനകള്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ വയ്ക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥര്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കമ്മിറ്റികള്‍ രൂപീകരിച്ച് കര്‍ഷകര്‍ സ്വയം പിരിവെടുത്താണ് വാടക കണ്ടെത്തുന്നത്. നിലമ്പൂര്‍ റീജിയണിന് കീഴിലുള്ള വണ്ടൂര്‍, എടവണ്ണ, കോട്ടയം റീജിയണിലെ പാമ്പാടി, പാലായിലെ അളനാട്, കൊല്ലപ്പള്ളി, മഞ്ചേരിയിലെ പാണ്ടിക്കാട് എന്നിവിടങ്ങളിലാണ് ഉദ്പാദക സംഘങ്ങള്‍ വാടകയില്ലാതെ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പൂഞ്ഞാറിലും തീക്കോയിലും ഗ്രാമപഞ്ചായത്തുകളാണ് കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറായത്. റബ്ബര്‍ മേഖലയുടെ സമഗ്രവളര്‍ച്ച ലക്ഷ്യംവച്ച് കേന്ദ്രസര്‍ക്കാര്‍ വിലത്തകര്‍ച്ച, വിളനാശം എന്നിവയില്‍നിന്നും കര്‍ഷകരെ സംരക്ഷിക്കുവാന്‍ ആയിരം കോടി രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ അടുത്ത ആഗസ്റ്റോടെ ദേശീയ റബ്ബര്‍ നയവും പ്രഖ്യാപിക്കാനിരിക്കുന്നു. കര്‍ഷകരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഓഫീസുകള്‍ ഇല്ലാതാകുന്നത് ഭാവി വികസനത്തിന് വഘാതമാകാന്‍ ഇടയുണ്ട്. അഞ്ചുലക്ഷം കര്‍ഷകര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഫീല്‍ഡ് ഓഫീസുകള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് പറിച്ചുനടമ്പോള്‍ കര്‍ഷകര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇടയുണ്ട്. പദ്ധതികളുടെ നടത്തിപ്പിനെയും ഇത് ബാധിക്കാം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കാണുന്ന ഫീല്‍ഡ് ഓഫീസര്‍മാരും കൃഷിക്കാരുമായുള്ള ബന്ധം ഇല്ലാതാവാനും ഇത് കാരണമായേക്കാം. കൃഷിയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് സഹായകകരമാകുമായിരുന്ന ഈ ആഫീസുകള്‍ ഇല്ലാതാകുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയായേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.